| Wednesday, 2nd July 2025, 10:09 am

പുസ്തകങ്ങൾ വാങ്ങിക്കൂ; പുരസ്കാരമായി ലഭിച്ച ഒരു ലക്ഷം രൂപ വായനശാലക്ക് തിരികെ നല്‍കി വേടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: പുരസ്‌കാരം ലഭിച്ച ഒരു ലക്ഷം രൂപ പുസ്തകങ്ങള്‍ വാങ്ങാനായി വായനശാലയിലേക്ക് തന്നെ തിരികെ നൽകി റാപ്പർ വേടൻ. തളിക്കുളത്തെ പ്രിയദര്‍ശിനി വായനശാലയുടെ പ്രഥമ പ്രിയദര്‍ശിനി പുരസ്‌കാര തുകയാണ് വേടൻ വായനശാലയ്ക്ക് തിരികെ നൽകിയത്. വായനശാലയിലേക്ക് സംഭാവന ചെയ്യാന്‍ കുറച്ച് പുസ്തകങ്ങളുമായിട്ടായിരുന്നു വേടൻ എത്തിയതും. ഇതിനൊപ്പം സമ്മാനത്തുക കൂടി കൈമാറുകയായിരുന്നു.

ഷാഫി പറമ്പിൽ എം.പിയായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം കൈമാറിയത്. സമ്മാനം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാര തുക ലൈബ്രറി പ്രസിഡന്റ് ടി. എന്‍. പ്രതാപന് കൈമാറുമെന്ന് വേടൻ പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ കൊണ്ടുവന്ന പുസ്തകങ്ങള്‍ക്കൊപ്പം തുകയും കൈമാറി. ശേഷം മൂന്ന് റാപ്പ് ഗാനങ്ങളും പാടി.

വേടൻ കാന്തം പോലെ ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള വ്യക്തിയാണെന്നും ജാതിഭീകരനെന്ന് മുദ്രകുത്തുമ്പോഴും തനിക്ക് ഒന്നിനെയും പേടിയില്ലെന്ന് പറഞ്ഞ് വരികളിലൂടെ രാഷ്ട്രീയം പറയുന്ന ചെറുപ്പക്കാരനാണെന്നും ചടങ്ങിൽ പ്രസംഗിച്ച ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

‘സിനിമക്ക് ഇഷ്ട്ടപ്പെട്ട ഒരു പേരിട്ടതിന്റെ പേരിൽ ആ സിനിമ പുറത്തിറക്കാൻ തന്നെ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്, വരികളുടെ ഉടമയെ ജാതി ഭീകരതയുടെ വക്താവായി മുദ്രകുത്താൻ ഫാസിസ്റ്റ് ലോകം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അവിടെ എഴുന്നേറ്റ് നിന്ന് എനിക്ക് അതിന്റെയൊന്നും ഭയമില്ലെന്ന് പറയുകയാണ് വേടൻ.

ജാതിഭീകരനെന്ന് മുദ്രകുത്തുമ്പോഴും എനിക്ക് ഒന്നിനെയും പേടിയില്ലെന്ന് പറഞ്ഞ് വരികളിലൂടെ രാഷ്ട്രീയം പറയുന്ന ചെറുപ്പക്കാരനാണ് വേടൻ. എന്റെ ഉള്ളാണ് ഞാൻ പറയുന്നത്, ഞാൻ കാണുന്നതാണ് ഞാൻ പറയുന്നത് എന്ന് പറയാൻ ആർജ്ജവം കാണിക്കുന്ന വ്യക്തിയാണ് വേടൻ. കാന്തം പോലെ ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം,’ ഷാഫി പറമ്പിൽ പറഞ്ഞു.

Content Highlight: vedan returned the one lakh rupees he received as an award to the library

We use cookies to give you the best possible experience. Learn more