| Wednesday, 20th May 2026, 9:22 pm

കാണുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ലെന്ന് തോന്നും , മോണിറ്ററില്‍ പോയി നോക്കുമ്പോഴാണ് ഞെട്ടുക: വീണ നന്ദകുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

2017 ല്‍ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത അഭിനേത്രിയാണ് വീണ നന്ദകുമാര്‍. എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലെ റിന്‍സി എന്ന കഥാപാത്രമായാണ് താരം മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. ആസിഫ് അലിയുടെ കരിയറിലെ തന്നെ മികച്ച പെര്‍ഫോമന്‍സ് കണ്ട ചിത്രത്തിന് ശേഷം വീണ ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു.

അഭിമുഖത്തില്‍ നിന്നും. Photo: Screen Grab/ Aashirvadh Cinemas/ youtube.com

ഇന്ത്യന്‍ സിനിമാ ലോകം ഒട്ടാകെ ഉറ്റുനോക്കുന്ന മലയാള ചിത്രം ദൃശ്യം 3യാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മലയാള സിനിമയുടെ ഗതി തന്നെ മാറ്റിമറിക്കാന്‍ കാരണമായ ദൃശ്യത്തിന് മൂന്നാം ഭാഗമൊരുങ്ങിയപ്പോള്‍ ഫ്രാഞ്ചൈസിലേക്ക് പുതുതായി എത്തുന്ന അഭിനേത്രിയാണ് വീണ. മലയാള സിനിമയുടെ അതുല്യ കലാകാരനായ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് വീണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. താരത്തെ കുറിച്ച് പറയാന്‍ താനാളല്ലെന്നും എല്ലാവര്‍ക്കും അറിയുന്ന പോലെ അദ്ദേഹം ഒരു ഇതിഹാസമാണെന്നും വീണ പറയുന്നു. ലാല്‍ സാറിന് ഒപ്പം നിന്ന് അഭിനയിക്കുമ്പോള്‍ അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്ന് തോന്നുമെന്നും എന്നാല്‍ മോണിറ്ററില്‍ പോയി നോക്കുമ്പോഴാണ് നമ്മള്‍ ഞെട്ടി പോകുന്നതെന്നും താരം പറയുന്നു. അത്രയും മൈന്യൂട്ടായിട്ടുള്ള എക്‌സ്‌പ്രെഷന്‍സെല്ലാം ആ മൊമന്റില്‍ വരുന്നത് ഭയങ്കര കഴിവാണെന്നും വീണ കൂട്ടിച്ചേര്‍ത്തു.

ദൃശ്യം 3. Photo: District

ഏപ്രില്‍ രണ്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് റിലീസ് മെയ് 21ലേക്ക് മാറ്റുകയായിരുന്നു. മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്. റിലീസ് ചെയ്തതിന് ശേഷം പോസിറ്റീവ് റിവ്യൂസ് ചിത്രത്തിന് ലഭിക്കുകയാണെങ്കില്‍ മലയാള സിനിമയിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കാന്‍ സാധ്യതയുള്ള പ്രൊജക്ടായാണ് ചിത്രത്തെ ആരാധകര്‍ നോക്കിക്കാണുന്നത്.

Content Highlight: Veena Nandakumar talks about Mohanlal’s acting in rishyam 3 Set

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more