| Monday, 25th August 2025, 1:00 pm

രാഹുല്‍ രാജിവെക്കുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ? ഏറ്റവും വേണ്ടപ്പെട്ട ആള്‍ക്കെതിരെയാണ് നടപടിയെടുത്തത്: വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പദവിയില്‍ നിന്ന് നീക്കിയ വിഷയത്തില്‍ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

രാഹുല്‍ രാജിവെക്കില്ലേ എന്ന ചോദ്യത്തിന് രാഹുല്‍ രാജിവെക്കുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ എന്നായിരുന്നു വി.ഡി സതീശന്റെ ചോദ്യം.

കേരളത്തില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായിട്ട് ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്രയും കാര്‍ക്കശ്യത്തോടുകൂടിയും ഇത്രയും നിശ്ചയദാര്‍ഢ്യത്തോടുകൂടിയും ഒരു തീരുമാനമെടുക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

‘കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞല്ലോ ഒരു പരാതി ഞങ്ങളുടെ കയ്യിലില്ല. ഒരു തെളിവുകളും ഞങ്ങള്‍ക്കാര്‍ക്കും തന്നിട്ടില്ല. എന്നിട്ടും 24 മണിക്കൂറിനകം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവെച്ചു.

അതിന് ശേഷം പാര്‍ട്ടി ഗൗരവകരമായി ഈ കാര്യം പരിശോധിച്ചു. മുഴുവന്‍ നേതാക്കളുമായി ആശയവിനിമയം നടത്തി. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.

ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടോ. ഞങ്ങളെ കളിയാക്കുന്നവര്‍ പരിഹസിക്കുന്നവര്‍. എം.ബി രാജേഷ് പറയുന്നത് കേട്ടു ഇത് കോംപ്രമൈസ് ആയിപ്പോയെന്ന്.

റേപ്പ് കേസിലെ പ്രതി കൈപൊക്കിയിട്ടാണ് അദ്ദേഹം മന്ത്രിയായിട്ട് നിയമസഭയില്‍ ഇരിക്കുന്നത്. സ്വയം ഒരു ഉളുപ്പുവേണ്ടേ? ഒരു റേപ്പ് കേസിലെ പ്രതി എം.എല്‍.എ ആയിട്ട് ഇരിക്കുകയാണ് സി.പി.ഐ.എമ്മില്‍.

ഞങ്ങളാണോ അത് ചെയ്തത്. സി.പി.ഐ.എം നടപടിയെടുത്തില്ലെന്ന് പറയാം. ബി.ജെ.പിയുടെ ഒരു പോക്‌സോ കേസിലെ പ്രതി ഉന്നതാധികാര സമിതിയിലാണ്. ആരും ഒരു നടപടിയും എടുത്തിട്ടില്ല.

ഇഷ്ടം പോലെ പേരുകള്‍ സി.പി.ഐ.എമ്മില്‍ നിന്ന് തന്നെ പറയാം. ഞങ്ങള്‍ ആരെങ്കിലും അവരുടെ പേര് പറഞ്ഞോ. അവര്‍ക്കെതിരെയൊന്നും ഒരു നടപടിയും എടുത്തിട്ടില്ല.

അതൊക്കെ പറഞ്ഞ് ഞങ്ങള്‍ക്കും ഉഴപ്പാമായിരുന്നു. ആദ്യം തന്നെ ഞങ്ങള്‍ അദ്ദേഹത്തെ മാറ്റിയില്ലേ. സസ്‌പെന്‍ഡ് ചെയ്തില്ലേ. അത് എന്തുകൊണ്ടാണ്? സ്ത്രീകളോടുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ബഹുമാനവും ആദരവുമാണ്. അവരുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോള്‍ ചെയ്തതാണ്.

വേറെ ഒരു പാര്‍ട്ടിയേയും പോലെയല്ല. ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആള്‍ക്കെതിരെയാണ് നടപടി എടുത്തത്. മുന്‍നിരയിലുള്ള ആളാണ്. രക്ഷപ്പെടുത്താനുള്ള ഒരു ശ്രമവും നടത്താതെ ഒരു പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം കാത്തുസൂക്ഷിക്കാനാണ് ഈ തീരുമാനം എടുത്തത്. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തും,’ സതീശന്‍ പറഞ്ഞു.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുപോലും സി.പി.ഐ.എമ്മിന്റെ പ്രധാന സ്ഥാനത്ത് ഇരിക്കുകയല്ലേ ആളുകള്‍. എന്നെ കൊണ്ട് പേര് പറയിപ്പിക്കാന്‍ വേണ്ടിയിട്ടാണോ ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് തൊട്ട് ഇരിക്കുകയല്ലേ. നിങ്ങള്‍ അത് ചോദിക്ക്. എന്നോട് ഈ ചോദിക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കുമോ, ചോദിക്കില്ല.

നിങ്ങള്‍ ആരോടും ചോദിക്കില്ല. ഇപ്പോള്‍ സി.പി.ഐ.എമ്മിന്റെ മഹിളാനേതാക്കള്‍ വന്ന് പറഞ്ഞല്ലോ രാജിവെക്കണമെന്ന്. ഒന്നോ രണ്ടോ പേര്‍ക്കെതിരെയല്ലല്ലോ. എന്നിട്ട് ഒരു നോട്ടീസ് പോലും പാര്‍ട്ടി കൊടുത്തില്ലല്ലോ.

അവര്‍ അവിടെയിരിക്കുമ്പോള്‍ ഇത്രയും ധീരമായ തീരുമാനം ഒരു പാര്‍ട്ടി എടുത്തെങ്കില്‍ അതാണ് കേരളത്തിലെ കോണ്‍ഗ്രസ്,’ വി.ഡി സതീശന്‍ പറഞ്ഞു.

Content Highlight: VD Satheesan about Rahul mamkoottathil Suspension

We use cookies to give you the best possible experience. Learn more