മലപ്പുറം:വീരനാട്യം നാടക വിവാദത്തിൽ കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കന്ററി സ്കൂൾ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ പ്രതികരിച്ച് നാടക സംവിധായകനും കോ റൈറ്ററുമായ റഫീഖ് മംഗലശ്ശേരി.
നാടകത്തിലഭിനയിച്ച കുട്ടികൾക്ക് സഹായം നൽകിയ അധ്യാപകനെതിരെ നടപടിയെടുക്കുമെന്ന് സ്കൂൾ മാനേജ്‍മെന്റ് നേരത്തെ പറഞ്ഞിരുന്നു. ഇതിനെ അപലപിച്ചാണ് റഫീഖ് മംഗലശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നാടകമായി തെരഞ്ഞെടുത്ത വീരനാട്യം സംസ്ഥാന കലോത്സവത്തിന് അയക്കില്ലെന്ന സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എയും നേരത്തെ അറിയിച്ചിരുന്നു.
നാടകം ചെയ്യാൻ വേണ്ടിയാണ് കോട്ടൂർ സ്കൂളിലേക്ക് സ്കൂളിലെ അധ്യാപകനായ ഷൗക്കത്ത് തന്നെ വിളിക്കുന്നതെന്നും അദേഹം തന്നോട് ഞങ്ങളുടെ സ്കൂൾ ആദ്യമായാണ് നാടകം ചെയ്യുന്നതെന്നും സംസ്ഥാന തലത്തിൽ നാടകം കളിക്കണമെന്നും പറഞ്ഞെന്ന് റഫീഖ് പറഞ്ഞു.
കഥയെയും നാടക രീതിയെയും പറ്റി ഒരിക്കലും ഷൗക്കത്ത് സർ ചോദിക്കുകയോ ഇടപെടുകയോ ചെയ്തിരുന്നില്ലെന്നും രാത്രികാല റിഹേഴ്സലിൽ അദ്ദേഹം കുട്ടികൾക്ക് ഭക്ഷണവുമായി വന്നിരുന്നത് മാത്രമാണ് ഉണ്ടായതെന്നും റഫീഖ് കൂട്ടിച്ചേർത്തു.
എന്നാൽ നാടകം വിവാദമായതോടെ അധ്യാപകനെതിരെ നടപടിയെടുക്കാനാണ് സ്കൂൾ മാനേജ്‍മെന്റിന്റെ തീരുമാനമെന്നും അദ്ദേഹത്തിനെതിരെ ചാപ്പ കുത്തുന്നതിലേക്കടക്കം കാര്യങ്ങൾ നീങ്ങിയെന്നും റഫീഖ് വ്യക്തമാക്കി.
നാടകത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും തനിക്കാണെന്നും താനാണ് നാടകം സംവിധാനം ചെയ്തതെന്നും അധ്യാപകനെതിരായുള്ള നടപടിക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ചനാടകമായി തെരഞ്ഞെടുത്ത വീരനാട്യം സംസ്ഥാന കലോത്സവത്തിന് അയക്കില്ലെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും തീരുമാനത്തില്‍ നാടകത്തിന്റെ ഭാഗമായ വിദ്യാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരും നിരാശരായിരുന്നു .
സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് പിന്നാലെയാണ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരവും ലഭിച്ച കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ‘വീരനാട്യം’നാടകം സംസ്ഥാന കലോത്സവത്തിന് അയക്കേണ്ടെന്ന് തീരുമാനിച്ചത്.
വീരനാട്യം സംസ്ഥാന കലോത്സവത്തിന് അയക്കില്ലെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും തീരുമാനത്തില്‍ നാടകത്തിന്റെ ഭാഗമായ വിദ്യാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരും നിരാശരായിരുന്നു.
സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് പിന്നാലെയാണ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരവും ലഭിച്ച കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ‘വീരനാട്യം’നാടകം സംസ്ഥാന കലോത്സവത്തിന് അയക്കേണ്ടെന്ന് തീരുമാനിച്ചത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
വീരനാട്യം സംസ്ഥാന കലോത്സവത്തിലേക്കില്ല !!
