| Tuesday, 16th September 2025, 1:25 pm

സർക്കാർ ആശുപത്രിയെ സമീപിച്ചിരുന്നവരുടെ എണ്ണത്തിൽ 5 കോടിയുടെ വർധന; 2015-16ൽ 8 കോടി, ഇന്നത് 13 കോടി: വീണ ജോർജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഉപകരണക്ഷാമത്തില്‍ നിയമസഭയിലെ ചോദ്യാത്തരവേളയില്‍ മറുപടി നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

അര്‍ഹരായിട്ടുള്ള രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം, ഒരുവര്‍ഷം 1498 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മാത്രം ചെലവഴിക്കുന്നത് മന്ത്രി വീണ ജോര്‍ജ് സഭയില്‍ പറഞ്ഞു. സൗജന്യ ചികിത്സ കൊടുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യു.ഡി.എഫിന്റെ കാലഘട്ടത്തില്‍ ഉപകരണങ്ങള്‍ക്ക് വേണ്ടി 15 കോടി 64 ലക്ഷം രൂപയാണ് ചെലവഴിച്ചത്. എന്നാല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് 41 കോടിയിലധികം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ കാലഘട്ടത്തില്‍, അതായത് നാല് വര്‍ഷക്കാലയളവില്‍ കിഫ്ബിയുടെ 43 കോടി രൂപ കൂടി (പെക് സ്‌കാന്‍, സ്‌പെക്ട് സ്‌കാന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍) 80 കോടി 66 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാങ്ങിനല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തെ കുറിച്ചുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും മന്ത്രി പരാമര്‍ശിച്ചു. ഈ വിഭാഗത്തിലേക്ക് 2011 മുതല്‍ 2016 വരെ ഉപകരണങ്ങള്‍ പര്‍ച്ചേസ് ചെയ്തിരിക്കുന്നത് 26,09,000 രൂപയ്ക്കാണ്. എന്നാല്‍ 2018 മുതല്‍ 2022 വരെയുള്ള നാലുവര്‍ഷ കാലയളവില്‍ ഒരു കോടി 43 ലക്ഷത്തിലധികം രൂപയാണ് ചെലവഴിച്ചത്.

2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഒരു കോടി 12 ലക്ഷം രൂപയും. അതിനുശേഷം, അതായത് ഈ വര്‍ഷം ഉള്‍പ്പെടെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് കാര്യങ്ങള്‍ ചെയ്യുന്നത്. എച്ച്.ഡി.എസില്‍ നിന്ന് 33 ലക്ഷത്തിലധികം രൂപയും വിനിയോഗിച്ചിട്ടുണ്ട്.

മൂത്രാശയ കല്ല് പൊടിക്കുന്നതിനുള്ള ഫ്‌ളക്‌സിസ്‌കോപ്പ് എന്ന ഉപകരണം സ്‌കീമുകളില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് സൗജന്യമായി നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അല്ലാത്ത രോഗികള്‍ക്ക് എച്ച്.ഡി.എസ് വഴി അത് ലഭ്യമാക്കുകയും ചെയ്യും. സബ്‌സിഡിയോടെയാണ് ഇത് ലഭ്യമാക്കുക. റേറ്റ് കോണ്‍ട്രാക്ട് അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

ഇത് സ്വകാര്യ മേഖലയിലേക്ക് പോകുമ്പോള്‍ അത് മാര്‍ക്കറ്റ് റേറ്റിലാണ് രോഗികള്‍ക്ക് വാങ്ങാന്‍ സാധിക്കുക. ബില്ലിനൊപ്പമായിരിക്കും രോഗികള്‍ക്ക് ഇത് ലഭ്യമാകുകയെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

അടുത്തിടെ സംസ്ഥാനത്തെ പൊതു-സ്വകാര്യ മേഖലയിലെ കാര്‍ഡിയോളജിറ്റുകളുടെ ഒരു സമ്മേളനം നടന്നു. സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകളിലാണ് ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജിക്കല്‍ ഇന്റര്‍വെന്‍ഷന്‍ നടക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍വെന്‍ഷന്‍ നടന്നത്. 2021ല്‍ നിലവിലെ സര്‍ക്കാരിന്റെ ആദ്യവര്‍ഷം സൗജന്യ ചികിത്സ തേടിയവരുടെ ക്ലെയിം രണ്ടരലക്ഷമായിരുന്നുവെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

2024ല്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെ കണക്കിലെടുത്താല്‍ ആറരലക്ഷം പേര്‍ സൗജന്യ ചികിത്സ തേടിയിട്ടുണ്ട്. ഇതാണ് വ്യത്യാസമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2015-16ല്‍ ഒ.പിയില്‍ വരുന്നത് എട്ട് കോടി ആളുകളായിരുന്നെങ്കില്‍ ഇപ്പോഴത് 13 കോടി രജിസ്‌ട്രേഷനാണ് ഉണ്ടാകുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. ഒരു വ്യക്തിയുടെ മള്‍ട്ടിപ്പിള്‍ എന്‍ട്രിയാണ് രേഖപ്പെടുത്തുന്നത്. രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ജനസംഖ്യയും വര്‍ധിച്ചിട്ടില്ല. പക്ഷെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നാണ് മനസിലാകുന്നതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്തെ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ വിജയകരമാണ്. ഹൃദയമാറ്റ ശസ്ത്രക്രിയയും സമാനമായി നടക്കുന്നുണ്ട്. എറണാകുളം ജനറല്‍ ആശുപത്രി രാജ്യത്തെ ആദ്യത്തെ ജില്ലാ ആശുപത്രിയാണ്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ലൈസന്‍സുള്ള ആശുപത്രിയാണ് അത്. സ്വകാര്യമേഖലയിലേക്ക് പോകുമ്പോള്‍ 40 മുതല്‍ 45 കോടി രൂപ വരെ കരള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയക്ക് ചെലവാകും. അതാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു.

കേരളത്തിലെ ശിശുമരണനിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ സാധിച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഇത് അമേരിക്കന്‍ ഐക്യനാടുകളിലെ നിരക്കിനേക്കാള്‍ കുറവാണ്. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപരമായ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ശിശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നിലെന്നും കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

Content Highlight: Veena George responded in the Assembly on the shortage of equipment in medical colleges

We use cookies to give you the best possible experience. Learn more