| Monday, 22nd June 2026, 5:29 pm

സോണിയ ഗാന്ധിയെ മദാമ്മയെന്ന് വിളിച്ച സ്വഭാവത്തില്‍ മാറ്റമില്ല, വിടുവായിത്തം നിര്‍ത്തി ഏകോപനത്തോടെ നയിക്കൂ; മുരളീധരനെതിരെ വീണ ജോര്‍ജ്

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കേരളത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധത്തിലെ വീഴ്ചകളിലും നിയമസഭയിലെ വാദപ്രതിവാദങ്ങളിലും ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

സംസ്ഥാനത്ത് പനി ബാധിച്ച് 30 ദിവസത്തിനുള്ളില്‍ 87 പേര്‍ മരിച്ച സാഹചര്യത്തില്‍, ആരോഗ്യമന്ത്രി തന്റെ ഉത്തരവാദിത്വം മറക്കരുതെന്നും വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കണമെന്നും വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയപ്പോള്‍, പത്ത് വര്‍ഷത്തെ റീല്‍സും അഞ്ച് വര്‍ഷത്തെ വീണമീട്ടലുമാണ് പ്രശ്‌നം എന്ന തരത്തിലുള്ള പരാമര്‍ശമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.

സോണിയാ ഗാന്ധിയെ ‘മദാമ്മ’യെന്നും അഹമ്മദ് പട്ടേലിനെ ‘അലൂമിനിയം പട്ടേല്‍’ എന്നും വിളിച്ച പഴയ സ്വഭാവത്തില്‍ നിന്ന് അദ്ദേഹത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇത്തരം പ്രതികരണങ്ങള്‍ ഓര്‍മിപ്പിക്കുന്നുവെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ മന്ത്രിക്ക് പ്രശ്‌നമായി തോന്നാം. കാരണം, അന്ന് ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തിരുന്ന് ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞ് നീതിരഹിതമായി ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നില്‍ നിന്ന വ്യക്തിയാണ് ഇന്നത്തെ മന്ത്രി. അന്ന് അവര്‍ പറഞ്ഞ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ ശക്തമായി തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും വീണ ജോര്‍ജ് കുറ്റപ്പെടുത്തി.

എന്തുകൊണ്ടാണ് എല്‍.ഡി.എഫ് കാലത്തെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു മുരളീധരന് വീണ ജോര്‍ജ് മറുപടി നല്‍കിയത്.

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ (ശിവകുമാറിന്റെ) കാലത്ത് കേരളത്തില്‍ ഡെങ്കിപ്പനി മൂലമുള്ള മരണനിരക്ക് 0.8 ആയിരുന്നെങ്കില്‍, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.1 ലേക്ക് കുറയ്ക്കാന്‍ സാധിച്ചു.

യു.ഡി.എഫ് കാലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ഇടുക്കിയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങിയെങ്കിലും അതിന് അംഗീകാരം ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ഒന്നല്ല, നാല് മെഡിക്കല്‍ കോളേജുകളാണ് കേരളത്തില്‍ ആരംഭിച്ചതും അംഗീകാരം നേടിയെടുത്തതും. അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അവസാന വര്‍ഷ പഠനത്തിലേക്ക് കടക്കുകയാണ്.

യു.ഡി.എഫ് കാലത്ത് 12 ആയിരുന്ന ശിശുമരണ നിരക്ക്, 2025ഓടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെ 5.6 ലേക്ക് താഴ്ത്താന്‍ കഴിഞ്ഞു.

യു.ഡി.എഫ് കാലത്ത് 200 ആരോഗ്യ കേന്ദ്രങ്ങളില്‍ ലാബ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പിലാക്കിയില്ല. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യം ഉറപ്പാക്കി 1300 ലാബുകളുള്ള ഒരു വന്‍ ലാബ് ശൃംഖല കേരളത്തില്‍ സാക്ഷാത്കരിച്ചു. കൂടാതെ, എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രി തലത്തില്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ചികിത്സ ലഭ്യമാക്കുന്നതിനായി ‘കാത്ത് ലാബുകള്‍’ ആരംഭിക്കുകയും ചെയ്തുവെന്ന് വീണ ജോര്‍ജ് പറഞ്ഞു.

