തിരുവനന്തപുരം: വി.സിമാർ ആർ.എസ്.എസ് വേദികളിൽ പങ്കെടുക്കുകയും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവങ്ങളിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പ്രതികരണം ദുർബലമാണെന്ന് എസ്.എഫ്.ഐ. വി.സിമാരോട് വിശദീകരണം തേടാനും ആവശ്യമായ നടപടി സ്വീകരിക്കാനും മന്ത്രി തയ്യാറാകണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സംഘപരിവർവത്ക്കരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം മന്ത്രി ആർ.എസ്.എസ്സിന് ദാസ്യവേല ചെയ്യുകയാണെന്ന് പി.എസ്. സഞ്ജീവ് വിമർശിച്ചു. ‘കുട്ടികൾക്കെതിരെ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്ന വി.സി മാർക്കെതിരെ ഒരു പ്രസ്താവന പോലും നടത്താതെ അവരുടെ കാൽക്കീഴിൽ വീണ് കിട്ടാവുന്നതൊക്കെ വാങ്ങിച്ചെടുക്കുകയാണ്,’ പി.എസ്. സഞ്ജീവ് പറഞ്ഞു.
വി.സിമാരുടെ രാഷ്ട്രീയ ബന്ധമുള്ള പരിപാടികളിലെ പങ്കാളിത്തത്തിൽ പ്രോ ചാൻസലർ എന്ന നിലയിൽ മന്ത്രി ഇടപെടണമെന്നും വിശദീകരണം തേടി മാപ്പ് പറയാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ‘മന്ത്രിയോട് ആവശ്യപ്പെടാനുള്ളത് കുറച്ചുകൂടി പരിഷ്കൃത സമൂഹത്തിന് ചേർന്ന നിലയിലേക്ക് ഇതിനെയൊക്കെ കാണണം. വേഷവിധാനത്തിൽ മാത്രം പോരാ,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആർ.എസ്.എസ് അനുകൂല നിലപാടാണ് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സ്വീകരിക്കുന്നതെന്നും സഞ്ജീവ് വിമർശിച്ചു. ‘ആർ.എസ്.എസ്സിനു വേണ്ടി അടിമപ്പണി എടുക്കുന്ന ഒന്നാന്തരം സംഘിയായി മോഹനൻ കുന്നുമ്മൽ മാറുകയാണ്. അതിന് കുഴലൂതുന്നവരായി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും വകുപ്പും മാറിയിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ അധികൃതർ തയ്യാറാകണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഗവർണറും വി.സിമാരും എസ്.എഫ്.ഐക്കെതിരെ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
സ്വന്തം മണ്ഡലത്തിലെ കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തെ മന്ത്രി വളച്ചൊടിച്ചെന്നും സമരത്തെ അപരിഷ്കൃതമെന്ന് വിശേഷിപ്പിച്ചെന്നും സഞ്ജീവ് പറഞ്ഞു. ‘കാലടി സംസ്കൃത സർവകലാശാലയിലെ സമരം തുടങ്ങിയിട്ട് 30 ദിവസമായി. ആ സമരം നടക്കുന്നത് മന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തിലാണ്. 24 ദിവസം അങ്ങോട്ട് തിരിഞ്ഞുനോക്കാത്ത ആളാണ് മന്ത്രി,’ അദ്ദേഹം വിമർശിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്ക്കരണത്തിനെതിരെ എസ്.എഫ്.ഐ ഇനിയും ശക്തമായി ശബ്ദിക്കുമെന്നും സഞ്ജീവ് വ്യക്തമാക്കി.
വി.സിമാരുടെ ആർ.എസ്.എസ് ബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച മന്ത്രി, വി.സിമാർ സ്വന്തം മുഖം വികൃതമാക്കാൻ ശ്രമിക്കരുതെന്നാണ് പറഞ്ഞത്. കേരള സർവകലാശാല വൈസ് ചാൻസലറുടെ ആർ.എസ്.എസ് പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് മന്ത്രി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
അതേസമയം, എൽ.എൽ.ബി പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉന്നയിച്ച ആവശ്യം ന്യായമാണെന്നും വിഷയത്തിൽ വിദ്യാർഥികളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.
Content Highlight:VCs’ Pro-RSS Stance; Minister Silent, SFI Hits Out at Roji M. John.