| Sunday, 29th June 2025, 4:18 pm

ആരോഗ്യ കേരളം വെന്റിലേറ്ററില്‍; മന്ത്രിയാണെങ്കില്‍ '2010ല്‍ എത്ര രോഗികള്‍ ഉണ്ടായിരുന്നു? ഇപ്പോളെത്ര കൂടി' എന്നാണ് ചോദിക്കുന്നത്: പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളി വിഭാഗം മേധാവി ഡോ. ഹാരിസ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയിലും നിയമസഭയ്ക്ക് പുറത്തും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവിയില്‍ നിന്നും പുറത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പറവൂര്‍ ടി.ബിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമാണ് ഡോ. ഹാരിസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചത്.

എല്ലാ മെഡിക്കല്‍ കോളേജുകളിലും ഇത് തന്നെയാണ് അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ജറി ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂല് പോലും ഇല്ലാത്ത മെഡിക്കല്‍ കോളേജുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ഇരന്നു മടുത്തെന്നാണ് ഡോക്ടര്‍ ഹാരിസ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ രോഗികള്‍ കടം വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. രോഗി തന്നെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി എത്തേണ്ട അവസ്ഥയാണ്. നിരവധി ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ഇത് കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെ.എസ്.എസ്.കെയും നിലച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്. കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്ന് വിതരണ കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. പല കമ്പനികളും മരുന്നിന്റെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തി. മരുന്നിന്റെയും സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും ക്ഷാമം സംബന്ധിച്ച വിഷയം 2025 മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് തേടുമെന്നാണ് മന്ത്രി പറയുന്നത്. ഇതേ ആരോഗ്യമന്ത്രി തേടിയ റിപ്പോര്‍ട്ടുകള്‍ കൂട്ടിവെച്ചാല്‍ നിരവധി വോള്യങ്ങള്‍ വേണ്ടിവരും. ഇത് സ്ഥിരം പരിപാടിയാണ്. 2010ല്‍ എത്ര രോഗികള്‍ ഉണ്ടായിരുന്നു? ഇപ്പോള്‍ എത്ര പേര്‍ കൂടി എന്നാണ് മന്ത്രി ചോദിക്കുന്നത്. ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ത്തു. ഈ സര്‍ക്കാര്‍ പി.ആര്‍ ഏജന്‍സികളെ വെച്ച് നടത്തുന്ന നറേറ്റീവും പ്രൊപ്പഗഡയുമല്ല യഥാര്‍ത്ഥ ആരോഗ്യ കേരളമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

യഥാര്‍ത്ഥ ആരോഗ്യ കേരളത്തിന്റെ സിസ്റ്റം തകര്‍ന്നു പോയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് മരണം മറച്ചുവച്ചെന്ന് പറഞ്ഞപ്പോള്‍ ചക്ക വീണ് ചത്തതൊന്നും കൊവിഡ് മരണത്തില്‍ കൂട്ടില്ലെന്നാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. അതിനുശേഷം സര്‍ക്കാര്‍ മറച്ചുവച്ച 27000 കൊവിഡ് മരണങ്ങള്‍ പുറത്തുവന്നു. ഇപ്പോള്‍ ആരോഗ്യ വകുപ്പിനാണ് ചികിത്സ വേണ്ടത്. കൊവിഡ് കാലത്ത് കൊള്ള നടത്തി. കാലാവധി കഴിഞ്ഞ മരുന്നുകള്‍ പോലും വിതരണം ചെയ്തു. പ്രതിപക്ഷത്തിന്റെ ആരോപണം സി.എ.ജിയും ശരിവെച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

