| Sunday, 24th May 2026, 12:09 pm

ഗാനരംഗങ്ങളിലൂടെ ശ്രദ്ധ കിട്ടുന്നത് ആദ്യമല്ല; അൽപം ഇഷ്ട കൂടുതൽ മലയാളത്തോടുണ്ട്: വേദിക

നന്ദന എം.സി

തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയയായ നടിയാണ് വേദിക. ശൃംഗാരവേലൻ, ഉസ്താദ് ഹോട്ടൽ, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരം ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മറ്റു ഭാഷകളെക്കാൾ മലയാളത്തോടാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. കൂടാതെ ആട് 3യിലെ ഗാനരംഗം ശ്രദ്ധ നേടിയതിനെക്കുറിച്ചും വേദിക മനസ് തുറന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

വേദിക, Photo: Vedhika/ Facebook

‘ഗാനരംഗങ്ങളിലൂടെ ശ്രദ്ധ കിട്ടുന്നത് ആദ്യമല്ല. 12 വർഷം മുമ്പ് അഭിനയിച്ച കസിൻസിലെ ‘നീയെൻ വെണ്ണിലാ കാതിന്റെ തേന്മഴ’യും ശൃംഗാരവേലനിലെ ‘നാലമ്പല മണയാനൊരു തുണയായിടാം ഞാൻ’ എന്ന ഗാനവും ഇന്നും റീൽസുകളിലൂടെ ആളുകൾ കാണുന്നുണ്ട്. ആട് 3യിലെ സുൽത്താൻ സോങ് പ്രേക്ഷകർ സ്വീകരിച്ചതിൽ ഏറെ സന്തോഷമുണ്ട്,’ വേദിക പറഞ്ഞു.

102 ഡിഗ്രി പനിയുള്ള സമയത്തായിരുന്നു ആ ഗാനത്തിന്റെ ചിത്രീകരണമെന്ന് താരം വെളിപ്പെടുത്തി. ‘വളരെ സപ്പോർട്ടീവായ ടീമായിരുന്നു. ഷോബി മാസ്റ്ററായിരുന്നു കൊറിയോഗ്രഫി ചെയ്തത്.

അതുകൊണ്ട് ബുദ്ധിമുട്ടുകൾ ഒന്നും കാര്യമാക്കിയില്ല. റിസൾട്ട് എന്തായാലും ചെയ്യുന്ന ജോലിയിൽ മാക്സിമം നൽകുന്ന ആളാണ് ഞാൻ,’ എന്നാണ് വേദികയുടെ വാക്കുകൾ.

ആട് 3, Photo: Vedhika/ Facebook

തന്റെ ആദ്യ സിനിമ മലയാളത്തിലായിരുന്നുവെന്നും മലയാളികൾ നൽകിയ സ്നേഹം ഏറെ വലുതാണെന്നും താരം പറഞ്ഞു. ‘ശൃംഗാരവേലൻ മുതൽ മലയാളികൾ എനിക്ക് നൽകിയ സ്നേഹവും സ്വീകാര്യതയും വലുതാണ്.

അതുകൊണ്ടാണ് മലയാളത്തോട് അൽപം ഇഷ്ടക്കൂടുതൽ. ജെയിംസ് ആൻഡ് ആലീസ്, ശൃംഗാരവേലൻ, വെൽക്കം ടു സെൻട്രൽ ജയിൽ, കസിൻസ് തുടങ്ങിയ സിനിമകളിലാണ് മലയാളത്തിൽ അഭിനയിച്ചത്,’ വേദിക കൂട്ടിച്ചേർത്തു.

തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിക്കുന്ന താരം, വ്യത്യസ്ത കഥാപാത്രങ്ങളാണ് കൂടുതൽ ആകർഷിക്കുന്നതെന്നും പറഞ്ഞു. ഗജാന, റസാക്കർ, യക്ഷിണി, ഫിയർ തുടങ്ങിയ സിനിമകൾ അതിന്റെ ഉദാഹരണങ്ങളാണെന്നും വേദിക വ്യക്തമാക്കി.

Content Highlight: Vedhika kumar talk about malayalam movies

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more