| Tuesday, 2nd June 2026, 3:26 pm

ബക്കറ്റ് എടുത്ത് ഒരു പോക്ക് പോയതാ... ഇപ്പോഴാണ് പൊന്തിയത്; യാമി സഹദേവനെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ

നന്ദന എം.സി

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 3. ജോർജ്‌കുട്ടിയായി മോഹൻലാൽ വീണ്ടും എത്തുന്ന ചിത്രം പ്രഖ്യാപിച്ച നിമിഷം മുതൽ തന്നെ സിനിമയെ ചുറ്റിപ്പറ്റി വലിയ ആവേശമായിരുന്നു.

കുടുംബത്തെ രക്ഷിക്കാൻ ഏത് അറ്റം വരെയും പോകുന്ന ജോർജ്‌കുട്ടിയുടെ പുതിയ നീക്കങ്ങൾ എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയോടെയാണ് ആരാധകർ തിയേറ്ററുകളിലെത്തിയത്. എന്നാൽ റിലീസിന് പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

മോഹൻലാലിന്റെ പ്രകടനം പതിവുപോലെ മികച്ചതായിരുന്നുവെന്ന അഭിപ്രായം പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ടെങ്കിലും, തിരക്കഥയും ചില കഥാപാത്രങ്ങളുടെ അവതരണവും പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച.

ദൃശ്യം3, Photo: YouTube/Screengrab

പ്രത്യേകിച്ച് വലിയ ഹൈപ്പോടെ അവതരിപ്പിക്കപ്പെട്ട ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവ് വേണ്ടത്ര ആഘാതം സൃഷ്ടിച്ചില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇതിനിടെ ചിത്രത്തിലെ മറ്റൊരു കഥാപാത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. നടി വീണ നന്ദകുമാർ അവതരിപ്പിച്ച യാമി സഹദേവൻ എന്ന കഥാപാത്രമാണ് ഇപ്പോൾ ട്രോളുകളുടെയും മീമുകളുടെയും കേന്ദ്രബിന്ദു. ചിത്രത്തിൽ മാധ്യമപ്രവർത്തകയായാണ് യാമി എത്തുന്നത്.

എന്നാൽ സിനിമയുടെ തുടക്കത്തിൽ തന്നെ യാമി സഹദേവന്റെ മകളാണെന്ന സൂചനകൾ വ്യക്തമായി ലഭിക്കുന്നതിനാൽ, ആ വെളിപ്പെടുത്തൽ പ്രേക്ഷകർക്ക് വലിയ സർപ്രൈസായി തോന്നിയില്ലെന്നാണ് പലരും പറയുന്നത്.

ദൃശ്യം3, Photo: YouTube/Screengrab

അതേസമയം, കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പം മറ്റൊരു കാരണവും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ചിത്രത്തിലെ ചില രംഗങ്ങളിൽ ബക്കറ്റുമായി നടക്കുന്ന യാമിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ട്രോളൻമാരുടെ പ്രിയപ്പെട്ട വിഷയം.

സിനിമ കണ്ടിറങ്ങിയതിന് പിന്നാലെ തന്നെ നിരവധി മീമുകളും തമാശ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വീണ നന്ദകുമാർ പങ്കുവച്ച പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റ് സെക്ഷനും ഇതേ ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ബക്കറ്റ് എടുത്ത് ഒരു പോക്ക് പോയതാ… ഇപ്പോഴാണ് പൊന്തിയത്, എല്ലാവർക്കും ആ ബക്കറ്റ് എവിടെ പോയെന്നറിയണം, നിങ്ങൾ ആ ബക്കറ്റുമായി പോയതെങ്ങോട്ടാണ് എന്നതാണ് കേരളത്തിലെ പ്രധാന ചർച്ചാവിഷയം, കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം മികച്ചൊരു റോൾ കിട്ടിയെന്ന് കരുതിയതായിരുന്നു, അപ്പോഴേക്കും ബക്കറ്റും പൊക്കിക്കൊണ്ട് എത്തി തുടങ്ങിയ രസകരമായ കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.

സോഷ്യൽ മീഡിയയിലെ ട്രോളുകൾ പലപ്പോഴും സിനിമകളിലെ ചെറിയ രംഗങ്ങളെ പോലും വലിയ ചർച്ചകളാക്കി മാറ്റാറുണ്ട്. യാമി സഹദേവന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്.

കഥാപാത്രത്തിന്റെ പ്രാധാന്യത്തേക്കാൾ ബക്കറ്റുമായി ബന്ധപ്പെട്ട രംഗങ്ങളാണ് പ്രേക്ഷകർ കൂടുതൽ ഓർമിക്കുന്നത് എന്നതാണ് കൗതുകകരം.

ദൃശ്യം3, Photo: YouTube/Screengrab

സിനിമയെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ യാമിയും ആ ബക്കറ്റും ഇപ്പോൾ മലയാളി സോഷ്യൽ മീഡിയയുടെ സ്ഥിരം തമാശ വിഷയമായി മാറിയിരിക്കുകയാണ്.

ട്രോളുകൾ വിമർശനത്തിന്റെ ഭാഗമായാലും, ഒരു കഥാപാത്രത്തെ ഇത്രയധികം ആളുകൾ ചർച്ച ചെയ്യുന്നത് തന്നെ ആ കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയെന്നതിന്റെ തെളിവാണെന്നാണ് ചിലരുടെ വിലയിരുത്തൽ.

എന്തായാലും ദൃശ്യം 3 റിലീസിന് ശേഷമുള്ള സോഷ്യൽ മീഡിയ ചർച്ചകളിൽ യാമി സഹദേവനും ആ ബക്കറ്റും ഇപ്പോൾ പ്രധാന താരങ്ങളായി മാറിക്കഴിഞ്ഞു.

Content Highlight: Veena Nandakumar trolled on social media

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more