എല്ലാ പകര്‍ച്ചവ്യാധികളും കേരളത്തിലുണ്ട്. അത് തടയാനുള്ള ഒരു സംവിധാനവുമില്ല. കൊവിഡിന് ശേഷം മരണനിരക്ക് കൂടിയിട്ടും അതേക്കുറിച്ച് ഒരു പഠനവുമില്ല. പ്രതിപക്ഷം ഇക്കാര്യം പറഞ്ഞപ്പോള്‍ ശാസ്ത്രീയമായ അടിത്തറയില്ലെന്നാണ് മന്ത്രി പറഞ്ഞത്. ആരോഗ്യ രംഗത്തെ മെച്ചപ്പെടുത്താനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നില്ല. വര്‍ഷങ്ങള്‍ കൊണ്ട് കേരളം ആര്‍ജ്ജിച്ചെടുത്ത ആരോഗ്യ രംഗത്തെ നേട്ടങ്ങളാണ് ഇവര്‍ ഇല്ലാതാക്കുന്നത്. മന്ത്രിയുടെ ഓഫീസ് മറ്റാരൊക്കെയോ ആണ് ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മരുന്ന് ഇല്ലാത്ത കാര്യം അറിഞ്ഞില്ലെന്നാണ് മന്ത്രി പറയുന്നത്. പ്രതിപക്ഷം തന്നെ എത്രയോ തവണ ഇക്കാര്യം നിയമസഭയില്‍ പറഞ്ഞതാണ്. ആരോപണം ഉന്നയിച്ച ഡോക്ടറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും മന്ത്രി അറിഞ്ഞില്ല. 300 കോടി രൂപയുടെ പദ്ധതി വിഹിതമാണ് ധനമന്ത്രി റദ്ദാക്കിയത്. ഒന്നിനും പണമില്ല. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. അതിനെ രക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പഠിക്കുന്നതിന് വേണ്ടി യു.ഡി.എഫ് നിയോഗിക്കുന്ന ഹെല്‍ത്ത് കമ്മിഷന്‍ നാളെ (തിങ്കള്‍) മുതല്‍ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ മാസത്തില്‍ തന്നെ ഹെല്‍ത്ത് കോണ്‍ക്ലേവും ചേരും. ഇതിനുശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ആരോഗ്യ മേഖലക്കെതിരെ പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കേരളം ധനപ്രതിസന്ധിയിലാണെന്ന് പറയുന്നത് വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി നിലമ്പൂരില്‍ പറഞ്ഞത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവന്‍ മരുന്നും നൂലുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ പോകേണ്ട അവസ്ഥയാണ്. ഈ സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം എന്താണ്? പുരോഗതി കാണിക്കാനാണ് മന്ത്രി 15 വര്‍ഷം മുന്‍പുള്ള കണക്കുമായി മന്ത്രി താരതമ്യം ചെയ്യുന്നത്. പുറത്ത് പറയാന്‍ എല്ലാവര്‍ക്കും പേടിയാണ്. ആദ്യം മന്ത്രി ഡോക്ടറെ വിരട്ടാന്‍ ശ്രമിച്ചുവെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

എല്‍.ഡി.എഫ് സഹയാത്രികനാണ് ഡോക്ടര്‍ ഹാരിസ്. അതേ ആളാണ് ആരോപണം ഉന്നയിച്ചത്. അല്ലാതെ ഈ പോസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ല. സമ്മര്‍ദത്തെ തുടര്‍ന്നാകും ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍ ഇന്നലെ (ശനി) പറഞ്ഞതിനേക്കാള്‍ ശക്തിയിലാണ് അദ്ദേഹം ഇന്ന് (ഞായര്‍) കാര്യങ്ങള്‍ പറഞ്ഞത്. മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രതിപക്ഷം ഈ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും പരിഹാസത്തോടെയുള്ള മറുപടിയാണ് മന്ത്രി നല്‍കുന്നത്. മന്ത്രിയുടെ മറുപടി തൃപ്തികരമല്ല. ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.

അശാസ്ത്രീയമായ വാക്‌സിനേഷനും ചികിത്സയും സര്‍ക്കാര്‍ അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സമാന്തര ചികിത്സ ഉണ്ടാകുന്നത് അപകടകരമാണെന്നും മുന്നറിയിപ്പ് നല്‍കി.

വയനാട്ടില്‍ കൊല ചെയ്യപ്പെട്ട സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനത്തിന് എതിരെ കോടതിയില്‍ പോയ സര്‍ക്കാരാണിതെന്നും പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ചു. എസ്.എഫ്.ഐക്കാര്‍ ക്രൂരമായി റാഗ് ചെയ്ത കേസിലാണ് സര്‍ക്കാരിന്റെ നടപടി. മനസാക്ഷിയില്ലാത്ത സര്‍ക്കാരാണിത്. ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Content Highlight: VD Satheesan says Health Kerala on ventilator

We use cookies to give you the best possible experience. Learn more