ന്യൂദല്‍ഹി: ബ്രിട്ടീഷ് ഭരണകാലത്ത് വി.ഡി. സവര്‍ക്കര്‍ ശിക്ഷാ ഇളവ് തേടി പത്ത് തവണ ദയാഹരജികള്‍ സമര്‍പ്പിച്ചിരുന്നുവെന്ന് ചെറുമകന്‍ സത്യകി സവര്‍ക്കര്‍. പൂനെ കോടതിയിലായിരുന്നു സാത്യകി ഇക്കാര്യം സ്ഥിരീകരിച്ചത്. കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ക്രിമിനല്‍ അപകീര്‍ത്തിക്കേസിലെ വിസ്താരത്തിനിടെയാണ് ഈ വെളിപ്പെടുത്തല്‍.
കേസില്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ നടത്തിയ ക്രോസ് വിസ്താരത്തിലാണ് സത്യകി ഈ വിവരങ്ങള്‍ സമ്മതിച്ചത്.
പൂനെയിലെ പ്രത്യേക എം.പി/എം.എല്‍.എ കോടതിയില്‍ ജൂണ്‍ 15ന് സ്‌പെഷ്യല്‍ ജഡ്ജി അമോല്‍ ഷിന്‍ഡെയുടെ കോടതിയിലാണ് വിസ്താരം നടന്നത്.
1911 മുതല്‍ 1921 വരെയുള്ള കാലഘട്ടത്തില്‍ അന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ കഴിഞ്ഞിരുന്നപ്പോഴാണ് വി.ഡി. സവര്‍ക്കര്‍ ഈ ഹരജികള്‍ സമര്‍പ്പിച്ചത്. ശിക്ഷ വിധിക്കപ്പെട്ട് ആദ്യത്തെ ഒരു മാസത്തിനുള്ളില്‍ തന്നെ സവര്‍ക്കര്‍ തന്റെ ആദ്യത്തെ ദയാഹരജി നല്‍കിയിരുന്നുവെന്നും സത്യകി കോടതിയില്‍ പറഞ്ഞു.
വി.ഡി. സവര്‍ക്കര്‍
‘സവര്‍ക്കര്‍ പത്ത് തവണ ദയാഹരജി നല്‍കിയിരുന്നു എന്നത് സത്യമാണ്. ഈ ദയാഹര്‍ജികളുടെ രേഖകള്‍ നിലവില്‍ സര്‍ക്കാരിന്റെ പക്കലുണ്ട്,’ സാത്യകി വ്യക്തമാക്കി.
തുടര്‍ച്ചയായി ദയാഹര്‍ജികള്‍ നല്‍കിയത് സവര്‍ക്കറുടെ ‘വീര്‍’ എന്ന പദവിയെ ബാധിക്കില്ലെന്ന് സത്യകി സവര്‍ക്കര്‍ കോടതിയില്‍ വാദിച്ചു. ‘വീര്‍’, ‘സ്വാതന്ത്ര്യവീര്‍’ തുടങ്ങിയ പദവികള്‍ ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കുന്നതല്ല, മറിച്ച് പൊതുജനങ്ങളും വിപ്ലവ പ്രസ്ഥാനങ്ങളും അവരുടെ അസാധാരണമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് നല്‍കുന്നതാണ്. അന്തമാനിലേക്ക് അയക്കപ്പെടുന്നതിന് മുന്‍പ് തന്നെ വിദേശത്തുള്ള വിപ്ലവ സംഘടനയായ ‘ഗദര്‍’ പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ സവര്‍ക്കറിനെ ‘വീര്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു.
അക്കാലത്ത് ശിക്ഷാ കാലാവധി കുറയ്ക്കുന്നതിനായി ദയാഹരജി സമര്‍പ്പിക്കുക എന്നത് സാധാരണവും നിയമവിധേയവുമായ ഒരു പ്രക്രിയ മാത്രമായിരുന്നു. സവര്‍ക്കറിനെ കൂടാതെ മറ്റ് പല തടവുകാരും ഈ മാര്‍ഗം സ്വീകരിച്ചിരുന്നു. ഇതില്‍ അസ്വാഭാവികതയോ നിയമവിരുദ്ധതയോ ഇല്ല.
