തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് ചത്താ പച്ച. ഫോര്‍ട്ടുകൊച്ചിയുടെ പശ്ചാത്തലത്തിലേക്ക് ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ പറിച്ചുനട്ട ചിത്രം പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവമായിരുന്നു. കഴിഞ്ഞദിവസം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്ത ചിത്രത്തിന് മികച്ച വരവേല്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
ചത്താ പച്ചയുടെ മേക്കിങ്ങിനൊപ്പം പലരും എടുത്തുപറയുന്ന ഒന്നാണ് അഭിനേതാക്കളുടെ പെര്‍ഫോമന്‍സ്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നിവര്‍ ചിത്രത്തിനായി നടത്തിയ ഹാര്‍ഡ്‌വര്‍ക്കെല്ലാം ചര്‍ച്ചയാകുന്നുണ്ട്. പ്രധാന താരങ്ങള്‍ക്കൊപ്പം തന്നെ ചിത്രത്തിലെ പുതുമുഖങ്ങളെ പ്രശംസിച്ചും പോസ്റ്റുകള്‍ വൈറലാകുന്നുണ്ട്.
ചത്താ പച്ച Photo: Netflix
ചത്താ പച്ച കണ്ടവരുടെ മനസില്‍ ഇടംപിടിച്ച കഥാപാത്രങ്ങളിലൊന്നാണ് റോസമ്മ. റോഷന്‍ അവതരിപ്പിച്ച വെട്രി എന്ന കഥാപാത്രത്തിന്റെ മകളാണ് റോസമ്മ. പുതുമുഖമായി വേദിക ശ്രീകുമാറാണ് റോസായി വേഷമിട്ടത്. വേദികയും അര്‍ജുന്‍ അശോകനും തമ്മിലുള്ള കെമിസ്ട്രി സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. വേദികയുടെ കഥാപാത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ വരുന്നുണ്ട്.
ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ അര്‍ജുന്‍ അശോകനും ഇഷാന്‍ ഷൗക്കത്തും തമ്മിലുള്ള സീനില്‍ വേദികയുടെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു. തങ്ങള്‍ പറയുന്നത് കേള്‍ക്കാതിരിക്കാന്‍ ഇഷാന്‍ അവതരിപ്പിച്ച ലിറ്റില്‍ റോസിനെ അവിടുന്ന് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. തന്നെ മാറ്റിനിര്‍ത്താനാണ് പ്ലാനെന്ന് അറിയുന്ന റോസമ്മ പറയുന്ന ഡയലോഗ് ഇതിനോടകം വൈറലായി.
വേദിക Photo: Netflix
ക്ലൈമാക്‌സില്‍ വീണുകിടക്കുന്ന നായകനെ മോട്ടിവേറ്റ് ചെയ്യുന്ന ഘടകം എന്ന ക്ലീഷേ ചത്താ പച്ചയിലുമുണ്ട്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച സാവിയോ വീണുകിടക്കുമ്പോള്‍ അയാളെ തിരിച്ചടിക്കാന്‍ മോട്ടിവേറ്റ് ചെയ്യുന്നത് റോസിനോടുള്ള സ്‌നേഹമാണ്. ഇത് ക്രിഞ്ചായി തോന്നാതിരുന്നതില്‍ ആദ്യപകുതിയില്‍ ഇരുവരും തമ്മിലുള്ള സീനുകള്‍ ഒരുപാട് ഗുണം ചെയ്തു.
വേദികയുടെ റോസമ്മ മാത്രമല്ല, കാര്‍മന്‍ എസ്. മാത്യു അവതരിപ്പിച്ച നൈട്രോ കിളി (കുരുവി), ശ്യാമപ്രകാശിന്റെ ഭസ്മാസുരന്‍ (വര്‍ക്കി) എന്നീ കഥാപാത്രങ്ങളും കയ്യടി നേടുന്നുണ്ട്. നവാഗതനായ അദ്വൈത് നായരാണ് ചത്താ പച്ചയുടെ സംവിധായകന്‍. മുജീബ് മജീദിന്റെ സംഗീതവും ആനന്ദ് ചന്ദ്രന്റെ ഛായാഗ്രഹണവും ചിത്രത്തെ കൂടുതല്‍ ഗംഭീരമാക്കിയിട്ടുണ്ട്.
Content Highlight: Vedhika Sreekumar’s performance in Chatha Pacha movie