| Friday, 8th August 2025, 3:21 pm

ഏകാധിപത്യ രാജ്യങ്ങളില്‍ മാത്രം കണ്ടിട്ടുള്ള തെരഞ്ഞെടുപ്പ് കൃത്രിമമാണ് ഇന്ത്യയില്‍ നടന്നത്: പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രക്രിയയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും എത്രത്തോളം അപകടത്തിലാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

തെരഞ്ഞെടുപ്പ് ജയിക്കാന്‍ വോട്ടര്‍പ്പട്ടികയില്‍ നടത്തിയ കൃത്രിമമാണ് പുറത്തുവന്നത്. 32000 വോട്ടിന് ബി.ജെ.പി ജയിച്ച ബെംഗളൂരു സെന്‍ട്രലിലെ സീറ്റില്‍ ഒരു ലക്ഷത്തിലധികം വോട്ടുകളാണ് കൃത്രിമമായി ചേര്‍ത്തതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തൃശൂര്‍ പഴയന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

ഒരേ പേരില്‍ വിവിധ വോട്ടര്‍മാര്‍, ഒറ്റമുറി വീട്ടില്‍ അറുപതിലധികം വോട്ടര്‍മാര്‍, പിതാവിന്റെ പേരിന് പകരം ഇംഗ്ലീഷ് അക്ഷരങ്ങള്‍, ചിലരുടെ വീട്ടുനമ്പര്‍ പൂജ്യം, കന്നി വോട്ടര്‍മാരുടെ കൂട്ടത്തില്‍ എഴുപതും എണ്‍പതും വയസുള്ളവര്‍. ഇത്തരത്തില്‍ വ്യാപക കൃത്രിമമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പുകളിലും നടത്തിയതെന്നും വി.ഡി. സതീശനും ആവര്‍ത്തിച്ചു.

ഇന്ത്യ ഇതുവരെ കാണാത്തതും ഏകാധിപതികളായ ഭരണാധികാരികളുള്ള രാജ്യങ്ങളില്‍ മാത്രം നടന്നിട്ടുള്ളതുമായ തെരഞ്ഞെടുപ്പ് കൃത്രിമമാണ് രാജ്യത്ത് നടന്നത്. നീതിപൂര്‍വകമായ തെരരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് മോദിയും കൂട്ടരും അധികാരത്തില്‍ ഇരിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ബി.ജെ.പിക്ക് അധികാരത്തില്‍ ഇരിക്കാനുള്ള അര്‍ഹത പോലുമില്ല. കൃത്യതയോടും വ്യക്തതയോടുമുള്ള വെളിപ്പെടുത്തലാണ് തെളിവുകള്‍ സഹിതം ആത്മവിശ്വാസത്തോടെ രാഹുല്‍ ഗാന്ധി അവതരിപ്പിച്ചത്. ഏകാധിപത്യത്തിനും ഫാഷിസത്തിനും വര്‍ഗീയതയ്ക്കും എതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒപ്പം ചേരുമെന്നതില്‍ സംശയമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൂടാതെ തൃശൂര്‍ ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടന്ന അട്ടിമറിയെ കുറിച്ചും അന്വേഷിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യമുന്നയിച്ചു. തൃശൂരില്‍ സംഘപരിവാര്‍ തെറ്റായ രീതിയില്‍ വോട്ട് ചേര്‍ത്തതിനെതിരെ ധാരാളം പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിയമനടപടിയെ കുറിച്ച് യു.ഡി.എഫ് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗം എന്താണെന്ന് സത്യസന്ധമായി വെളിപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തുകയാണ്. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും ശസ്ത്രക്രിയ ഉപകരണം കാണാതെ പോയെന്ന് കള്ളം പറഞ്ഞ് മോഷണക്കുറ്റം ചുമത്താനും ശ്രമിച്ചതായി വി.ഡി. സതീശന്‍ ആരോപിച്ചു.

പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കാണാതെ പോയ ഉപകരണം കണ്ടെത്തി. അതിനുപിന്നാലെയാണ് കേരളം ആദരിക്കുന്ന ഡോക്ടറെ അപകീര്‍ത്തിപ്പെടുന്നതിന് വേണ്ടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സൂപ്രണ്ടും ചേര്‍ന്ന് പത്രസമ്മേളനം നടത്തിയത്. ഡോക്ടറെ അപമാനിച്ച്, ഒന്നും തുറന്നു പറയാതിരിക്കുന്നതിന് വേണ്ടി ആരോഗ്യ പ്രവര്‍ത്തകരുടെ വായടപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തുകയാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡോ. ഹാരിസിന്റെ മേല്‍ ഒരു നുള്ള് മണ്ണ് വാരിയിടാന്‍ അനുവദിക്കില്ല. അദ്ദേഹത്തെ സംരക്ഷിക്കും. ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്ന മുന്നറിയിപ്പാണ് ഡോ. ഹാരിസ് നല്‍കിയത്. അത് ഉള്‍ക്കൊണ്ട് തിരുത്തല്‍ വരുത്തുന്നതിന് പകരം അദ്ദേഹത്തെ വേട്ടയാടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. രോഗികള്‍ക്ക് വേണ്ടി ജീവിക്കുകയും ഒരു രൂപ കൈക്കൂലി വാങ്ങാതിരിക്കുകയും ഒരു ബൈക്കില്‍ മെഡിക്കല്‍ കോളേജില്‍ എത്തുകയും ചെയ്യുന്ന ആളെയാണ് മോഷണക്കുറ്റത്തില്‍പ്പെടുത്തി വേട്ടയാടാന്‍ ശ്രമിച്ചതെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഫീല്‍ ഖാനെ ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടിയതിനേക്കാള്‍ ക്രൂരമായാണ് പിണറായി സര്‍ക്കാര്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡോ. ഹാരിസിനെ വേട്ടയാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹീനമായ നീക്കത്തില്‍ നിന്നും പിന്മാറാന്‍ ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഇതിനെല്ലാം പുറമെ ഒഡീഷയില്‍ വീണ്ടും മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരിക്കുകയാണ്. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ എവിടെ പോയി? മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരെയാണ് ഗ്രാമവാസികളുടെ എതിര്‍പ്പ് മറികടന്ന് എഴുപതോളം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞുവെച്ചത്. എന്നിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മലയാളികളുടെ ബൈക്കിന്റെ പെട്രോള്‍ ഊറ്റുകയും മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തു. വൈദികരെയും കന്യാസ്ത്രീകളെയും ക്രൂരമായാണ് മര്‍ദിച്ചത്. ഒരു വര്‍ഷത്തിനിടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ 835 ആക്രമണങ്ങളാണ് നടന്നത്.

കേരളത്തിലെ കേന്ദ്രമന്ത്രിമാരും രാജീവ് ചന്ദ്രശേഖറും എവിടെ പോയി? ഇതെല്ലാം ചെയ്തിട്ടാണ് ആട്ടിന്‍തോലിട്ട ചെന്നായിക്കളെ പോലെ അരമനകളിലെത്തി കേക്ക് നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ഇതെല്ലാം സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും അജണ്ടയാണ്. പൊതുശത്രുവിനെ ഉണ്ടാക്കി ആ പൊതുശത്രുവിനെ വേട്ടയാടുകയെന്ന ജര്‍മനിയിലെ അതേ രീതിയാണ് ഇന്ത്യയിലും നടപ്പാക്കുന്നത്. രാജ്യത്ത് ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നതിന് എതിര പ്രതിഷേധം ഉയരും. ബി.ജെ.പിയുടെ പൊള്ളത്തരമാണ് ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കൂടാതെ സംസ്ഥാനത്ത് ഉടനീളം വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. അതിനെതിരെയാണ് യു.ഡി.എഫ് മലയോര സമരയാത്ര നടത്തിയത്. മലയോരത്ത് ജീവിക്കുന്ന ജനങ്ങളെ സര്‍ക്കാര്‍ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. മരിച്ചെങ്കില്‍ നഷ്ടപരിഹാരം നല്‍കാമെന്ന രീതിയാണ് വനം മന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗങ്ങളും സ്വീകരിക്കുന്നില്ല. കേരളത്തിലെ വന്യജീവി ആക്രമണത്തെ എങ്ങനെ നേരിടാം എന്നത് സംബന്ധിച്ച് യു.ഡി.എഫ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കും. വന്യജീവി ആക്രമണത്തെ നേരിടാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ടെന്ന് യു.ഡി.എഫ് കാട്ടിത്തരാം. കേരളത്തിലെ വനംമന്ത്രിയും വനം വകുപ്പും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlight: Election fraud in India seen only in authoritarian countries: Opposition leader

We use cookies to give you the best possible experience. Learn more