| Tuesday, 7th April 2026, 2:29 pm

ഇത് ജെന്‍ സി 'കത്തിക്കല്‍' ബോക്‌സ് ഓഫീസില്‍ 80 കോടി നേടി വാഴ 2

ഐറിന്‍ മരിയ ആന്റണി

വിപിന്‍ ദാസിന്റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത വാഴ2 ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടുകയാണ്. ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ പ്രേക്ഷ ശ്രദ്ധ പിടിച്ച് പറ്റിയ ഹാഷിറും സംഘവും ആദ്യമായി ബിഗ് സ്‌ക്രീനിന് മുന്നിലെത്തിയപ്പോള്‍ മലയാള സിനിമക്ക് കിട്ടിയത് ഒരുപിടി ഗംഭീര പെര്‍ഫോമേഴ്‌സിനെയാണ്.

വാഴ- ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തിയ വാഴ2വിന് അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷകളേറയായിരുന്നു. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവര്‍ പ്രധാനവേഷങ്ങൡലെത്തിയ ചിത്രത്തിന്റെ പുതിയ ബോക്‌സ് ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

റിലീസ് ചെയ്ത് അഞ്ചാം ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 80 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 37 കോടി കളക്ഷന്‍ നേടിയ ചിത്രത്തിന് ഓവര്‍സീസ് വരുന്നത് 39 കോടിയാണ്. കേരളത്തില്‍ നിന്ന് ഇന്ന് മാത്രം ചിത്രം 7.40 കോടി കളക്ഷനാണ് നേടിയത്. ഏപ്രില്‍ 2നാണ് വാഴ- ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം തിയേറ്ററുകളിലെത്തിയത്.

നിലവിലെ കുതിപ്പ് തുടരുകയാണെങ്കില്‍ അതിവേഗം 100 കോടി ക്ലബില്‍ കയറുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫിസില്‍ മിന്നും പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വലിയ താരനിരയൊന്നുമില്ലാതെ ഒരു സിനിമ ബോക്‌സ് ഓഫീസില്‍ 100 കോടി നേടുകയെന്നത് പുതിയൊരു ചരിത്രത്തിന് വഴിവെക്കും.

ആദ്യ ഭാഗം പോലെ തന്നെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കുട്ടികാലം മുതല്‍ യൗവനം വരെയുള്ള ജീവിത കഥ പറയുന്ന സിനിമയാണ് വാഴ2. ചിത്രത്തിലെ ഒരോ അഭിനേതാക്കളുടെയും പെര്‍ഫോമന്‍സിനും വലിയ കയ്യടികളുയരുന്നുണ്ട്. ചിത്രത്തില്‍ ഹാഷിറിനും സംഘത്തിനും പുറമെ ദേവരാജ്, ബിജു കുട്ടന്‍, സുധീഷ്, അശ്വതി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

ഡബ്ല്യ. ബി.ടി.എസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്, ഷൈന്‍ സ്‌ക്രീന്‍സ് എന്നിവയുടെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

അഖില്‍ ലൈലാസുരനാണ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റ എഡിറ്റിങ് കണ്ണന്‍ മോഹനാണ്. 10 ഗാനങ്ങളുള്ള ചിത്രത്തില്‍ 9 സംഗീത സംവിധായകരാണ് അണിനിരന്നത്. സിനിമയില്‍ ഗാനങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.

Content Highlight: Vazha 2 hit  Rs 80 crore at the box office

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more