| Tuesday, 5th August 2025, 8:37 pm

'ഇബ്രാഹിംകുഞ്ഞിനെ ജയിലിലടക്കാന്‍ പറഞ്ഞവര്‍'; ചെങ്ങന്നൂരില്‍ പാലം തകര്‍ന്നതിന്റെ ഉത്തരവാദിത്തം മുഹമ്മദ് റിയാസ് ഏറ്റെടുക്കണം: പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചെങ്ങന്നൂരില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന പാലം തകര്‍ന്നുവീണതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പും മന്ത്രി പി.എ. മുഹമ്മദ് റിയാസും ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് പിണറായിയുടെതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ദല്‍ഹിയിലെ കേരള ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂരില്‍ പാലം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചിരിക്കുകയാണ്. പാലം നിര്‍മാണത്തിലെ അഴിമതിയാണ് പാലം തകരാന്‍ കാരണമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. പാലാരിവട്ടം പാലത്തിന് സംഭവിക്കാത്തതാണ് ഇവിടെ സംഭവിച്ചത്. പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് ആക്ഷേപിച്ചവരാണ് ഇടതുപക്ഷമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കോടതി ഇല്ലായിരുന്നെങ്കില്‍ ഇബ്രാഹിംകുഞ്ഞ് ജയിലില്‍ കിടക്കേണ്ടി വന്നേനെയെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഇവര്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലേ? ഹൈവെ തകര്‍ന്നുവീണപ്പോള്‍ കേന്ദ്രത്തിനോ ഉപരിതല ഗതാഗത വകുപ്പിനോ എന്‍.എച്ച്.എ.ഐക്കോ എതിരെ കേരള സര്‍ക്കാരിന് ഒരു പരാതിയുമില്ലായിരുന്നു. സമ്മാനപ്പെട്ടിയും പൊന്നാടയുമായാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നിതിന്‍ ഗഡ്ഗരിയെ കാണാനെത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഹൈവെയുടെയും പൊതുമരാമത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപക അഴിമതി നടക്കുകയാണ്. ഇതിന് ഉത്തരം പറഞ്ഞേ മതിയാകൂ. പാലം പൊളിഞ്ഞ് വീണതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. പാലം തകര്‍ന്നതിനെ കുറിച്ച് അന്വേഷണം നടത്തണം. ഇബ്രാഹിംകുഞ്ഞിനെതിരെ രാഷ്ട്രീയ വേട്ടയാണ് നടത്തിയത്. എന്‍ജിനീയറിങ് പിഴവില്‍ മന്ത്രിക്ക് എന്ത് പങ്കാണുള്ളത്. ഇബ്രാഹിംകുഞ്ഞിനോട് മര്യാദകേടാണ് കാണിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇക്കാര്യത്തില്‍ ഉത്തരം പറഞ്ഞേ മതിയാകൂ. പാലാരിവട്ടം പാലത്തിന് പിഴവ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണിവര്‍. ഇതൊക്കെ കാലം പറയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാളുടെ കാല് വെട്ടിയ കേസില്‍ 30 വര്‍ഷത്തിനുശേഷം സുപ്രീം കോടതി അപ്പീല്‍ തള്ളി പ്രതികള്‍ ജയിലിലേക്ക് പോകുമ്പോള്‍ സമുന്നതയായ നേതാവിന്റെ സാന്നിധ്യത്തില്‍ സി.പി.ഐ.എം യാത്രയയപ്പ് നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കെ.കെ. ശൈലജ ഒരു അധ്യാപിക കൂടിയായിരുന്നു. ഇതിലൂടെ സി.പി.ഐ.എം എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. വേണ്ടപ്പെട്ട ആളുകള്‍ കാല് വെട്ടിയാലും തല വെട്ടിയാലും അവര്‍ക്കൊപ്പമാണെന്നാണ് കെ.കെ. ശൈലജ സമ്മതിച്ചിരിക്കുന്നത്. അവര്‍ പറഞ്ഞ വാചകം മാറിയെന്ന് മാത്രമെയുള്ളൂ. കെ.കെ. ശൈലജയും അവരുടെ പാര്‍ട്ടിയും ആരാണെന്നാണ് തുറന്നുകാട്ടപ്പെട്ടത്. അവര്‍ പഠിപ്പിച്ച കുട്ടികളെ ഓര്‍ത്താണ് സങ്കടം വരുന്നത്. ഇവരൊക്കെയാണല്ലോ കുട്ടികളെ പഠിപ്പിച്ചത്. ഒരു അധ്യപികയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും അവര്‍ ഒരിക്കലും അവിടെ പോകാന്‍ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരു ആളുടെ കാല്‍ വെട്ടിയ കേസാണ്. ദുബായില്‍ ജോലിക്ക് പോകുന്നത് പോലെയാണ് പ്രതികളെ ജയിലിലേക്ക് യാത്രയാക്കിയത്. കാലുവെട്ടിയ കേസിലെ പ്രതികള്‍ക്ക് സമ്മേളനം നടത്തി യാത്രയയപ്പ് നല്‍കുന്ന സി.പി.ഐ.എം എന്ത് പാര്‍ട്ടിയാണ്? 51 വെട്ടുവെട്ടി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. കോടതിയില്‍ നിന്നും പുറത്ത് വരുമ്പോള്‍ ഭക്ഷണവും മദ്യവും നല്‍കുകയാണെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

