| Thursday, 24th July 2025, 8:18 am

രജിസ്ട്രാർക്കെതിരെ വി.സി; കെ എസ് അനിൽ കുമാറിൻ്റെ ശമ്പളം തടഞ്ഞ് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ. എസ്. അനിൽ കുമാറിനെതിരെ നടപടിയുമായി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മേൽ. ഡോ. കെ എസ് അനിൽ കുമാറിൻ്റെ ശമ്പളംതടയാൻ ഉത്തരവിട്ടിരിക്കുകയാണ് വി.സി മോഹനൻ കുന്നുമ്മേൽ. ജൂലൈ രണ്ടിനായിരുന്നു വി.സി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്. ആ ദിവസം മുതൽ ഇനിയങ്ങോട്ടുള്ള ശമ്പളം തടയാനാണ് ഉത്തരവിൽ പറയുന്നത്.

സസ്പെൻഷൻ കാലത്ത് അനുവദിക്കാറുള്ള ഉപജീവനബത്ത മാത്രം നൽകിയാൽ മതി എന്നാണ് വി.സിയുടെ നിർദേശം. സസ്പെൻഷൻ അംഗീകരിക്കാതെ അനിൽകുമാർ സർവകലാശാലയിൽ എത്തുന്നുവെന്ന് പറഞ്ഞാണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസം വി.സി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം സർവകലാശാല തർക്കങ്ങളിൽ അയവ് വരുമെന്നായിരുന്നു കരുതിയത്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് മോഹനൻ കുന്നുമ്മേൽ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹം ഇത് വ്യക്തമാക്കിയിരുന്നു. രജിസ്ട്രാറായിട്ടുള്ള കെ.എസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ തുടരുമെന്നും ഈ ഉത്തരവ് അംഗീകരിക്കാതെ യാതൊരു വിധ സമവായത്തിനും തയാറല്ലെന്നായിരുന്നു വ്യക്തമാക്കിയത്.

വൈസ്ചാൻസിലറുടെ നടപടിക്കെതിരെ രജിസ്ട്രാറും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും ശക്തമായി തന്നെ നിലപാടെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് രജിസ്ട്രാറുടെ ശമ്പളം തടഞ്ഞുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

സിൻഡിക്കേറ്റ് അംഗങ്ങൾ സസ്‌പെൻഷൻ റദ്ധാക്കിയതിന് പിന്നാലെ വി.സിയുടെ ഉത്തരവുകളും അവഗണിച്ച് അനിൽകുമാർ ഇപ്പോഴും സർവകലാശാലയിൽ എത്തുന്നുണ്ട്. സസ്പെൻഷൻ നിയമപരമല്ല, നിയമന അധികാരിയായ സിൻഡിക്കേറ്റ് അത് റദ്ദ് ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

സസ്പെൻഷൻ അംഗീകരിച്ച് ഓഫീസിൽ നിന്ന് മാറി നിന്ന ശേഷം അപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന ഉപാധി വിസി മുന്നോട്ട് വെച്ചെങ്കിലും സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളും രജിസ്ട്രാറും അതിനോട് യോജിച്ചില്ല. ശമ്പളം വെട്ടിക്കൊണ്ടുള്ള വൈസ് ചാൻസിലറുടെ ഉത്തരവിൽ രജിസ്ട്രാറും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ അനില്‍ കുമാറിന് അനുകൂലമായ നടപടിയായിരുന്നു ഹൈക്കോടതി സ്വീകരിച്ചത്. അനില്‍ കുമാറിന് രജിസ്ട്രാര്‍ സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

Content Highlight: VC issues order against Registrar; withholding KS Anil Kumar’s salary

We use cookies to give you the best possible experience. Learn more