30 ദിവസത്തിനിടെ 87 പേര്‍ പനി ബാധിച്ച് മരിച്ചു എന്ന ഗൗരവമേറിയ യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നില്‍ക്കുമ്പോഴും ആരോഗ്യമന്ത്രി കാര്യങ്ങളെ വളരെ നിസ്സാരമായാണ് കാണുന്നത്. വിടുവായത്തങ്ങള്‍ ഒഴിവാക്കി, ആരോഗ്യവകുപ്പിനെ കൃത്യമായ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുകയാണ് മന്ത്രി ഇപ്പോള്‍ ചെയ്യേണ്ടതെന്നും മുന്‍ മന്ത്രി വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉത്തരവാദിത്വം മറക്കേണ്ട കെ. മുരളീധരന്‍. വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ. 30 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്.

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല എന്ന വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയപ്പോള്‍ ’10 വര്‍ഷത്തെ റീല്‍സും 5 വര്‍ഷത്തെ വീണമീട്ടലും ആണ് പ്രശ്‌നം’ എന്ന് കെ. മുരളീധരന്‍ പറഞ്ഞതായി കണ്ടു. സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ. മുരളീധരന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ട് ഇരിക്കുന്നു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ ആരോ?ഗ്യ മന്ത്രിക്ക് പ്രശ്‌നമാകാം. കാരണം അന്ന് ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞു അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തു നിന്ന് ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നില്‍ നിന്ന ആളുകളില്‍ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രി. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ പറഞ്ഞവരിലേക്ക് ശക്തമായി തിരിച്ചെത്തുന്നത് നാം കണ്ടുതുടങ്ങിയിട്ടുണ്ട്.

എന്തുകൊണ്ട് എല്‍.ഡി.എഫ് കാലത്തെ ആരോ?ഗ്യ മേഖലയിലെ പ്രവര്‍ത്തനം പ്രശ്‌നമായി മുരളീധരന് തോന്നുന്നു എന്നതിന് ഒന്നുരണ്ട് ഉദാഗരണങ്ങള്‍ മാത്രം നോക്കാം.

1) ശിവകുമാറിന്റെ കാലത്ത് ഡെങ്കിപ്പനി മൂലമുള്ള മരണനിരക്ക് കേരളത്തില്‍ 0.8 ആയിരുന്നത് കഴിഞ്ഞ ‘വീണമീട്ടലിന്റെ ‘കാലത്ത് 0.1 ആയി കുറച്ചു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക്.
2) യു ഡി എഫ് കാലത്ത് അടിസ്ഥാന സൗകര്യം ഇല്ലാതെ ഇടുക്കിയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങി. അംഗീകാരം കിട്ടിയില്ല. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തില്‍ തുടങ്ങിയത് ഒന്നല്ല 4 മെഡിക്കല്‍ കോളേജുകള്‍ ആണ്. അംഗീകാരവും ലഭിച്ചു. വിദ്യാര്‍ഥികള്‍ അവസാന വര്‍ഷത്തേക്ക് കടക്കുന്നു.
3 ) ശിശുമരണ നിരക്ക് യു ഡി എഫ് കാലത്ത് 12. 2025-ല്‍ എല്‍ഡിഎഫ് കാലത്ത് അത് 5.6
4) യു ഡി ഡഫ് കാലത്ത് 200 ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന ലാബ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചു; തുടങ്ങിയില്ല. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ എല്ലാ ആരോ?ഗ്യ കേന്ദ്രങ്ങളിലും ലാബുകള്‍ സാധ്യമാക്കി. 1300 ലാബുകളിലൂടെ ലാബ് ശൃംഖല കേരളത്തില്‍ സാക്ഷാത്കരിച്ചു. മാത്രമല്ല, എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രി തലത്തില്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ചികിത്സ സാധ്യമാക്കുന്നതിന് ‘കാത്ത് ലാബ്’ തുടങ്ങി. ഇങ്ങനെ തുടങ്ങി ആയിരക്കണക്കിന് കാര്യങ്ങള്‍.

30 ദിവസത്തിനിടെ 87 പേര്‍ പനി ബാധിച്ച് കേരളത്തില്‍ മരിച്ചു എന്ന യാഥാര്‍ത്ഥ്യത്തിന്റെ മുന്നിലാണ് ആരോഗ്യ മന്ത്രി നിസ്സാരമായി കാര്യങ്ങളെ കാണുന്നത്. വകുപ്പിനെ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടത്.

Content highlight: Veena George slams K Muraleedharan

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more