| Monday, 22nd September 2025, 2:57 pm

വി.സി നിയമനപ്രക്രിയ; മുഖ്യമന്ത്രിയെ പൂര്‍ണമായും ഒഴിവാക്കണമെന്ന ചാന്‍സലറുടെ ആവശ്യം പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ടുള്ള ചാന്‍സലര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വൈസ് ചാന്‍സലര്‍മാരുടെ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ഗവര്‍ണറുടെ അപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.

സെര്‍ച്ച് കമ്മറ്റിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം ചാന്‍സലറുടെ ആവശ്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. മുഖ്യമന്ത്രിയെ നിയമനപ്രക്രിയയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചാന്‍സലര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

യു.ജി.സി പ്രതിനിധിയെയും സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും ആര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു. വി.സി നിയമനത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നും ചാന്‍സലര്‍ പറയുന്നു.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രതിനിധിയും ഉള്‍പ്പെടുന്നതാണ് സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി. വൈസ് ചാന്‍സലര്‍ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

എന്നാല്‍ ഈ പട്ടിക ചാന്‍സലറായ തനിക്ക് കൈമാറണമെന്നും ആര്‍ലേക്കര്‍ കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ ചെയര്‍പേഴ്സണായി നിയമിച്ച് സുപ്രീം കോടതി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു.

ശേഷം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചാന്‍സലര്‍ക്ക് കൈമാറുകയും വേണം. കമ്മിറ്റിയില്‍ യു.ജി.സിയുടെ നോമിനിയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

വി.സി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി ബംഗാള്‍ മോഡല്‍ നടപ്പാക്കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം ഐ.ഐ.ടി, എന്‍.ഐ.ടി ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേരുടെ പട്ടികയാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനായി ചാന്‍സലര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. പത്ത് പേര്‍ അടങ്ങുന്ന പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നത്.

നേരത്തെ താത്കാലിക വി.സി നിയമനത്തില്‍ ചാന്‍സലര്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും സിംഗിള്‍ ബെഞ്ചും തള്ളിയിരുന്നു. താത്കാലികമായി വി.സിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ചാന്‍സലര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Content Highlight: VC appointment process; Supreme Court refuses to consider Chancellor’s demand to completely exclude Chief Minister

We use cookies to give you the best possible experience. Learn more