| Friday, 24th May 2013, 11:17 am

രമേശ് ചെന്നിത്തലയ്ക്ക് രൂക്ഷ വിമര്‍ശനം; വീക്ഷണം ഔദ്യോഗിക പക്ഷത്തോടൊപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം വിവാദമായിക്കൊണ്ടിരിക്കേ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്.

വീക്ഷണംഫേസ്ബുക്ക് പേജിലാണ്രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്. അടുത്ത മാസം കേരളത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ തീരുമാന പ്രകാരം പുതിയ കെ.പി.സി.സി ചുമതലയേല്‍ക്കുമെന്നും ഈ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കിയുള്ള നാടകങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരിക്കുന്നതുമെന്നാണ് വീക്ഷണം ഫേസ്ബുക്ക് പേജില്‍ എഴുതിയിരിക്കുന്നത്.[]

വീക്ഷണത്തിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നതിന്റെ പൂര്‍ണ രൂപം ഇങ്ങനെ,

“അടുത്ത മാസം കേരളത്തിന് പുതിയ കെ.പി.സി.സി പ്രസിഡന്റ് ചുമതല ഏല്‍ക്കും. എട്ട് വര്‍ഷമായി മാറ്റം വന്നിട്ടിലാത്ത കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ ഉടന്‍ പുതിയ പ്രസിഡന്റ് വരണം എന്നുള്ളത് രാഹുല്‍ഗാന്ധിയുടെ തീരുമാനമാണ്.

അതില്‍ മാറ്റം വരുവാന്‍ ഇടയില്ല. ഈ രാഷ്ട്രിയ സഹാചര്യം മനസിലാക്കിയുള്ള നാടകങ്ങള്‍ ആണ് ഇപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നടക്കുന്നത്. ഉള്ള സമയത്ത് കിട്ടാവുന്ന നല്ല സ്ഥാനം മന്ത്രിസഭയില്‍ ലഭികാനുള്ള കരുനീക്ക നാടകങ്ങള്‍ !!!.

ജനങ്ങളെ വെറുപ്പിക്കുന്ന അഭ്യാസം ഇറകിയാല്‍ സ്വയം വട്ട പൂജ്യമായി മാറും എന്ന് അധികാര മോഹികള്‍ ഓര്‍ത്തിരുന്നാല്‍ നന്നായിരിക്കും. ലക്ഷോപലക്ഷം ദേശസ്‌നേഹികളായ കോണ്‍ഗ്രസുകാര്‍ ത്യാഗോജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്ത ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഒരു കൂട്ടം അധികാര മോഹികള്‍ക്ക് തോന്നിവാസം ചെയ്യാനുള്ളതല്ല.

മതത്തിന്റെയും സമുദായതിന്റെയും രഹസ്യ കൂട്ടുകെട്ട് ഉണ്ടാക്കുന്ന മന്ത്രിക്കസേര മോഹികള്‍ക്ക് മതേതര കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനമില്ല എന്ന് കാലം തെളിയിക്കും. എല്ലാ ആഭാസ കളവ് നാടകങ്ങളും എട്ടു നിലയില്‍ പൊട്ടുന്ന ഒരു സമയം വരും.

ഈ മഴയും പെയ്തു തിരും, നിലനില്‍ക്കേണ്ടത് നിലനില്കും തീയില്‍ എറിയേണ്ടത് തീയില്‍ എറിയപെടും.!!!”

നേരത്തേ, യു.പി.എ സര്‍ക്കാറിന്റെ നാലാം വര്‍ഷം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് രമേശ് ചെന്നിത്തല എഴുതിയ ലേഖനം വീക്ഷണം എഡിറ്റ് ചെയ്താണ് നല്‍കിയത് ഏറെ വിവാദമായിരുന്നു. അതേസമയം, വീക്ഷണം പേജിന്റെ ഔദ്യോഗിക പേജല്ല ഇതെന്നും അഭിപ്രായമുണ്ട്.

We use cookies to give you the best possible experience. Learn more