തിരുവനന്തപുരം: ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയുള്ള കേസ് നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുലെന്ന് വീക്ഷണം പറയുന്നു.
‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന തലക്കെട്ടോടുകൂടിയ എഡിറ്റോറിയലിലാണ് ന്യായീകരണം.
കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ വീണ ചാണകത്തുള്ളി കണ്ട് മൂക്കുപൊത്തുന്നത് പോലെയാണ് സി.പി.ഐ.എം രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി സദാചാര പ്രസംഗം നടത്തുന്നതെന്നും വീക്ഷണം വിമർശിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതാണ് രാഹുല്‍ ചെയ്ത കുറ്റമെന്നും എഡിറ്റോറിയലില്‍ പറയുന്നു.
രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരു പറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നുവരുന്നത് ഭീതി പടര്‍ത്തിയിരിക്കുകയാണെന്നും വീക്ഷണം എഴുതി.
രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സി.പി.ഐ.എമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് സി.പി.ഐ.എം തിരിച്ചറിഞ്ഞിട്ടുണ്ട്. അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യകളില്‍ തളരാതെയും ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും വീക്ഷണം നിര്‍ദേശിക്കുന്നുണ്ട്.
ലേഖനത്തില്‍ അതിജീവിതയെ അധിക്ഷേപിച്ചും പരാമര്‍ശമുണ്ട്. എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സി.പി.ഐ.എമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണെന്നാണ് എഡിറ്റോറിയലില്‍ പറയുന്നത്.
1996ലെ സൂര്യനെല്ലി പീഡനക്കേസ് കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യംവെച്ചുളള സി.പി.ഐ.എം ഗൂഢാലോചനയായിരുന്നു.
2006ലെയും 2011ലെയും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുസ്‌ലിം ലീഗിന്റെ ഉന്നത നേതാവിനെ അപവാദത്തിന്റെ ചുഴിയിലേക്ക് തളളിവിട്ട് പൊതുസമൂഹത്തില്‍ തിരസ്‌കൃതനാക്കാന്‍ സി.പി.ഐ.എം ശ്രമിച്ചെന്നും വീക്ഷണം ആരോപിക്കുന്നുണ്ട്.
അതേസമയം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ രാഹുലിന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ ഉണ്ടെന്നാണ് നിലവിലെ സൂചന.
BNS 64 (അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചുള്ള ബലാത്സംഗം), BNS 89 (നിര്‍ബന്ധിത ഗര്‍ഭഛിദ്രം)-(ജാമ്യമില്ലാ കുറ്റം), BNS 319 (വിശ്വാസ വഞ്ചന)-(അഞ്ച് വര്‍ഷം വരെ തടവ്), BNS 351 (ഭീഷണിപ്പെടുത്തല്‍)-(ഏഴ് വര്‍ഷം വരെ തടവ്), ഐ.ടി നിയമം 66 (ഫോണിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍), BNS 329 (അതിക്രമിച്ച് കടക്കുക)-(മൂന്ന് മാസം വരെ തടവ്), BNS 116 (കഠിനമായ ദേഹോപദ്രവം)-(ഏഴ് വര്‍ഷം തടവ്) എന്നീ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlight: Veekshanam Daily defending Rahul mamkootathil mla