ന്യൂദല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം റദ്ദാക്കുന്നത് ചരിത്രപരമായ തെറ്റായിരിക്കുമെന്ന് നൊബേല്‍ സമ്മാന ജേതാവും അമേരിക്കന്‍ ശാസ്ത്രജ്ഞനുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സ്. കേന്ദ്ര സര്‍ക്കാരിന് എഴുതിയ കത്തിലൂടെയാണ് സ്റ്റിഗ്ലിറ്റ്സ് മുന്നറിയിപ്പ് നല്‍കിയത്.
ഇന്നലെ (വ്യാഴം) സ്റ്റിഗ്ലിറ്റ്സും മറ്റു ഒമ്പത് അക്കാദമിക് വിദഗ്ധരും ചേര്‍ന്നാണ് കേന്ദ്രത്തിന് കത്തെഴുതിയത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എ) നാഴികക്കല്ലായ നിയമനിര്‍മാണമാണെന്ന് സ്റ്റിഗ്ലിറ്റ്സ് അടക്കമുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഈ നിയമത്തില്‍ തുടരാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എം.ജി.എന്‍.ആര്‍.ഇ.ജി.എ നിയമപരമായ തൊഴില്‍ അവകാശം നടപ്പിലാക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നയമാണെന്നും വിദഗ്ധര്‍ പറഞ്ഞു. ഇത് സാമ്പത്തിക അന്തസിനെ മൗലികാവകാശമായി സ്ഥിരീകരിക്കുന്ന നിയമമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്പാദന ക്ഷമതയില്ലായ്മയെ കുറിച്ചുള്ള മിഥ്യാധാരണകളാണ് എം.ജി.എന്‍.ആര്‍.ഇ.ജി.എ ഇല്ലാതാക്കിയത്. നടപ്പിലാക്കിയ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഗ്രാമീണ മേഖലയിലെ വേതന വളര്‍ച്ച ഗണ്യമായി വര്‍ധിച്ചു. പല പഠനങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അത്രയും സാമ്പത്തിക ശേഷിയില്ലെന്നും വിദഗ്ധര്‍ ഓര്‍മിപ്പിച്ചു. സംസ്ഥാനത്തിന് തൊഴില്‍ നല്‍കാന്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ കേന്ദ്രം സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നും സ്റ്റിഗ്ലിറ്റ്സും കൂട്ടരും പറഞ്ഞു.
സര്‍ക്കാര്‍ ഇതുവരെ ഉറപ്പുനല്‍കിയ ഗ്യാരണ്ടി പുതിയ നിയമം നടപ്പിലാകുന്നതോടെ താത്കാലികമായി നിര്‍ത്തലാകുമെന്നും അക്കാദമിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
അതേസമയം പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടയിലും ഇന്നലെ വിബി. ജി റാംജി (വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍) ബില്‍ ലോക്‌സഭയില്‍ പാസാക്കി.
ബില്‍ അവതരിപ്പിക്കുന്നതിനിടെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്. സ്പീക്കറുടെ മുഖം മറച്ച് ഗാന്ധിചിത്രം ഉയര്‍ത്തിപിടിച്ചും ഡയസിന് മുകളില്‍ കയറിയുമാണ് പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിച്ചത്.
എട്ട് മണിക്കൂര്‍ നീണ്ട വിശദമായ ചര്‍ച്ചയ്‌ക്കൊടുവില്‍ സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഡി.എം.കെ എം.പി കനിമൊഴി, ടി.ആര്‍. ബല്ലു, എ. രാജ, മുസ്‌ലിം ലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീര്‍, ശിവസേനയുടെ അരവിന്ദ് സാവന്ത്, ആര്‍.എസ്.പി എം.പി എന്‍.കെ പ്രേം ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Content Highlight: VB G Ram G will be a historic mistake; Nobel laureate and academics write to the Centre