തിരുവനന്തപുരം: ആര്യനാട് കോണ്‍ഗ്രസിന്റെ വനിതാ വാര്‍ഡ് മെമ്പര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ആത്മഹത്യയ്ക്ക് കാരണം സി.പി.ഐ.എം ആണെന്നും കഴിഞ്ഞ ദിവസം അവര്‍ക്കെതിരെ പാര്‍ട്ടി നടത്തിയ പൊതുയോഗത്തിലും അധിക്ഷേപത്തിലും മനം നൊന്താണ് ആത്മഹത്യയെന്നും സതീശന്‍ പറഞ്ഞു.
‘ആര്യനാട് വനിതാ പഞ്ചായത്ത് മെമ്പര്‍ ശ്രീജ ഇന്ന് രാവിലെ ആസിസ് കഴിച്ച് ആത്മഹത്യ ചെയ്തു. ഇന്നലെ അവര്‍ക്കെതിരായ വലിയൊരു പൊതുയോഗമാണ് ‘കോട്ടയ്ക്കകത്തെ കുറവാസംഘം’ എന്ന പേരില്‍ സി.പി.ഐ.എം ഏരിയാ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റും അടക്കം നടത്തിയത്.
ഇവര്‍ക്ക് കുറേ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. അതില്‍ അവരെ അധിക്ഷേപിച്ച് വളരെ മോശമായി സംസാരിച്ചു. അതിന്റെ പ്രയാസത്തിലാണ് അവര്‍ ആത്മഹത്യ ചെയ്തത്.
സി.പി.ഐ.എം എന്തിനാണ് പാവപ്പെട്ട സ്ത്രീകളെ വേട്ടയാടുന്നത്. കേരളത്തില്‍ എത്ര പേരുണ്ട് സാമ്പത്തിക ബാധ്യതയുള്ളവര്‍, എത്ര പേര്‍ക്ക് ജപ്തി നോട്ടീസ് വന്നിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുള്ളവരെ അപമാനിക്കുന്നതിന് വേണ്ടി പൊതുയോഗം നടത്തുന്ന പാര്‍ട്ടിയായി സി.പി.ഐ.എം അധപതിച്ചിരിക്കുന്നു.
400 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ഒരു പഞ്ചായത്ത് മെമ്പറെ അധിക്ഷേപിക്കുന്നതിന് വേണ്ടി പൊതുയോഗം നടത്തി. അതില്‍ മനംനൊന്താണ് അവര്‍ ആത്മഹത്യ ചെയ്തത്.
അവരുടെ ഭര്‍ത്താവും മകളും പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ മൊഴി പോലും എടുക്കാന്‍ പൊലീസ് തയ്യാറായില്ല. അന്വേഷിച്ചിട്ട് മൊഴിയെടുക്കാമെന്ന് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പോലും നീതി കിട്ടിയില്ല. സി.പി.ഐ.എം ഈ വേട്ടയാടല്‍ അവസാനിപ്പിക്കണം.
സ്ത്രീകളെ വേട്ടയാടുന്ന പാര്‍ട്ടിയായി സി.പി.ഐ.എം മാറി. ഉത്തരവാദിത്തപ്പെട്ട ആളുകള്‍ക്കെതിരായി ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം,’ സതീശന്‍ പറഞ്ഞു.
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് മെമ്പറായ പേഴുംകട്ടയ്ക്കല്‍ ശ്രീജ എസ്. (48) ആണ് ഇന്ന് രാവിലെ മരിച്ചത്. ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.
മകളാണ് ശ്രീജയെ മരിച്ച നിലയില്‍ കണ്ടത്. സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് വിവരം. മൂന്നുമാസത്തിന് മുന്‍പ് ഇവര്‍ ചില ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്ക് ഇവര്‍ പണം കൊടുക്കാനുണ്ടെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് പ്രതിഷേധം നടത്തിയിരുന്നു.
Content Highlight: VD Satheesan about Aryanadu Ward member Suicide