| Wednesday, 7th January 2026, 3:33 pm

എ.കെ. ബാലന്റെ പ്രസ്താവന ഗുജറാത്തില്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന ബി.ജെ.പി പ്രചരണത്തിന് തുല്യം: വി.ഡി. സതീശന്‍

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് എ.കെ. ബാലന്‍ ഇന്നലെ (ചൊവ്വ) നടത്തിയ പ്രസ്താവന ഇന്ത്യയില്‍ സംഘപരിവാര്‍ നടത്തുന്ന തീവ്രലൈനിന് സമാനമായ ക്യാമ്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‌ലാമി ആയിരിക്കുമെന്നത് സംഘപരിവാര്‍ അജണ്ട ഇന്ത്യയില്‍ എല്ലായിടത്തും നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘപരിവാര്‍ നടത്തുന്ന പ്രചാരണമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന പ്രചരണമാണ് ബി.ജെ.പി നടത്തിയത്. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ഇടയില്‍ മുസ്‌ലിം വിരുദ്ധ വികാരമുണ്ടാക്കി രണ്ട് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയുള്ള അതേ സംഘപരിവാര്‍ തന്ത്രമാണ് എ.കെ. ബാലനും നടത്തിയത്. നാല് പതിറ്റാണ്ട് ജമാഅത്തെ ഇസ്‌ലാമി പിന്താങ്ങിയ കാലത്ത് ആഭ്യന്തര വകുപ്പ് അവരാണോ ഭരിച്ചിരുന്നത്? മനപൂര്‍വമായി വര്‍ഗീയത ഉണ്ടാക്കുന്നതിന് വേണ്ടി സംഘപരിവാറിന്റെ അതേ ശൈലിയില്‍ സി.പി.ഐ.എം ശ്രമിക്കുകയാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ബി.ജെ.പി ഗുജറാത്തില്‍ നടത്തിയതിനേക്കാള്‍ മോശം പ്രസ്താവനയാണ് ബാലന്‍ നടത്തിയത്. സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോടെയാണ് ബാലന്റെ പ്രസ്താവന. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും നടത്തിയ പ്രസ്താവനകള്‍ കൂട്ടിവായിച്ചാല്‍ അത് മനസിലാകും. വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയെ എതിര്‍ത്ത സി.പി.ഐ നേതാവ് ബിനോയ് വിശ്വം എ.കെ. ബാലന്‍ നടത്തിയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ എന്നും ചോദ്യമുണ്ട്.

അതേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്. വെള്ളാപ്പള്ളിയെ എതിര്‍ത്തതിന് ബിനോയ് വിശ്വത്തെ രൂക്ഷമായാണ് സി.പി.ഐ.എം നേതാക്കള്‍ വിമര്‍ശിച്ചത്. ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലിയാണെന്നാണ് പറഞ്ഞത്. ഇടതുമുന്നണി ശിഥിലീകരിക്കപ്പെടുന്നതിന് ഇടയിലാണ് ബി.ജെ.പിയും സംഘപരിവാറും നടത്തുന്നതിന് സമാനമായ വര്‍ഗീയ ക്യാമ്പയിന്‍ സി.പി.ഐ.എം ഏറ്റെടുത്തിരിക്കുന്നതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. അതിന്റെ ഭാഗമായാണ് ഇവര്‍ എല്ലാവരും സമാനമായ രീതിയില്‍ സംസാരിക്കുന്നത്. പ്രബുദ്ധ കേരളം സി.പി.ഐ.എം നേതാക്കള്‍ നടത്തുന്ന വിദ്വേഷ ക്യാമ്പയിന്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടുനിന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറാണെന്ന ഗുരുതര ആരോപണം എസ്.ഐ.ടി കോടതിയില്‍ ഉന്നയിച്ചിരിക്കുകയാണ്. എന്നിട്ടും സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത പത്മകുമാറിനെയും മറ്റു നേതാക്കളെയും സി.പി.ഐ.എം സംരക്ഷിക്കുകയാണ്. പത്മകുമാര്‍ പറഞ്ഞ ദൈവതുല്യനായ ആളെ സംരക്ഷിക്കാനാണോ ഇതൊക്കെ ചെയ്യുന്നതെന്ന് സി.പി.ഐഎം വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ എസ്.ഐ.ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അവരെ സംരക്ഷിക്കുന്ന സമീപനമാണ് സി.പി.ഐ.എം സ്വീകരിക്കുന്നത്. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവര്‍ക്ക് കുടപിടിക്കുകയും അവരെ സംരക്ഷിക്കുകയുമാണ് സി.പി.ഐ.എമ്മും സര്‍ക്കാരും ചെയ്യുന്നത്.

