| Monday, 21st July 2025, 5:54 pm

V.S Achuthanandan: തോല്‍വിയിലും ജയിക്കുന്ന, എപ്പോഴും പ്രതിപക്ഷ സ്വരമുള്ള ഒറ്റയാന്‍: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നല്‍കിയ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വിഎസ് നിലയുറപ്പിച്ചതെന്നും സതീശന്‍ അനുസ്മരിച്ചു.

വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ചുള്ള വി.ഡി. സതീശന്റെ കുറിപ്പ്

‘പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നല്‍കിയ നേതാവാണ് വി.എസ്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. കൊക്കകോളയ്ക്ക് എതിരായ സമരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടിയും ജലചൂഷണത്തിന് എതിരെയും നടത്തിയ സമരങ്ങളിലും വി.എസ്. ഭാഗഭാക്കായി.

നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു വി.എസിന്. എതിരാളികള്‍ക്കും പുറമെ സ്വന്തം പാര്‍ട്ടി നേതാക്കളും ആ നാവിന്റെ ചൂടറിഞ്ഞു. പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ നേടിയതിന് ശേഷമാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിന് പരിമിതികളുണ്ടായിരുന്നു. പക്ഷെ ആ പരിമിതിയെ വി.എസ് പരിഗണിച്ചതേയില്ല.

പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും ഞാന്‍ അടുത്തറിയാന്‍ ശ്രമിച്ചയാളാണ് വി.എസ്. 2006 മുതല്‍ 11 വരെ അന്നത്തെ പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിക്കുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ ഞങ്ങളെല്ലാമുണ്ടായിരുന്നു. ഭൂപ്രശ്‌നങ്ങളിലും അനധികൃത ഭൂമി ഇടപാടുകള്‍ക്കെതിരെയും പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന വി.എസും നിന്നെന്നാണ് ഞാന്‍ കരുതുന്നത്.

ഉദാഹരണത്തിന് എറണാകുളത്തെ തോഷിബാ ആനന്ദിന്റെ 200 കോടിയിലധികം വിലവരുന്ന ഭൂമി സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് അഞ്ചര കോടിക്ക് കൈമാറാനുള്ള നീക്കം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. വി.എസ് അതില്‍ ഇടപെട്ടു. ഭൂമി സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി.

ഒരു നിയമസഭാംഗമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിന് ഞാന്‍ നന്ദി പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന നിങ്ങള്‍ക്ക് നന്ദി പറയുന്നെന്നായിരുന്നു വി.എസിന്റെ മറുപടി.

ലോട്ടറി വിവാദം ഉള്‍പ്പെടെ കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി.എസ്. സ്വീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയമായി വി.എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചില്ല. വി.എസിന് ആദരാഞ്ജലികള്‍’

ഇന്ന് വൈകീട്ട് മൂന്നേ കാലോടെയാണ് വി.എസ്. അന്തരിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്ന് ഒരുമാസമായി തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അടുത്തിടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും വീണ്ടും വഷളാവുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കം മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളും കോണ്‍ഗ്രസ് നേതാവായ വി.എം. സുധീരന്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

വി.എസിന്റെ ഭൗതികദേഹം എ.കെ.ജി. സെന്ററിലേക്ക് കൊണ്ടുവരും. രാത്രിയോടെ ഭൗതികദേഹം തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. നാളെ രാവിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

ശേഷം ദേശീയപാത വഴി രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ച കഴിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടില്‍ വെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

Content Highlight: VD Satheeshan pays tribute to VS Achuthanandan

We use cookies to give you the best possible experience. Learn more