ബെഗളൂരു: വിബി. ജി റാംജി ബില്‍ പിന്‍വലിക്കാന്‍ തയ്യാറായായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കടുത്ത പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് സമാനമായ കടുത്ത പൊതുജന പ്രതിഷേധമായിരിക്കും നേരിടേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു.
ജെവാര്‍ഗി നിയോജകമണ്ഡലത്തിലെ യാദ്രാമയില്‍ വിവിധ വികസന പരിപാടികളുടെ ഉദ്ഘാടന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.ബി ജി റാംജി ബില്‍ ജനാധിപത്യ വിരുദ്ധവും തൊഴിലാളി വിരുദ്ധവും കര്‍ഷക വിരുദ്ധവുമാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നികുതിയുടെ ന്യായമായ വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും വി.ബി ജി റാംജി ബില്ലിന് 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ 60 ശതമാനം കേന്ദ്രം നല്‍കുമെന്നുള്ളത് അവകാശവാദം മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പുതിയ പദ്ധതി പ്രകാരം ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ സ്വഭാവം തീരുമാനിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നഷ്ടപ്പെടുത്തി അധികാരപരിധി വെട്ടിക്കുറച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന പ്രവര്‍ത്തികള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തുകള്‍ നിര്‍ബന്ധിതരാവുമെന്നും തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേന്ദ്രം വിബി. ജി റാംജി പിന്‍വലിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും തെരുവിലറങ്ങി ജനവിരുദ്ധ നിയമനിര്‍മ്മാണത്തിനെതിരെ പ്രതിഷേധ സമരത്തിലേക്കിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയില്‍ ശ്രീരാമന്റെ പേര് വെച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. ദൈവങ്ങളുടെ പേരുകള്‍ നല്‍കുന്നതും ക്ഷേത്രങ്ങള്‍ക്ക് ഗ്രാന്റുകള്‍ അനുവദിക്കുന്നതും ക്ഷേത്ര സന്ദര്‍ശനങ്ങളും ആളുകളെ മയക്കുന്നതിനാണെന്നും പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തികളെന്നും ഖാര്‍ഗെ പരിഹസിച്ചു.
തുടര്‍ന്ന് കല്ല്യാണ കര്‍ണാടകയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലെ പിന്നാക്കവസ്ഥയെക്കുറിച്ചും വിദ്യാലയങ്ങളിലെ അധ്യാപകരുടെ കുറവ് പരിഹരിക്കണമെന്നും ചടങ്ങില്‍ പങ്കെടുത്ത വിദ്യാഭ്യാസ മന്ത്രി മധു ബംങ്കാരപ്പയെ അഭിസംബോധന ചെയ്ത്‌കൊണ്ട് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ മറ്റ് മേഖലകളെ പോലെ കല്യാണ കര്‍ണാടകയെയും വികസിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
Content Highlight: VB. G Ramji is anti-democratic; if not withdrawn, Modi will face big protests similar to the farmers’ protests: Kharge