വയനാട്ടില്‍ പ്രഖ്യാപിച്ച പല കാര്യങ്ങളും കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇടപെട്ട് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറ് വീടുകളുടെ പണം കൈമാറി. ലീഗ് പ്രഖ്യാപിച്ച നൂറ് വീടുകളുടെ നിര്‍മാണം തുടങ്ങി. അപ്പോള്‍ തന്നെ ആകെയുള്ള നാനൂറ് വീടുകളില്‍ ഇരുനൂറ് വീടുകളായി. കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകള്‍ക്ക് വേണ്ടി വാങ്ങിയ സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ അടുത്ത ആഴ്ച നടക്കും. രജിസ്ട്രേഷന്‍ കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ പ്ലാന്‍ അംഗീകരിച്ച് നിര്‍മാണം തുടങ്ങും. അതുകൂടി പൂര്‍ത്തിയാകുമ്പോള്‍ വീടുകളുടെ എണ്ണം 300 ആകും. വയനാട്ടില്‍ ആകെ നിര്‍മിക്കുമെന്ന് പറഞ്ഞ നാനൂറ് വീടുകളില്‍ മുന്നൂറും നിര്‍മിക്കുന്നത് കോണ്‍ഗ്രസും കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരുമാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ബാങ്കില്‍ 742 കോടി രൂപ ഇട്ടിരിക്കുമ്പോഴും ചികിത്സാ ചെലവും പലര്‍ക്കും വാടകയും നല്‍കുന്നില്ല. പണം ബാങ്കില്‍ ഇട്ടിട്ട് സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം. തങ്ങള്‍ പ്രഖ്യാപിച്ച മൂന്നൂറ് വീടുകളും അവിടെ വരും. യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപ അടുത്തയാഴ്ച കെ.പി.സി.സിക്ക് കൈമാറും. ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ വെക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍, മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് തങ്ങള്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

നിയമപരമായ പരിശോധന നടത്താതെ ഭൂമി ഏറ്റെടുക്കാനാകില്ല. ഭൂമി കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ ഒരു വര്‍ഷം വൈകിയപ്പോള്‍ തങ്ങള്‍ മൂന്ന് മാസം താമസിക്കാന്‍ പാടില്ലെന്നാണോ എന്നും ചോദ്യമുണ്ട്.

‘ഞാന്‍ പണം തട്ടിയെന്നാണ് വ്യാപകമായി പ്രചരണം നടത്തുന്നത്. സി.പി.ഐ.എമ്മിന്റെ ഒരാള്‍ അവിടെ ഇരുന്ന് എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുന്നുണ്ടല്ലോ. കെ.പി.സി.സിക്ക് സംഭാവനയായി ലഭിച്ച പണം ഞാന്‍ അടിച്ചു മാറ്റിയെന്നതാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാര്‍ഡ്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി ഇരുന്ന 16 വര്‍ഷവും സി.പി.ഐ.എം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടില്‍ കൊണ്ട് പോകുകയായിരുന്നോ? ഞാന്‍ നൂറ് കോടി രൂപ കൊണ്ടുപോയെന്നാണ് പ്രചരിപ്പിക്കുന്നത്. എ.കെ.ജി സെന്ററില്‍ നിങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുകയാണ്. അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒര്‍ജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന്,’ എന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: VD Satheesan against VK Balan’s Jamate islami statement

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more