| Wednesday, 20th May 2026, 1:04 pm

വന്ദേമാതരം പൂര്‍ണമായി ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവന്‍ നിര്‍ദേശമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ചൊല്ലിയതില്‍ ആദ്യമായി പ്രതികരണമറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്ന് സതീശന്‍ പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജ് ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് വന്ദേമാതരം പൂര്‍ണമായി ആലപിച്ചതെന്ന് സതീശന്‍ പറഞ്ഞു. അവിടെ നില്‍ക്കുമ്പോഴാണ് വന്ദേമാതരം പൂര്‍ണമായാണ് പാടുന്നതെന്ന് മനസ്സിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇങ്ങനെ വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന്. അത് രാജ് ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

‘ഞാനും മുഴുവന്‍ കേള്‍ക്കുന്നത് നില്‍ക്കുമ്പോഴാണ്. അതിന്റെ ഇടയില്‍ ചെന്ന് തടസ്സപെടുത്താന്‍ കഴിയുമോ. പിന്നെ അവസാനം അത് ആലപിക്കുമോ എന്നറിയില്ല. അവസാനം ദേശീയ ഗാനം ആണ് ആലപിക്കാറ്,’ മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ വന്ദേമാതരം പൂര്‍ണരൂപം പാടിയതിനെതിരെ സി.പി.എം വിമര്‍ശനമുന്നയിച്ചിരുന്നു. ആര്‍.എസ്.എസ് പ്രസിദ്ധീകരണം ഓര്‍ഗണൈസര്‍ സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകളുമായാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. കേരളം ഇന്ത്യയ്ക്ക് പുറത്തല്ല എന്ന് തെളിയിച്ചിരിക്കുന്നുവെന്നും ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണ് എന്നും അടക്കമുള്ള പരാമര്‍ശങ്ങള്‍ ഓര്‍ഗണൈസര്‍ ലേഖനത്തിലുണ്ടായിരുന്നു.

വന്ദേമാതരത്തിന്റെ എല്ലാ ഈരടികളും സത്യപ്രതിജ്ഞാ ചടങ്ങില്‍ ആലപിച്ചതില്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ നിലപാട് എന്തെന്ന് സി.പി.ഐ.എം നേതാവ് പി.എ മുഹമ്മദ് റിയാസ് ചോദിച്ചിരുന്നു. ”എന്താണ് ഈ വിഷയത്തില്‍ കെ.പി.സി.സി നിലപാട്? എന്താണ് ഘടകകക്ഷികളുടെ നിലപാട്? ഇന്ത്യന്‍ യൂണിയന്‍ മുസ്ലീഗിന്റെയും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെയും നിലപാട് എന്താണ്? സി.എം.പിയുടെയും ആര്‍.എസ്.പിയുടെയും നിലപാട് എന്താണ്?’റിയാസ് ചോദിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഗാനം പൂര്‍ണമായി ആലപിച്ചത് തെറ്റായ നടപടിയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

വന്ദേമാതരം ഗാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആലപിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തന്നെയാണെന്ന് സി.പി.ഐ.എം പറഞ്ഞു.

‘വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. അത് ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ വെട്ടി മാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായി അവതരിപ്പിച്ചത്,’ സി.പി.ഐ.എം പ്രസ്താവനയില്‍ വ്യക്തമാക്കി.

ബംഗാളില്‍ ബി.ജെ.പി ആദ്യമായി അധികാരത്തില്‍ കയറിയപ്പോള്‍ പോലും ദേശീയ ഗീതം പടിയില്ലെന്നും അപ്പോഴാണ് കേരളത്തില്‍ പാടിയതെന്നും സി.പി.ഐ.എം വിമര്‍ശിച്ചിരുന്നു.

Content Highlight: VD Satheesan On Vande Mataram Controversy

Latest Stories

We use cookies to give you the best possible experience. Learn more