ജയിലില്‍ ഒരു എയര്‍ കണ്ടീഷന്റെ കുറവ് മാത്രമെയുള്ളൂ. ജയിലില്‍ ഭക്ഷണത്തിന്റെ മെനു തീരുമാനിക്കുന്നത് പ്രതികളാണ്. ടി.പി കേസിലെ ഗൂഡാലോചനാ വിവരങ്ങള്‍ പുറത്ത് പറയുമെന്ന് പറഞ്ഞ് പ്രതികള്‍ സി.പി.ഐ.എം നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് അവര്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നത്. ജയിലില്‍ കിടന്നുകൊണ്ടാണ് ഈ പ്രതികള്‍ കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് പുറത്തുള്ളവര്‍ക്കാണ് ബുദ്ധിമുട്ട്. ഗോവിന്ദച്ചാമി ഉള്‍പ്പെടെ ജയിലിനുള്ളിലുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുകയാണ്. 834 ആക്രമണങ്ങളാണ് ഒരു വര്‍ഷത്തിനിടെ നടന്നത്. നിരവധി വൈദികരും പാസ്റ്റര്‍മാരും ജയിലിലാണ്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തുകയാണ്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി അരമനകളില്‍ വരുന്നതെന്നും അവരെ സൂക്ഷിക്കണമെന്നും 2023ലെ ക്രിസ്മസ് കാലത്ത് തന്നെ തങ്ങള്‍ പറഞ്ഞതാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ഇപ്പോള്‍ അത് ബോധ്യപ്പെട്ടു. അതാണ് ഇപ്പോള്‍ നടക്കുന്നത്. ബി.ജെ.പിക്കാര്‍ ഇടപെട്ടിട്ടല്ല, കോടതിയാണ് ജാമ്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡ് സര്‍ക്കാരും ബജ്റംഗ്ദളിന്റെ അഭിഭാഷകരും ജാമ്യാപേക്ഷയെ ശക്തിയായി എതിര്‍ത്തിട്ടും ഒരു കേസുമില്ലെന്ന് ബോധ്യപ്പെട്ടിട്ടാണ് കോടതി ജാമ്യം നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരായ കേസ് പിന്‍വലിക്കണം. കേസ് റദ്ദാക്കാനുള്ള നടപടികള്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും എല്ലാ പിന്തുണയും നല്‍കും. കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടില്ലെന്നത് തെറ്റായ പ്രചരണമാണെന്നും വി.ഡി. സതീശന്‍ ന്യായീകരിച്ചു.

