തിരുവനന്തപുരം: തനിക്കെതിരായ വ്യാജപ്രചരണങ്ങളില്‍ നിയമനടപടി സ്വീകരിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രസവം നിര്‍ത്തിയ ഒരാളുടെ ഭാര്യ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളറിഞ്ഞ ശേഷം വീണ്ടും പ്രസവിക്കണമെന്ന് വാശിപിടിക്കുന്നതായി മന്ത്രി പറഞ്ഞുവെന്ന തരത്തിലാണ് പ്രചരണം.
എന്നാല്‍ ഇത്തരത്തിലുള്ള നുണകള്‍ പല പ്രൊഫൈലുകളില്‍ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ തന്നെയായിരിക്കുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വ്യാജപ്രചരണങ്ങളില്‍ നിയമനടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
കേരളത്തിലെ ആരോഗ്യരംഗം കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടത്തെക്കുറിച്ച് താന്‍ ആവര്‍ത്തിച്ച് പറയാറുണ്ട്. എന്നാല്‍ താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വരികള്‍ എവിടെയെങ്കിലും പരാമര്‍ശിച്ചുവെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ചില പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമായാണ് മന്ത്രിക്കെതിരെ വ്യാജപ്രചരണം നടക്കുന്നത്
സത്യം പറഞ്ഞ് വോട്ട് നേടാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
‘തകര്‍ന്നടിയുക തന്നെ ചെയ്യും. അത് ഏത് കന?ഗോലു ഫാക്ടറിയുടെ ഉത്പന്നമായാലും. ഒരേ കള്ളം ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് ഒരേ ഫാക്ടറിയുടെ ഉത്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും,’ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം, നിയമസഭയില്‍ നടന്ന അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ യു.ഡി.എഫ് ഭരണകാലത്ത് പ്രസവത്തിനിടെ 950 അമ്മമാര്‍ മരിച്ചതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. തിമിര ശസ്ത്രക്രിയ നടത്തിയ അഞ്ച് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്നും വീണ ജോര്‍ജ് ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് 125 ആശുപത്രികളില്‍ ഡയാലിസിസ് സൗകര്യമുണ്ടെന്നും യു.ഡി.എഫ് കാലത്ത് ഇത് 12 ആയിരുന്നുവെന്നും മന്ത്രി മറുപടി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വീണ ജോര്‍ജിനെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ ആരംഭിച്ചത്.
Content Highlight: Veena George says legal action will be taken against false propaganda