സംഘ് പരിവാറിന്റെ ഭീഷണിയെ തുടർന്ന് നാടകം അവതരിപ്പിച്ച സ്കൂൾ വീരനാട്യം പിൻവലിച്ചിരിക്കുന്നു …! എന്റെ കിത്താബ് നാടകം ഇസ്ലാമിക തീവ്രവാദികൾക്ക് മുമ്പിൽ കീഴടങ്ങിയത് പോലെ, സംഘ്പരിവാരിന്റെ മുമ്പിലും സാംസ്കാരിക കേരളം കീഴടങ്ങിയിരിക്കുന്നു …….! അതൊക്കെ അവിടെ നിൽക്കട്ടെ ….,മറ്റൊരു കാര്യം പറയാനാണ് ഞാൻ ഈ പോസ്റ്റിടുന്നത്! നാടകം ചെയ്യാൻ വേണ്ടി കോട്ടൂർ സ്കൂളിലേക്ക് എന്നെ വിളിക്കുന്നത് ആ സ്കൂളിലെ അധ്യാപകനായിരുന്ന ഷൗക്കത്ത് സാറായിരുന്നു …!! അദേഹം എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം…..
“ഞങ്ങടെ സ്കൂൾ ആദ്യമായാണ് നാടകം ചെയ്യുന്നത് …. നമുക്ക് സംസ്ഥാനത്ത് നാടകം കളിക്കണം ” എന്ന് മാത്രമാണ്…..!
കഥയെ പറ്റിയോ നാടക രീതിയോ പറ്റിയോ ഒരു ഘട്ടത്തിലും ഷൗക്കത്ത് സാർ ചോദിക്കുകയോ ഇടപെടുകയോ ചെയ്തിരുന്നില്ല …! രാത്രികാല റിഹേഴ്സലിൽ ഷൗക്കത്ത് സാർ കുട്ടികൾക്ക് ഭക്ഷണവുമായി വരാറുണ്ടെന്ന് മാത്രം ! നാടകം സംവിധായകന്റെ കലയാണെന്ന് കൃത്യമായ ബോധ്യമുള്ള മനുഷ്യനായിരുന്നു ഷൗക്കത്ത് സാർ …. അതുകൊണ്ട് തന്നെ അദ്ദേഹമൊരിക്കലും പ്രമേയത്തിൽ ഇടപെടുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല …. അതൊക്കെ സംവിധായകന്റെ സ്വാതന്ത്ര്യമല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട് !
എന്നാൽ…., നാടകം വിവാദമായതോടെ ഷൗക്കത്ത് സാറിനെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്യാൻ ഒരുങ്ങുകയാണ് …..!
സംഘികൾ അയാളുടെ പേര്, ഷൗക്കത്ത് എന്നായത് കൊണ്ട് തീവ്രവാദി ചാപ്പ കുത്തി ഇസ്ലാമിക തീവ്രവാദിയാക്കാൻ ശ്രമിക്കുകയാണ് …..!
അത് ഒരിക്കലും അനുവദിക്കാനാവില്ല ! കാരണം , ആ നാടകത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം എനിക്കാണ് ….! ഞാനാണ് ആ നാടകം സംവിധാനം ചെയ്തത് ….! ഞാനും ശരത് പ്രാകാശും ചേർന്നാണ് ആ നാടകം എഴുതിയത് !
അതുകൊണ്ട് , ഷൗക്കത്ത് സാറിനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ സാംസ്കാരിക കേരളം അണി ചേരണം ….!
മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പറ്റിയുള്ള കിത്താബ് നാടകം ഞാനാണ് ചെയ്തത് …..! അന്ന് നിങ്ങൾ അതിനു വേണ്ടി കയ്യടിച്ചവരല്ലേ…..?
ഞാനിടുന്ന ഇസ്ലാമിക വിമർശനങ്ങൾക്ക് ഫെയ്സ് ബുക്കിൽ വന്ന് ലൈക്കടിക്കുന്നവരല്ലേ നിങ്ങൾ …? കിത്താബ് ചെയ്തപ്പോൾ ഞാൻ നിങ്ങൾക്ക് വലിയ മതേതരവാദിയായിരുന്നല്ലോ…..!
പിന്നെങ്ങിനെയാണ് വീരനാട്യം നാടകം ചെയ്തപ്പോൾ ഞാൻ നിങ്ങൾക്ക് ഇസ്ലാമിക തീവ്രവാദിയായി മാറിയത് ?!
Content Highlight: Veeranatyam drama controversy; Drama director Rafeeq Mangalassery condemns action against teacher