| Tuesday, 8th July 2025, 1:09 pm

പാര്‍ട്ടി നേതൃത്വത്തിലെ ദളിത് ഇതര നേതാക്കളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനൊരുങ്ങി വി.സി.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പാര്‍ട്ടിയിലെ ദളിത് ഇതര നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാനൊരുങ്ങി വി.സി.കെ. ദളിത് പാര്‍ട്ടി എന്ന നിലയില്‍ ഒറ്റപ്പെടാതിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ നീക്കം. ആളൂര്‍ ജെ.മുഹമ്മദ് ഷാനവാസിനെയും എസ്.എസ് ബാലാജിയെയും യഥാക്രമം, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായും ട്രഷററായും ഉയര്‍ത്താനാണ് പാര്‍ട്ടി തീരുമാനം.

നാഗപട്ടണം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമാണ് ഷാനവാസ്. പാര്‍ട്ടിയുടെ നിയമപ്രകാരം, ദളിത് വിഭാഗത്തില്‍ പെടാത്ത സംവരണം ചെയ്ത ജനറല്‍ സെക്രട്ടറിയുടെ സ്ഥാനത്തേക്ക് ഇദ്ദേഹം നിയമിക്കപ്പെടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

മുന്‍ ട്രഷറര്‍, യൂസഫിന്റെ മരണശേഷം ഒഴിവുവന്ന സ്ഥാനത്തേക്ക് എസ്.എസ്.ബാലാജി നിയമിക്കപ്പെടുന്നമെന്നാണ് പ്രതീക്ഷ. ആഭ്യന്തര തിരഞ്ഞെടുപ്പിന് മുമ്പ് ഈ നിയമനം നടപ്പിലാകുമെന്നും അത് നേതൃത്ത്വത്തിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പാര്‍ട്ടി അംഗങ്ങള്‍ പറയുന്നു.

ഒരു മുസ്‌ലീം എം.എല്‍.എയെയും ദളിത് ഇതര എം.എല്‍.എയും ഈ സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നത്, മതന്യൂനപക്ഷങ്ങള്‍, ഒ.ബി.സികള്‍, മറ്റ് ദളിത് അല്ലാത്തവര്‍ എന്നിവര്‍ക്കിടയില്‍ പാര്‍ട്ടിയുടെ പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിയായാണ് കാണുന്നത്.

പാര്‍ട്ടിയുടെ പുനസംഘടന സംരംഭത്തിന്റെ ഭാഗമായാണ് ഈ സ്ഥാനക്കയറ്റങ്ങള്‍. മുമ്പ് തമിഴ്‌നാട്ടിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണത്തിനനുസരിച്ച് ജില്ലാ യൂണിറ്റുകളുടെ എണ്ണം 144 ല്‍ നിന്ന് 234 ആയി വി.സി.കെ വികസിപ്പിച്ചിരുന്നു.

നാല് എം.എല്‍.എമാരുള്ള പാര്‍ട്ടി, പുതിയ ജില്ലാ ടീമുകളുടെ രൂപീകരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ 83 മുതിര്‍ന്ന പ്രവര്‍ത്തകരെ നിയമിച്ചു. ഓരോരുത്തര്‍ക്കും ഒരു ജില്ലാ സെക്രട്ടറി, നാല് ഡെപ്യൂട്ടി സെക്രട്ടറിമാര്‍ (ഒരു സ്ത്രീയും ഒരു ദളിത് അല്ലാത്തയാളും ഉള്‍പ്പെടെ), രണ്ട് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, നാല് അധിക ഭാരവാഹികള്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ജില്ലാ സെക്രട്ടറി സ്ഥാനങ്ങളില്‍ 10% ദളിതരല്ലാത്തവര്‍ക്കും സ്ത്രീകള്‍ക്കും സംവരണം ചെയ്യാനും 35 വയസ്സിന് താഴെയുള്ള യുവാക്കള്‍ക്ക് 25% സംവരണം ചെയ്യാനും പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്.

Content Highlight:  VCK plans to increase representation of non-Dalit leaders in party leadership

We use cookies to give you the best possible experience. Learn more