| Friday, 10th April 2026, 11:49 pm

യു.പിയില്‍ ബി.ജെ.പിയുടെ ആജ്ഞ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം: അഖിലേഷ് യാദവ്

അനിത സി

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗപ്പെടുത്തിയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

യഥാര്‍ത്ഥ വിഷയങ്ങളില്‍ പരാജയപ്പെടുമ്പോള്‍ ബി.ജെ.പി കേന്ദ്ര സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.

എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ ബി.ജെ.പിയുടെ ആജ്ഞ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. യു.പിയിലെ ഉപതെരഞ്ഞെടുപ്പുകളില്‍ കമ്മീഷന്‍ ബി.ജെ.പിയുടെ നിര്‍ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിച്ചത്.

യഥാര്‍ത്ഥ വിഷയങ്ങളില്‍ പരാജയപ്പെടുമ്പോള്‍ തിരിച്ചടിക്കാന്‍ കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് പിന്നില്‍ ഒളിക്കുകയാണ് ബി.ജെ.പിയെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

രാജസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോപണം. യു.പിയില്‍ എസ്.ഐ.ആര്‍ നടത്തിയതിന് ശേഷം വോട്ടര്‍ പട്ടിക പുറത്തുവിട്ട സാഹചര്യത്തിലായിരുന്നു അഖിലേഷ് ബി.ജെ.പിയെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും നിശിതമായി വിമര്‍ശിച്ചത്.

അതേസമയം, എസ്.ഐ.ആര്‍ നടപ്പാക്കിയതിന് ശേഷം ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച പുറത്തിറക്കിയ അന്തിമ വോട്ടര്‍ പട്ടികയില്‍ 84 ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനവുണ്ടായി.

ജനുവരിയില്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 12.55 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. പുതിയ പട്ടികയില്‍ 13.39 കോടി വോട്ടര്‍മാരാണുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നവ്ദീപ് റിന്‍വ അറിയിച്ചു.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് 107 പരാതികള്‍ ലഭിച്ചിരുന്നെന്നും അതെല്ലാം തീര്‍പ്പാക്കിയെന്നും റിന്‍വ പ്രതികരിച്ചു. ഭൂരിഭാഗം പരാതികളും നല്‍കിയത് സമാജ്‌വാദി പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Election Commission is working at the behest of BJP in UP: Akhilesh Yadav

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more