| Wednesday, 29th January 2025, 6:59 pm

ഘടകകക്ഷികളെ പോലും ബോധിപ്പിക്കാനാവാത്ത വിഷയങ്ങളാണ് പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത്; എം.ബി. രാജേഷിന് വി.ഡി. സതീശന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട്ടെ മദ്യനിര്‍മാണ ഫാക്ടറിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണത്തിനുള്ള കൃത്യമായ തെളിവായാണ് കാബിനറ്റ് രേഖ പുറത്തുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ഒരു വകുപ്പും അറിയാതെ എക്‌സൈസ് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞാണ് ഒയാസിസ് കമ്പനിയുടെ മദ്യനിര്‍മാണ പ്ലാന്റിന് അനുമതി നല്‍കിയതെന്ന ആരോപണത്തിനുള്ള കൃത്യമായ തെളിവായാണ് കാബിനറ്റ് രേഖ പുറത്തുവിട്ടതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

മാധ്യമങ്ങളിലൂടെയോ അല്ലാതെയോ കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ കാബിനറ്റ് നോട്ട് ഇതുവരെ ഉണ്ടായിരുന്നില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മറ്റൊരു വകുപ്പുമായും ചര്‍ച്ച ചെയ്യാതെ അതീവ രഹസ്യമായി മദ്യനിര്‍മാണ പ്ലാന്റിന് അനുമതി നല്‍കിയത് എന്തിന് എന്ന ചോദ്യത്തിന് എക്‌സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Also Read: എലപ്പുള്ളിയിലെ ബ്രൂവറിക്ക് വേണ്ടി ഒരു തുള്ളി ഭൂഗര്‍ഭജലം എടുക്കില്ല, എടുക്കാന്‍ അനുവദിക്കില്ല: എം.ബി. രാജേഷ്

മദ്യനയം മാറിയത് ആരുമറിഞ്ഞില്ല എന്നായിരുന്നില്ല പ്രതിപക്ഷത്തിന്റെ ആരോപണം. മാറിയ മദ്യനയം അനുസരിച്ച് പുതിയ മദ്യനിര്‍മാണശാലക്ക് അനുമതി കൊടുത്തത് ആരും അറിഞ്ഞില്ല എന്നായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ പ്രത്യേകിച്ച് പാലക്കാട് ജില്ലയില്‍ സമാനമായ ബിസിനസ് നടത്തുന്ന ഡിസ്റ്റിലറികള്‍ പോലും അറിയാതെ എങ്ങിനെയാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് കമ്പനി മാത്രം ഇതറിഞ്ഞത്? അതിനും മന്ത്രിക്ക് മറുപടിയില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പുതിയ മദ്യനയം വരുന്നതിന് മുമ്പ് എങ്ങനെയാണ് ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയതെന്നും അദ്ദേഹം ചോദിച്ചു. കോളജ് തുടങ്ങാന്‍ എന്ന പേരിലാണ് സ്ഥലം വാങ്ങിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. രൂക്ഷമായ കുടിവെള്ളക്ഷാമവും കൃഷിക്കാവശ്യമായ വെള്ളത്തിന്റെ ദൗര്‍ലഭ്യവും അനുഭവിക്കുന്ന വിണ്ടു കീറിക്കിടക്കുന്ന പാലക്കാടിനെയാണ് സുലഭമായ വെള്ളമുള്ള ജില്ലയാക്കി മന്ത്രി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മദ്യനിര്‍മാണശാല പൂര്‍ത്തിയാകുമ്പോള്‍, ആവശ്യമായ വെള്ളമെന്ന പേരില്‍ മന്ത്രി പറഞ്ഞ കണക്കും കമ്പനിയുടെ ആവശ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

‘മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്ക് വെച്ച കുറിപ്പിലും ഒയാസിസ് കമ്പനിയെ മുക്തകണ്ഡം പ്രശംസിക്കുന്നുണ്ട്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 20 വര്‍ഷമായി നടത്തി വിജയിപ്പിച്ച പരിചയസമ്പന്നത എന്നൊക്കെയാണ് പറയുന്നത്.

പക്ഷെ അപ്പോഴും ഇതേ കമ്പനിയുടെ ഉടമ ദല്‍ഹി മദ്യനയ കോഴക്കേസില്‍ അറസ്റ്റിലായതും ഹരിയാനയില്‍ നാലു കിലോമീറ്റര്‍ ദൂരത്തില്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിന് നിയമനടപടി നേരിടുന്നതും ബോധപൂര്‍വം മറച്ചുവെച്ചു. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് എക്‌സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ല,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

മദ്യ ഉത്പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്ന മദ്യനയത്തിലെ വ്യവസ്ഥയുടെ മറവില്‍ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ്‌സ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈന്‍ പ്ലാന്റ് എന്നിവയ്ക്ക് ഒറ്റയടിക്ക് അനുമതി നല്‍കിയത് എങ്ങനെ എന്ന ചോദ്യത്തിനും മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം മുന്നണിയിലെ ഘടകകക്ഷികളപ്പോലും ബോധ്യപ്പെടുത്താനാകാത്ത കാര്യങ്ങളാണ് മന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിനെ വ്യാജ ആരോപണങ്ങള്‍ കൊണ്ട് പ്രതിരോധിക്കുന്നത് സി.പി.ഐ.എമ്മിന്റെ സ്ഥിരം ശൈലിയാണ്. അത് ഇവിടെ വിലപ്പോകില്ല. എവിടെ വെച്ചാണ് എക്സൈസ് മന്ത്രിയും ഒയാസിസ് കമ്പനിയുടമകളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്? എന്താണ് ഡീല്‍ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇത്രയും വിവാദങ്ങള്‍ ഉണ്ടായിട്ടും ഒയാസിസ് കമ്പനിയുടെ ഭാഗത്ത് നിന്നും ഒരു വിശദീകരണ കുറിപ്പ് പോലും ഇറങ്ങിയിട്ടില്ലെന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊപ്പഗന്‍ഡ മാനേജരെക്കാള്‍ നന്നായി മന്ത്രി എം.ബി. രാജേഷ് കമ്പനിയെ ന്യായീകരിക്കുന്നത് കൊണ്ടാകാം അവര്‍ അതിന് തയാറാകാത്തതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വിഷയത്തില്‍ ഇടത് മുന്നണിയിലെ ഘടകകക്ഷികളുടെ അഭിപ്രായം കൂടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: VD Satheesan’s reply to MB Rajesh in palakkad liquor factory

Latest Stories

We use cookies to give you the best possible experience. Learn more