ബോക്‌സ് ഓഫീസിലെ റെക്കോഡുകള്‍ പലതും തകര്‍ത്തതിന് ശേഷം ഒ.ടി.ടിയിലേക്കെത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെ ദൃശ്യം 3. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ദൃശ്യം 3 230 കോടിയിലേറെയാണ് കളക്ഷന്‍ നേടിയത്. ദൃശ്യം എന്ന ഫ്രാഞ്ചൈസിയും മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡും കാരണമാണ് ഇത്രയും കളക്ഷന്‍ ലഭിക്കാന്‍ കാരണം.
ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രത്തിന് വലിയ ട്രോളുകളാണ് ലഭിക്കുന്നത്. ലോജിക്കില്ലാത്ത സീനുകളും കഥാപാത്രങ്ങളെ ഉപയോഗിച്ച രീതിയുമെല്ലാം വലിയ വിമര്‍ശനം നേരിടുന്നുണ്ട്. തിയേറ്റര്‍ റിലീസ് സമയത്ത് ചെറിയ രീതിയില്‍ വിമര്‍ശനം നേരിട്ട സീനുകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ട്രോളുകയാണ്.
വീണ നന്ദകുമാര്‍ Photo: Screen grab/ Aashirvad Cinemas
അത്തരത്തിലൊന്നാണ് വീണ നന്ദകുമാര്‍ അവതരിപ്പിച്ച യാമി എന്ന കഥാപാത്രം. ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്റെ മകളാണ് യാമി. ജോര്‍ജുകുട്ടിയെ പൂട്ടാന്‍ വേണ്ടി നടക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് യാമി. വരുണ്‍ പ്രഭാകറിന്റെ കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമീപിക്കുന്ന യാമി കഥയില്‍ വലുതായി എന്തെങ്കിലും ചെയ്യുമെന്ന് കരുതിയെങ്കിലും പിന്നീട് ആ കഥാപാത്രത്തെ ഒന്നുമല്ലാതാക്കി കളഞ്ഞു.
രണ്ടാം പകുതിയില്‍ ആകെ രണ്ട് സീനില്‍ മാത്രമാണ് യാമിയെ കാണിക്കുന്നത്. രണ്ട് സീനിലും കൈയില്‍ ബക്കറ്റുമായി വരുന്നതുകൊണ്ട് ‘ബക്കറ്റ് സ്റ്റാര്‍’ എന്ന വിളിപ്പേരും ഇതോടെ വീണ നന്ദകുമാറിന് ട്രോളന്മാര്‍ നല്‍കി. സംവിധായകന്‍ ജീത്തു ജോസഫ് ഇത്തരം ട്രോളുകള്‍ ആസ്വദിക്കുന്നെന്ന് പറഞ്ഞ് ഈ മിസ്റ്റേക്കിനെ ന്യായീകരിക്കുകയും ചെയ്തു.
വീണ നന്ദകുമാര്‍ Photo: Troll Meme Malayalam/ Facebook
ഒ.ടി.ടി റിലീസിന് ശേഷം വീണയെ ട്രോളിക്കൊണ്ട് ധാരാളം പോസ്റ്റുകളുണ്ട്. ആദ്യം കണ്ടപ്പോള്‍ എന്തൊക്കെയോ ചെയ്യുമെന്ന് വിചാരിച്ച് അവസാനം ഒന്നുമല്ലാതാക്കി കളഞ്ഞു എന്നാണ് പലരും യാമിയെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. എന്ത് ചെയ്യണമെന്നറിയാതെ യാമിയെ എങ്ങോട്ടോ പറഞ്ഞയച്ച ജീത്തു ജോസഫ് ബ്രില്യന്‍സെന്നും കമന്റുകളുണ്ട്.
‘മോഹന്‍ലാല്‍ ഉണ്ടായിട്ടും വീണ ഒറ്റക്ക് തൂക്കിയ സീന്‍… ബക്കറ്റാണെന്ന് മാത്രം’, ‘ലാലേട്ടനെ വെച്ച് കല്യാണിന്റെ പരസ്യം കുത്തിക്കയറ്റിയപ്പോള്‍ വീണക്ക് ബക്കറ്റിന്റെ പരസ്യം കൊടുത്തു’, ‘റേഡിയേറ്ററില്‍ വെള്ളമൊഴിക്കാന്‍ ബക്കറ്റില്‍ വെള്ളമെടുക്കണമെന്ന അറിവ് നല്‍കിയതിന് നന്ദി’, ‘ബക്കറ്റുമായി പോയ ആ പാവത്തിനെ പിന്നെ കണ്ടിട്ടില്ല’ എന്നിങ്ങനെയാണ് കമന്റുകള്‍.
വീണ നന്ദകുമാര്‍ Photo: Troll Meme Malayalam/ Facebook
വീണ മാത്രമല്ല, ഷാജോണ്‍ അവതരിപ്പിച്ച സഹദേവനും ട്രോള്‍ മെറ്റീരിയലാണ്. വന്‍ ബില്‍ഡപ്പില്‍ കൊണ്ടുവന്ന സഹദേവന്‍ പിന്നീട് കോമാളി ലെവലിലേക്ക് മാറിയിരുന്നു. ക്രൂരത കാണിക്കാനായി കണ്ണ് ചുവപ്പിച്ചതും ക്ലൈമാക്‌സില്‍ ജോര്‍ജുകുട്ടിയുടെ മുന്നില്‍ കരഞ്ഞതുമെല്ലാം ട്രോളിനുള്ള വകുപ്പായി.
Content Highlight: Veena Nandakumar getting trolls after Drishyam 3 OTT release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