| Friday, 22nd May 2026, 4:02 pm

കൈയിലൊരു ബക്കറ്റും പിടിച്ച് വന്നതാ... പിന്നീട് കണ്ടിട്ടില്ല... ദൃശ്യം 3യില്‍ ജീത്തു ജോസഫ് മറന്നുവെച്ച വീണ

അമര്‍നാഥ് എം.

മോളിവുഡിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ആരാധകര്‍ ആഘോഷമാക്കുകയാണ്. റിലീസിന് മുമ്പ് 20 കോടിയിലേറെ പ്രീ സെയിലിലൂടെ നേടിയ ചിത്രം മോളിവുഡിലെ അടുത്ത 100 കോടി ചിത്രമായി മാറുമെന്ന് ഉറപ്പാണ്.

ദൃശ്യം എന്ന ബ്രാന്‍ഡിന്റെ ഹൈപ്പ് മൂന്നാം ഭാഗത്തിന്റെ വിജയത്തില്‍ പ്രധാന ഘടകമാകുമെന്ന് ഉറപ്പാണ്. റിലീസിന് മുമ്പ് സംവിധായകന്‍ പറഞ്ഞതുപോലെ ട്വിസ്റ്റിനും സസ്‌പെന്‍സിനുമപ്പുറം കഥാപാത്രങ്ങളുടെ ഇമോഷനുകള്‍ക്കാണ് സംവിധായകന്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രധാന കോണ്‍ഫ്‌ളിക്റ്റിലേക്ക് മാത്രം ശ്രദ്ധ നല്‍കിയപ്പോള്‍ പല കാര്യത്തിലും ജീത്തു ജോസഫ് എന്ന എഴുത്തുകാരന്‍ ഈ സിനിമയില്‍ പിന്നോട്ട് പോയി.

വീണ നന്ദകുമാര്‍ Photo: Screen grab/ Aashirvad Cinemas

അതിലൊന്നാണ് വീണ നന്ദകുമാര്‍ അവതരിപ്പിച്ച കഥാപാത്രം. ട്രെയ്‌ലറില്‍ വളരെ പ്രധാന്യത്തോടെ കാണിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു വീണയുടേത്. ജോര്‍ജുകുട്ടിയെ കുടുക്കാന്‍ വേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകയായാണ് വീണ ദൃശ്യം 3യില്‍ പ്രത്യക്ഷപ്പെട്ടത്. ട്രെയ്‌ലറെല്ലാം കണ്ടപ്പോള്‍ ആദ്യഭാഗത്തിലെ ഷാജോണിനെയും രണ്ടാം ഭാഗത്തിലെ മുരളി ഗോപിയെയും പോലെ ഗംഭീര കഥാപാത്രമാകും ഇതെന്ന് കരുതിയിരുന്നു.

അതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യപകുതി. ജോര്‍ജുകുട്ടിയുടെ കേസില്‍ പൊലീസിന് വരെ താത്പര്യം നഷ്ടപ്പെട്ടിട്ടും അയാളുടെ യഥാര്‍ത്ഥ കഥ ലോകത്തോട് വിളിച്ചുപറയാന്‍ ശ്രമിക്കുന്ന യാമി എന്ന മാധ്യമപ്രവര്‍ത്തക ഫസ്റ്റ് ഹാഫില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. അയാളുടെ കഥയിലെ ലൂപ്‌ഹോളുകളിലൂടെ അന്വേഷണം നടത്തുന്ന ഭാഗം അത്യാവശ്യം കൊള്ളാമായിരുന്നു.

വീണ നന്ദകുമാര്‍ Photo: Screen grab/ Aashirvad Cinemas

എന്നിരുന്നാലും പല കഥാപാത്രങ്ങളെയും യാമി പരിചയപ്പെടുന്ന സീനുകള്‍ അങ്ങേയറ്റം ഫോഴ്‌സ്ഫുള്ളായിരുന്നു. പ്ലാസ്റ്റിക് എഴുത്തും പ്രകടനവുമായി സിനിമയുടെ ഗ്രാഫിനെത്തന്നെ ഈ സീനുകള്‍ ബാധിച്ചു. അടുത്തത് എന്ത് നടക്കും എന്ന് പോലും മുന്‍കൂട്ടി പ്രവചിക്കാന്‍ ഈ സീനുകളില്‍ സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഈ കഥാപാത്രം ശരിക്കും ആരാണെന്ന് രണ്ടാം പകുതിയില്‍ റിവീല്‍ ചെയ്യുന്നുണ്ട്. ഏറെക്കുറെ പ്രഡിക്ടബിളായിട്ടുള്ള സീനായിരുന്നു അത്. ഈയൊരു റിവീലിങ് സീനിന് ശേഷം യാമി എന്ന കഥാപാത്രം സിനിമയിലുണ്ടെന്നുള്ള കാര്യം സംവിധായകന്‍ മറന്നുപോയെന്ന ചിന്തയായിരുന്നു. പിന്നീടുള്ള രണ്ട് സീനുകളിലും കൈയില്‍ ഒരു ബക്കറ്റും പിടിച്ച് രണ്ട് സീനില്‍ വരുന്നു എന്നതൊഴിച്ചാല്‍ കഥയിലൊന്നും ചെയ്യാന്‍ യാമി എന്ന കഥാപാത്രത്തിന് ഉണ്ടായിരുന്നില്ല.

ദൃശ്യം 3 Photo: Screen grab/ Aashirvad Cinemas

ക്ലൈമാക്‌സില്‍ കൂട്ടപ്പൊരിച്ചിലായി ഒരുപാട് ട്വിസ്റ്റുകള്‍ തന്നപ്പോഴും ഈയൊരു കഥാപാത്രത്തെ സ്‌ക്രീനിന്റെ പരിസരത്തേക്ക് സംവിധായകന്‍ അടുപ്പിച്ചതേയില്ല. വന്‍ ബില്‍ഡപ്പില്‍ കൊണ്ടുവന്ന് അവസാനം ഒന്നുമല്ലാതാക്കിയത് ജീത്തു എന്ന എഴുത്തുകാരന്റെ പരാജയമാണ്. മോഹന്‍ലാല്‍ എന്ന നടന്റെ പ്രകടനം ഒന്നുകൊണ്ടുമാത്രം മികച്ചുനിന്ന ചിത്രമെന്നേ ദൃശ്യം 3യെക്കുറിച്ച് പറയാനുള്ളൂ. നാലാം ഭാഗത്തിലെങ്കിലും ഇത്തരം വിമര്‍ശനങ്ങളെ വിലക്കെടുക്കുമെന്ന് കരുതുന്നു.

Content Highlight: Veena Nandakumar’s character in Drishyam 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more