കോഴിക്കോട്: വാഴ 2 സിനിമയ്ക്ക് പിന്നാലെ ഉടലെടുത്ത അരിഷ്ടം വിവാദത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസ്. ചിത്രത്തില്‍ ബിജു കുട്ടന്‍ അവതരിപ്പിച്ച കഥാപാത്രം സ്ഥിരമായി അരിഷ്ടം കഴിക്കുന്നതിനാല്‍ ലിവര്‍ സിറോസിസ് വന്ന് മരിക്കുന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിനെതിരെ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ഐ.എ.ഐ) രംഗത്തെത്തിയിരുന്നു.
ഈ കഥാപാത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് ഇവരുടെ വാദം. ബിജുക്കുട്ടന്റെ രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കണമെന്നാണ് എ.എം.എ.ഐ ആവശ്യപ്പെടുന്നത്. സീന്‍ നീക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഷിംന അസീസിന്റെ വിമര്‍ശനം.
അരിഷ്ടത്തില്‍ ചെറിയ അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട് എന്നത് ആരും നിഷേധിക്കാനിടയില്ല. പലപ്പോഴും ലോഹഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. നാടന്‍മരുന്ന് കടയില്‍ പോയി വെറുതെ ചോദിച്ചാല്‍ പോലും ദശമൂലാരിഷ്ടവും അശോകാരിഷ്ടവും സാരസ്വതാരിഷ്ടവുമൊക്കെ കിട്ടുമെന്നും ഷിംന അസീസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
പാര്‍ശ്വഫലരഹിതമായ ആയുര്‍വേദം എന്നും പറഞ്ഞ്, ഡോസ് നോക്കാതെ ഏതെങ്കിലും കടയില്‍ നിന്ന് എന്തെങ്കിലും വാങ്ങി നേരവും കാലവും നോക്കാതെ ദീര്‍ഘകാലം തോന്നിയത് പോലെ സേവിച്ചാല്‍ ചിലപ്പോള്‍ ആയുസ്സിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്നും ഡോക്ടര്‍ വിമര്‍ശിക്കുന്നു.
പ്രകൃതിയിലുള്ള സാധനങ്ങളിലെ രോഗം മാറ്റുന്ന ഘടകം മാത്രം വേര്‍തിരിച്ച് അളവും കണക്കും നോക്കി മോഡേണ്‍ മെഡിസിന്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നിനോടുള്ള വെറുപ്പും വിദ്വേഷവും വിരോധവും ചിറ്റമ്മനയവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ കാര്യം ചൂണ്ടിക്കാണിച്ച വാഴ ടീം ചെയ്തത് സാമൂഹിക പ്രവര്‍ത്തനമായേ കാണാന്‍ കഴിയൂ. സംഭവിച്ചിട്ടുള്ള കാര്യമേ അവര്‍ പറഞ്ഞിട്ടുമുള്ളൂ. അഞ്ചര കൊല്ലമെങ്കിലും പഠിച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ അല്ലേ, സൈബര്‍ വെട്ടുകിളി നിലവാരത്തിലേക്ക് താഴുന്നത് എന്തിനാ
? ശാസ്ത്രീയമായി തെളിയിക്കൂ. എന്നിട്ട് മറുപടി പറയൂ…അതല്ലേ അതിന്റെ ഒരു ഭംഗിയെന്നും അവര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വാഴേലെ അരിഷ്ടമാണ് നിലവിലെ കലാപവിഷയം. ബിജുക്കുട്ടന്റെ കഥാപാത്രം അരിഷ്ടം ഓവര്‍ഡോസ് ആയി ലിവര്‍ സിറോസിസ് വന്നു മരിക്കുന്ന സീന്‍ ഒഴിവാക്കിയില്ലെങ്കില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ കേസ് കൊടുക്കും എന്നൊക്കെ എവിടെയോ പോസ്റ്റര്‍ കണ്ടു.
അതൊക്കെ അവിടിരിക്കട്ടെ…
അരിഷ്ടത്തില്‍ ചെറിയ അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട് എന്നത് ആരും നിഷേധിക്കാനിടയില്ല. പലപ്പോഴും ലോഹഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. നാടന്‍മരുന്ന് കടയില്‍ പോയി വെറുതെ ചോദിച്ചാല്‍ പോലും ദശമൂലാരിഷ്ടവും അശോകാരിഷ്ടവും സാരസ്വതാരിഷ്ടവുമൊക്കെ കിട്ടുമെന്നതും തിരുത്താന്‍ നോക്കണ്ട.