ഹരജികളില്‍ ഉപയോഗിച്ചിരുന്ന ഭാഷ വിനയം നിറഞ്ഞതായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അത് അന്നത്തെ ഔദ്യോഗിക ഭരണപരമായ നടപടിക്രമങ്ങളുടെ ഭാഗം മാത്രമായിരുന്നു. അതിനെ ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള കൂറോ വിധേയത്വമോ ആയി വ്യാഖ്യാനിക്കാന്‍ കഴിയില്ല.
കൂടാതെ, ഈ ഹരജികളിലൂടെ തന്റെ മോചനം മാത്രമല്ല, അന്തമാന്‍ ജയിലില്‍ ദീര്‍ഘകാലമായി ദുരിതമനുഭവിക്കുന്ന മറ്റ് തടവുകാരുടെ മോചനവും സവര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നു.
ഭഗത് സിങ്, ബടുകേശ്വര്‍ ദത്ത്, രാജ്ഗുരു, സുഖ്ദേവ്, അഷ്ഫാഖുള്ള ഖാന്‍ തുടങ്ങിയ വിപ്ലവകാരികള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് മുന്നില്‍ ഇത്തരത്തിലുള്ള ദയാഹരജികള്‍ സമര്‍പ്പിക്കാന്‍ തയ്യാറാകാത്തവരായിരുന്നു എന്ന് സത്യകി കോടതിയില്‍ സമ്മതിച്ചു.
തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളിലും തത്വങ്ങളിലും അവസാനം വരെ ഉറച്ചുനിന്ന ഭഗത് സിങ്ങും മറ്റ് വിപ്ലവകാരികളും ബ്രിട്ടീഷുകാരുമായി യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും സത്യകി കൂട്ടിച്ചേര്‍ത്തു.
ഭഗത് സിങ്ങിനെയും രാജ്ഗുരുവിനെയും തൂക്കിലേറ്റിയതിന്റെ പിറ്റേന്ന് സവര്‍ക്കര്‍ ഭഗത് സിങ്ങിനെ ‘വീര്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കവിത എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
2023 മാര്‍ച്ചില്‍ ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് ഈ നിയമപോരാട്ടത്തിന് കാരണമായത്. സവര്‍ക്കറും അദ്ദേഹത്തിന്റെ അഞ്ചാറ് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മുസ്‌ലിം വ്യക്തിയെ മര്‍ദ്ദിച്ചതായും അതില്‍ താന്‍ ആനന്ദം കണ്ടെത്തിയതായും സവര്‍ക്കര്‍ സ്വന്തം പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം തികച്ചും വസ്തുതാവിരുദ്ധവും സവര്‍ക്കറുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് സത്യകി ആരോപിച്ചു. സവര്‍ക്കര്‍ ഇത്തരമൊരു സംഭവം ഒരിടത്തും എഴുതിയിട്ടില്ലെന്നും അങ്ങനെയൊരു പുസ്തകം നിലവിലില്ലെന്നുമാണ് സത്യകിയുടെ വാദം. പൂനെ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് കണ്ടെത്തിയിരുന്നു.
സവര്‍ക്കര്‍ | രാഹുല്‍ ഗാന്ധി
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അമോല്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പൂനെയിലെ പ്രത്യേക കോടതിയില്‍ ഈ കേസിന്റെ വിസ്താരവും തെളിവെടുപ്പും തുടര്‍ന്നു വരികയാണ്.
സവര്‍ക്കര്‍ പുറത്തിറങ്ങിയാല്‍ വീണ്ടും വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും അത് ബ്രിട്ടീഷ് ഭരണത്തിന് വലിയ ഭീഷണിയാകുമെന്നും ഭയന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ദയാഹരജികള്‍ തള്ളിക്കളഞ്ഞതെന്നും സത്യകി കോടതിയെ അറിയിച്ചു.
ഈ കേസില്‍ ജൂലൈ ഒന്നിന് കോടതി വിസ്താരം തുടരും.
Content Highlight: Savarkar filed 10 apology petitions; grandson Satyaki Savarkar in court in defamation case against Rahul Gandhi