എം.പിമാരുടെ ആദ്യ സംഘത്തിന് അനുമതി നിഷേധിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലാണ് ജയിലില്‍ പോയി കന്യാസ്ത്രീകളെ സന്ദര്‍ശിച്ചത്. അദ്ദേഹവുമായി താനും ഫോണില്‍ സംസാരിച്ചു. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ബി.ജെ.പിക്കാര്‍ ഒഴികെ എല്ലാവരും അതൊക്കെ കണ്ടതാണ്. വനിതകള്‍ അവിടെ പ്രകടനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ മുഖ്യമന്ത്രിക്ക് പുറമെ പി.സി.സി അധ്യക്ഷനും എ.ഐസി.സി ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും എല്ലാ സഹായങ്ങളും നല്‍കി. റോജി എം. ജോണും സജീവ് ജോസഫും അവിടെ ക്യാമ്പ് ചെയ്തു. നിയമപരമായ സഹായങ്ങളെല്ലാം റോജി എം. ജോണ്‍ ചെയ്തുകൊടുത്തു. കോണ്‍ഗ്രസ് നേതൃത്വമാണ് എല്ലാ സഹായങ്ങളും നല്‍കിയത്. കള്ളത്തരം പൊളിഞ്ഞ് കാപട്യം പുറത്ത് വന്നതുകൊണ്ടാണ് ഇത്തരം കഥകള്‍ പറയുന്നതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

കേരളത്തില്‍ കാണിക്കുന്നതല്ല ബി.ജെ.പി മറ്റു സംസ്ഥാനങ്ങളില്‍ കാണിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസിലായി. അത് കുറച്ചുപേര്‍ക്ക് കൂടി മനസിലാകാനുണ്ടായിരുന്നു. അത് ഇപ്പോള്‍ മനസിലായി. ഇത് ‘മെസി ചതിച്ചാശാനെ. എന്ത് ചെയ്യാന്‍ പറ്റും. മോഹന്‍ലാല്‍ വരുമെന്ന് പറഞ്ഞിട്ട് വന്നില്ല, ചതിച്ചാശാനെ’ എന്ന് ഒരു സിനിമയില്‍ മമ്മൂട്ടി പറയുന്നത് പോലെയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പുനസംഘടനയില്‍ എം.പിമാര്‍ അതൃപ്തി രേഖപ്പെടുത്തിയെന്നത് തെറ്റായ വാര്‍ത്തകളാണ്. കോണ്‍ഗ്രസില്‍ ഒരു അനൈക്യവുമില്ല. എല്ലാവരുമായും കൂടിയാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എം.പിമാര്‍ ഇവിടെയുള്ളത് കൊണ്ടാണ് കെ.പി.സി.സി അധ്യക്ഷനും സി.എല്‍.പി ലീഡറും ദല്‍ഹിയിലേക്ക് വന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അവരുമായി സംസാരിച്ച് തുടങ്ങിയിട്ടേയുള്ളൂ. പിന്നെ എങ്ങനെയാണ് അതൃപ്തിയുണ്ടാകുന്നത്. കോണ്‍ഗ്രസിന് പിന്നാലെ മൈക്രോ സ്‌കോപിക് ലെന്‍സുമായി മാധ്യമങ്ങള്‍ നടക്കരുത്. കോണ്‍ഗ്രസില്‍ അനൈക്യമെന്നും എം.പി വന്നില്ലെന്നും ബിഗ് ബ്രേക്കിങ് നല്‍കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് മാത്രമെ വാര്‍ത്തയുള്ളോ. വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമങ്ങളുടെ ക്രെഡിബിലിറ്റി ഇല്ലാതാകുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: Opposition leader said Muhammad Riyas should take responsibility for the bridge collapse in Chengannur

We use cookies to give you the best possible experience. Learn more