| Wednesday, 16th July 2025, 3:09 pm

'വാ' റാപ്പിലെ ചില വരികള്‍ എ.ആര്‍ റഹ്‌മാന്റെ ആ പാട്ടില്‍ നിന്ന് കോപ്പിയടിച്ചത്: വേടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ പാട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് റാപ്പര്‍ വേടന്‍. തന്റെ പോസ്റ്റിലെ ചില വരികള്‍ തമിഴില്‍ നിന്നെടുക്കാറുണ്ടെന്ന് വേടന്‍ പറയുന്നു. ‘വാ’ എന്ന് പറയുന്ന റാപ്പില്‍ എ.ആര്‍ റഹ്‌മാന്റെ ഉയിരേ എന്ന പാട്ടില്‍ നിന്നും ചില വരികള്‍ എടുത്തിട്ടുണ്ടെന്ന് വേടന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കുറച്ചൊക്കെ തമിഴില്‍ നിന്ന് എടുക്കാറുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതിനെ ഡീകോഡിങ് വേടന്‍ എന്നൊക്കെ പറയാം. ‘വാ’ എന്ന് പറയുന്ന പാട്ടിനകത്താണ് ഞാന്‍ അങ്ങനെ രണ്ട് തവണ ഉപയോഗിച്ചിരിക്കുന്നത്. അതിനകത്ത് ‘പാറകള്‍ തുളച്ച് നീര് തേടി വേരുകള്‍ പോലെ ഓടി’ എന്ന അത്രയും വരി ഞാന്‍ ഒരു എ.ആര്‍ റഹ്‌മാന്റെ പാട്ടില്‍ നിന്ന് കോപ്പിയടിച്ചതാണ്.

ബോംബെ എന്ന സിനിമയിലെ ഉയിരേ എന്ന പാട്ടാണത്. അതിലെ ഫീമെയില്‍ വേര്‍ഷനില്‍ ‘നാന്‍ കരുംപാറൈ മലൈ താണ്ടി വേരാക വന്തേന്… കണ്ണാളന് മുഖം പാര്ക്കവേ…’ അത്രയും വരികളാണ് ഞാന്‍ ‘പാറകള്‍ തുളച്ച് നീര് തേടി വേരുകള്‍ പോലെ’ എന്നെഴുതിയത്. അത് മലയാളത്തിലേക്ക് മാറ്റി റാപ്പാക്കിയതാണ്.

അതുപോല തന്നെ വേട്ടയാട് വിളയാട് എന്ന സിനിമയില്‍ ഡാനിയേല്‍ ബാലാജി സുഹൃത്തിനോട് പറയുന്നൊരു ഡയലോഗുണ്ട്, ‘വിഴുന്താല്‍ എരി നച്ചത്തിരമാതാ വീഴണം. അഡങ്കിനാ കാട്ട് തീയാ താ അഡങ്കണോം. വിഴുന്ത ഇടത്തുക്ക് ഒരു നൂറ് വര്‍ഷത്തുക്ക് പുല്ലു കൂടെ മുളക്ക കൂടാത്’ ആ സാധനമാണ് ‘വീണാല്‍ എരി നക്ഷത്രമായി വീണിടാം. അടങ്ങിയാല്‍ കാട്ട് തീയായി അടങ്ങിടാം’ എന്നാക്കി എഴുതിയത്.

ഞാന്‍ കുറേ സ്ഥലങ്ങളില്‍ നിന്ന് ഇന്‍സ്പയര്‍ ആയിട്ട് തന്നെയാണ് എഴുതാറുള്ളത്. എവെരി കോപ്പി ഈസ് എ കോപ്പി ഓഫ് എ കോപ്പി എന്നാണല്ലോ. ഒരു സാധനം കണ്ടിട്ട് അത് ഇഷ്ടപെട്ടിട്ട് അത് എന്റെ രീതിയിലേക്ക് മറ്റും. എനിക്ക് ഓള്‍റെഡി ഒരു കണ്‍സെപ്റ്റ് ഉണ്ടാകും. എനിക്ക് അതിനകത്തേക്ക് എന്തൊക്കെ കൊണ്ടുവരാന്‍ കഴിയും എന്നൊക്കെ നോക്കി നന്നായി ഫിൽറ്റർ ചെയ്താണ് ഓരോ കാര്യങ്ങളും കൊണ്ടുവരുന്നത്,’ വേടന്‍ പറയുന്നു.

Content Highlight: Vedan Talks About His Songs

We use cookies to give you the best possible experience. Learn more