മലയാള സിനിമാ പ്രേക്ഷകരുടെ മനസ് നിറച്ച ഒരു ചിത്രമാണ് വാഴ 2. സഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധവും സൗഹൃദത്തിന്റെ ആഴവുമാണ് സിനിമയുടെ പ്രധാന ആകർഷണം.
ചിരിയും വികാരനിമിഷങ്ങളും ഒരുപോലെ കോർത്തിണക്കിയാണ് നവാഗതനായ സവിൻ സാ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാഷിർ, അലൻ, വിനായക്, അജിൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വലിയ വിജയമാണ് നേടിയത്.
ചിത്രത്തിലെ ബാലതാരങ്ങളും പ്രത്യേകം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് അലന്റെ അനിയത്തി അഷ്‌നയായി എത്തിയ വേദ ശങ്കറിന്റെ പ്രകടനം. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ വേദയ്ക്ക് സിനിമ റിലീസായതിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
വാഴ2, Photo: IMDb
ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ സ്നേഹത്തെക്കുറിച്ച് തുറന്നു പറയുകയാണ് വേദ. സിനിമ കണ്ട ശേഷം പലരും തന്നെ സ്വന്തം വീട്ടിലെ പെങ്ങളെ പോലെ കാണുന്നുവെന്നും എവിടെയെത്തിയാലും അഷ്‌ന എന്ന പേരിലാണ് ആളുകൾ വിളിക്കുന്നതെന്നും താരം പറയുന്നു.
കുട്ടികളും കുടുംബപ്രേക്ഷകരുമാണ് കൂടുതലായി തന്നെ തിരിച്ചറിയുന്നതെന്നും അതൊക്കെ വലിയ സന്തോഷമാണെന്നും വേദ കൂട്ടിച്ചേർത്തു.
‘സിനിമ ഇറങ്ങിയതിന് ശേഷം സ്വന്തം വീട്ടിലെ കുട്ടിയോടെന്ന പോലെയാണ് പ്രേക്ഷകർ എന്നോട് മിണ്ടുന്നത്. ആ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഒരുപാട് പേർക്ക് ഞാനിന്ന് പെങ്ങളൂട്ടിയാണ്. ദിവസവും ഒരുപാട് മെസേജുകൾ വരുന്നുണ്ട്. പലപ്പോഴും എല്ലാവർക്കും മറുപടി അയയ്ക്കാൻ കഴിയാറില്ല.
വാഴ2, Photo: X.com
ഒരു അനിയത്തികുട്ടിയായും മകളായും ആളുകൾ എന്നെ സ്നേഹിക്കുന്നുണ്ട്. അഷ്‌നയെ ഇത്രമാത്രം ആളു കൾ ഏറ്റെടുക്കും എന്ന് കരുതിയതേയില്ല.
സെറ്റിൽ എല്ലാവരും എന്നെ അഷ്‌ന എന്ന കഥാപാത്രമായാണു പരിഗണിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുന്ന എന്നെ പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെ പ്രായമുള്ള ക്യാരക്ടർ ആക്കി മാറ്റിയെടുത്തതിൽ തിരക്കഥ എഴുതിയ വിപിൻ ദാസ് സാറിനും ഡയറക്‌ടർ സവിൻ സാറിനും ആ ടീമിലെ എല്ലാവര്ക്കും പങ്കുണ്ട്.
അഷ്‌നയിലേക്ക് അത്ര മേൽ എന്നെ പരിവപെടുത്തിയത് വിപിൻ ദാസ് സാറാണ്. വർക്ക് ഷോപ്പ് ഒരുപാട് ഗുണം ചെയ്‌തു. സംശയങ്ങൾ എല്ലാം ഉടനടി തീർത്തു തന്നു. ഷൂട്ട് കഴിഞ്ഞപ്പോൾ നല്ല വിഷമമായിരുന്നു. ആദ്യ സിനിമയിൽ തന്നെ നല്ല ഒരു ടീമിൻ്റെ ഭാഗമാകുക ഭാഗ്യമല്ലേ?,’ വേദ ശങ്കർ പറഞ്ഞു.
വേദ ശങ്കർ, അജിൻ, Photo: X.com
അതേസമയം അലനും വേദ ശങ്കറും അവതരിപ്പിച്ച സഹോദരബന്ധവും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായി മാറി. വീടുകളിലെ സാധാരണ സഹോദരങ്ങൾ പോലെ ഇടയ്ക്കിടെ വഴക്കിടുകയും പിന്നാലെ വീണ്ടും ഒന്നാകുകയും ചെയ്യുന്ന നിമിഷങ്ങൾ അത്രയും യാഥാർഥ്യത്തോടെ ഇരുവരും സ്ക്രീനിൽ എത്തിച്ചു. അതുകൊണ്ടുതന്നെ കുടുംബപ്രേക്ഷകർക്ക് ഈ കഥാപാത്രങ്ങളോട് വളരെ പെട്ടെന്ന് ഒരു അടുപ്പം തോന്നുകയും ചെയ്തു.
വലിയ താരനിരയൊന്നുമില്ലാതെയെത്തിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിലൂടെ ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റമാണ് നടത്തിയത്. കുടുംബപ്രേക്ഷകരുടെ പൂർണ പിന്തുണ നേടിയ വാഴ 2 200 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി ഈ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.
Content Highlight: Veda Shankar talks about her character in Vazha 2