തിരുവനന്തപുരം: കേരളം ഞെട്ടാന്‍ പോകുന്ന ഒരു വാര്‍ത്ത വരുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.ഐ.എം ഈ കാര്യത്തില്‍ അധികം കളിക്കേണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഇലക്ഷനൊക്കെ ഇനിയും എത്രയോ ദിവസമുണ്ടെന്നും അത് വരെയൊന്നും പോകില്ലെന്നുമായിരുന്നു വി.ഡി സതീശന്‍ പറഞ്ഞത്. താന്‍ പറയുന്ന കാര്യങ്ങളൊന്നും വൈകാറില്ലല്ലോയെന്നും ഭീഷണിയാണെന്ന് തന്നെ വെച്ചോയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വാര്‍ത്ത പാലക്കാട് നിന്നാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
‘സി.പി.ഐ.എമ്മുകാര്‍ ഈ കാര്യത്തില്‍ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകുന്ന ഒരു വാര്‍ത്ത വരുന്നുണ്ട്. കാത്തിരുന്നോളൂ. അധികം വൈകില്ല. ഇലക്ഷന്‍ വരെയൊന്നും പോകില്ല. ഞാന്‍ പറയുന്ന കാര്യങ്ങളൊന്നും അധികം വൈകാറില്ലല്ലോ,’ വി.ഡി സതീശന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് ഹൗസിലേക്ക് ബി.ജെ.പിക്കാര്‍ കാളയുമായി നടത്തിയ പ്രതിഷേധത്തേയും സതീശന്‍ വിമര്‍ശിച്ചു.
ആ കാളയെ ബി.ജെ.പി കളയരുതെന്നും പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണമെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്.
ആ കാളയുമായിട്ട് രാജീവ് ചന്ദ്രശേഖരന്റെ വീട്ടിലേക്ക് ഒരു പ്രകടനം നടത്തേണ്ട ആവശ്യം പെട്ടെന്നുണ്ടാകുമെന്നും കാരണം ഇപ്പോള്‍ പറയുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Content Highlight: VD satheesan Warning to cpim