കൊച്ചി: ഫലസ്തീന്‍ പതാക പുതച്ചുകൊണ്ട് പ്രകടനം നടത്തിയപ്പോഴാണ് റാപ്പര്‍ വേടന് കേരളത്തില്‍ സ്വീകാര്യത ലഭിച്ചതെന്ന് കേസരി മുഖ്യപത്രാധിപനും ആര്‍.എസ്.എസ് നേതാവുമായ എന്‍.ആ.ര്‍ മധു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു എന്‍.ആര്‍. മധു.
തൃശൂര്‍ ജില്ലയില്‍ നിരവധി നാടന്‍പാട്ട് കലാകാരന്മാരുണ്ടെന്നും അവരില്‍ 99 ശതമാനവും ദളിത്-പിന്നോക്ക വിഭാഗക്കാരാണെന്നും എന്‍.ആര്‍. മധു പറഞ്ഞു. ഇവരുടെ കൂടെ പാടി വന്ന വേടന്‍ ഫലസ്തീന്‍ പതാക പുതച്ചുകൊണ്ട് പ്രകടനം ആരംഭിച്ചപ്പോഴാണ് അദ്ദേഹത്തിന് സ്വീകാര്യത ലഭിച്ചതെന്നും എന്‍.ആര്‍. മധു ആരോപിച്ചു.
ഈ നാട്ടില്‍ നിരവധി നാടന്‍പാട്ട് കലാകാരന്മാരുണ്ടെന്നും അവര്‍ക്കെതിരെ ഇതുവരെ ആര്‍.എസ്.എസ് ഒന്നും പറഞ്ഞിട്ടില്ലല്ലോയെന്നും എന്‍.ആര്‍. മധു പറഞ്ഞു. കഞ്ചാവ് കേസില്‍ അറസ്റ്റിലായ വേടന്‍ ഒറ്റരാത്രി കൊണ്ട് എങ്ങനെയാണ് ഇടതുപക്ഷ സര്‍ക്കാരിന് ശുദ്ധനായതെന്നും എന്‍.ആര്‍. മധു ചോദിച്ചു.
ഇന്നിപ്പോള്‍ വേടന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നു. വേടനെ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് വേടന് പിന്നില്‍ ചില അദൃശ്യശക്തികളുണ്ടന്ന് താന്‍ പറയുന്നതെന്നും അവരാണ് കേരളത്തിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്നും എന്‍.ആര്‍. മധു പറഞ്ഞു.
ഒറ്റരാത്രിക്കൊണ്ട് ആ അദൃശ്യശക്തീകളുടെ തിട്ടൂരമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് മാറ്റിച്ചതെന്നും എന്‍.ആര്‍. മധു കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ 30 ശതമാനത്തിലേക്ക് അടുക്കുന്ന മുസ്‌ലിങ്ങളുടെ വോട്ട് പിടിക്കാന്‍ നാടിന്റെ താത്പര്യങ്ങള്‍ക്കെതിരെ ഒത്തുതീര്‍പ്പുകളിലേക്ക് എത്തുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. വേടനെ ആഘോഷിക്കുന്നവരും ഇത്തരത്തില്‍ ഒത്തുതീര്‍പ്പിലെത്തിയവരാണെന്നും എന്‍.ആര്‍. മധു ആരോപിച്ചു.
ഇതാദ്യമായല്ല വേടനെതിരെ എന്‍.ആര്‍. മധു വിദ്വേഷവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്.
വേടനെന്ന കലാകാരന്റെ പിന്നില്‍ ശക്തരായ സ്പോണ്‍സര്‍മാരുണ്ട്. വേടന്റെ പാട്ടെന്ന് പറയുന്നത് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളര്‍ന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണെന്നുമാണ് എന്‍.ആര്‍. മധു പറഞ്ഞത്. കൊല്ലം കുണ്ടറയിലെ ക്ഷേത്രപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു എന്‍.ആര്‍. മധുവിന്റെ പരാമര്‍ശം.
സൂക്ഷ്മമായി പഠിച്ചാല്‍ ഈ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ വേടന് പിന്നിലുണ്ടെന്ന് മനസിലാക്കാമെന്നും എന്‍.ആര്‍. മധു ആരോപിച്ചിരുന്നു.
Content Highlight: Vedan gained acceptance in Kerala when he started his demonstration by draped in the Palestinian flag: N.R. Madhu