കോഴിക്കോട്: രാമനെ അറിയില്ലെന്ന റാപ്പർ വേടന്റെ പരാമർശം ഒരു രാഷ്ട്രീയ പ്രസ്താവനയാണെന്ന് ടി. എസ് ശ്യാംകുമാർ. രാമനെയും കൃഷ്ണനെയും നിഷേധിച്ച ഡോ. ബി.ആർ. അംബേദ്കറുടെയും സഹോദരൻ അയ്യപ്പന്റെയും ബ്രാഹ്മണ്യനിഷേധ രാഷ്ട്രീയമാണ് വേടന്റെ വാക്കുകളിൽ മുഴങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിൽ രാമനെയും കൃഷ്ണനെയും നിഷേധിച്ച ഒരു ചരിത്രം കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേടന്റെ നീതി തേടുന്ന വാക്കുകൾ ഹിന്ദുത്വ രാഷ്ട്രീയത്തെയും, പുരോഗമന രാമനെയും മതേതര കൃഷ്ണനെയും അന്വേഷിച്ചവതരിപ്പിക്കുന്ന പുരോഗമന ഹിന്ദുത്വരെയും ഒന്നു പോലെ വെല്ലുവിളിക്കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവണനെ കൊല്ലുന്നതില്‍ നീതികേടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും രാമനെ തനിക്കറിയില്ലെന്നും വേടന്‍ ഇന്ന് രാവിലെ റിപ്പോർട്ടർ ചാനലിലെ കോഫി വിത്ത് അരുണിൽ പറഞ്ഞിരുന്നു.
ഞാന്‍ ഒരു വിശ്വാസിയല്ല. ഞാന്‍ ജയ് ശ്രീറാം വിളികള്‍ കേട്ടിട്ടുള്ളത് ചിലര്‍ ഒരാളെ കൊല്ലാനോ ഉപദ്രവിക്കാനോ എല്ലാം പോകുമ്പോഴാണ്. എനിക്കതിനെ അങ്ങനെയേ കാണാന്‍ കഴിയുകയുള്ളു. ആര്‍.എസ്.എസിന്റെ ദണ്ഡകൊണ്ടുള്ള ആദ്യത്തെ അടി വീണിരിക്കുന്നത് മുസ്‌ലിങ്ങളുടെയോ ക്രിസ്ത്യാനികളുടെയോ ദേഹത്തല്ല, ദളിതന്റെ ശരീരത്തിലാണ്. അതിന്റെ വേദന ഇപ്പോഴും എന്റെ ദേഹത്തുണ്ടാകില്ലേ? അതുകൊണ്ട് തന്നെ നമുക്ക് ഇതിനെ കുറിച്ചെല്ലാം സംസാരിക്കാതിരിക്കാന്‍ കഴിയില്ല?,’ വേടന്‍ പറഞ്ഞു.
അംബേദ്ക്കറിന്റെയും അയ്യങ്കാളിയുടെയും പേരുകള്‍ കേള്‍ക്കുന്നത് വല്ലാത്തൊരു ഊര്‍ജമാണ് തനിക്ക് നല്‍കുന്നതെന്നും വേദിയില്‍ പാട്ട് പാടുമ്പോള്‍ കുട്ടികളെ കൊണ്ട് നാലഞ്ച് തവണ അയ്യങ്കാളിയെന്നെല്ലാം ആവര്‍ത്തിച്ച് പറയിപ്പിക്കുമെന്നും വേടന്‍ പറയുകയുണ്ടായി. അവര്‍ വെട്ടിത്തന്ന വഴിയിലൂടെയാണ് താൻ നടക്കുന്നത്. ആ വഴിയിലൂടെ നടക്കുക എന്ന കടമ മാത്രമാണ് താന്‍ ചെയ്യുന്നതെന്നും വേടന്‍ പറഞ്ഞിരുന്നു.
തന്റെ എഴുത്തുകളിലും പാട്ടുകളിലും ആരെങ്കിലുമൊക്കെ അസ്വസ്ഥതരാകുന്നുണ്ടെങ്കില്‍ സന്തോഷമേയുള്ളൂവെന്നും വേടന്‍ പറഞ്ഞു. രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വേടന്‍ പറഞ്ഞു. തന്നെ ജാതി ഭീകരവാദി എന്ന് പറയുന്നവര്‍ നടത്തുന്നത് വിടുവായത്തരമാണെന്നാണ് മനസിലാക്കുന്നതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: vedan‘s statement that he doesn’t know Ram is a political statement; it echoes the politics of denying Brahminism of Ambedkar and his brother Ayyappan: T.S. Shyamkumar