എന്റെ സ്വന്തം വീട്ടില്‍ പോലും ഞാനും മക്കളും ഒഴിച്ചുള്ള അംഗങ്ങള്‍ ആയുര്‍വേദമരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. ആയുര്‍വേദ മെഡിക്കല്‍ ഡിഗ്രി എടുത്ത് ചികിത്സിക്കുന്നവരോ, നടപടിക്രമങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റുകളോ ഒന്നുമല്ല ഇവിടത്തെ പ്രശ്‌നം. കൃത്യമായ മേല്‍നോട്ടം ഇല്ലാതെ ആയുര്‍വേദം എന്ന പേരില്‍ എന്തും എപ്പോഴും കിട്ടുന്ന ബേക്കറി സ്റ്റാള്‍ കണക്കിന് പ്രവര്‍ത്തിക്കുന്ന കടകളും, റിസര്‍ച്ചില്‍ ഫോക്കസ് ചെയ്യാതെ സര്‍വത്ര ന്യായീകരിക്കുന്ന പ്രാക്ടീഷണര്‍മാരുമാണ്. അത് കൊണ്ട് തന്നെ, എണ്ണയും കുഴമ്പും കഷായവും മണക്കുന്ന രംഗങ്ങളില്‍ യഥേഷ്ടം ഉള്ള ആള്‍ എന്ന നിലക്ക്, ഞാനൊരു അന്യഗ്രഹക്കാരി മെഡിക്കല്‍ മാഫിയ എന്ന രീതിയിലൊക്കെ കമന്റിട്ടാല്‍ നല്ല കോമഡി ആയിരിക്കും.
പാര്‍ശ്വഫലരഹിതമായ ആയുര്‍വേദം എന്നും പറഞ്ഞ്, ഡോസ് നോക്കാതെ ഏതെങ്കിലും കടയില്‍ നിന്ന് എന്തെങ്കിലും വാങ്ങി നേരവും കാലവും നോക്കാതെ ദീര്‍ഘകാലം തോന്നിയത് പോലെ സേവിച്ചാല്‍ ചിലപ്പോള്‍ ആയുസ്സിന്റെ കാര്യത്തില്‍ ഒരു തീരുമാനം കിട്ടും.
പ്രകൃതിയില്‍ ഉള്ളതെല്ലാം സുരക്ഷിതമല്ല. ഒതളങ്ങയും, കാഞ്ഞിരവും ഒന്നും സേവിക്കില്ല എന്നല്ലേ? കിഡ്‌നി പോയി ആള് വടിയാവാന്‍ വാട്‌സ്ആപ്പ് കേശവന്‍ മാമന്‍ ദിവസവും കുടിക്കണം എന്ന് പറഞ്ഞ ഇരുമ്പന്‍ പുളി ജ്യൂസായാലും മതി. കണ്ട പുല്ലും പൂവും ഒരു നിയന്ത്രണവും ഇല്ലാതെ അരച്ച് കുടിക്കാന്‍ നില്‍ക്കരുത്. എല്ലാത്തിനും ഒരു കൈയും കണക്കുമുണ്ട്.
ഏറ്റവും വല്ല്യ തമാശ ഇതേ പ്രകൃതിയിലുള്ള സാധനങ്ങളിലെ രോഗം മാറ്റുന്ന ഘടകം മാത്രം വേര്‍തിരിച്ച് അളവും കണക്കും നോക്കി മോഡേണ്‍ മെഡിസിന്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നിനോടുള്ള വെറുപ്പും വിദ്വേഷവും വിരോധവും ചിറ്റമ്മനയവുമാണ്. ‘അലോപ്പതി മരുന്ന് അറബിക്കടലില്‍ കളയണം’ എന്ന ദിവംഗതനായ ശ്രീനിയേട്ടന്റെ സുവര്‍ണ ഡയലോഗ് മറന്നു കാണില്ലല്ലോ. പൊതുബോധത്തിന്റെ ഒരു കഷ്ണം മാത്രമാണത്.
മദ്യപിക്കാന്‍ പോയിട്ട്, മദ്യത്തിന്റെ കുപ്പി അപ്രത്തെ പറമ്പില്‍ കണ്ടാല്‍ ‘അസ്തൗഫിറ്ല്ലാഹ്’ പറയുന്ന ഒരു വല്യുമ്മ ഹൗസ് സര്‍ജന്‍സിക്കാലത്ത് ജനറല്‍ സര്‍ജറി വാര്‍ഡില്‍ സിറോസിസ് പേഷ്യന്റായി കിടന്നിരുന്നത് ഓര്‍ക്കുന്നുണ്ട്. മദ്യപിക്കാതെയും സിറോസിസ് വരാമല്ലോ എന്നൊക്കെ ആലോചിച്ച് നെടുനീളന്‍ കേസ് ഷീറ്റ് എഴുതി കൊണ്ട് പോയി. അന്നേരമാണ് അവര്‍ വേറെ വല്ല മരുന്നും സ്ഥിരമായി കഴിച്ചിരുന്നോ എന്ന ഹിസ്റ്ററി ചോദിച്ചിരുന്നോ എന്ന് ചോദിച്ച് പ്രഫസര്‍ കണ്ടം വഴി ഓടിക്കുന്നത്.
കേസ് ഷീറ്റ് മുഖത്തേക്ക് വലിച്ചെറിയലും ശിക്ഷയായി ഇന്റേണ്‍ഷിപ് കുറച്ചൂടി നീട്ടുന്ന എക്സ്റ്റന്‍ഷന്‍ കിട്ടലും ഒക്കെ ശീലമുള്ള കാലമാണ്. രോഗിയുടെ മക്കളെ ഒന്നൂടി മയത്തില്‍ ചോദ്യം ചെയ്ത് ഡേറ്റയെടുത്ത് ദഹനസഹായിയായി സ്വന്തം താത്പര്യപ്രകാരം വല്യുമ്മ ദിവസേന കുടിച്ചോണ്ടിരുന്ന ദശമൂലാരിഷ്ടത്തിന്റെ പേര് കൂടി ഡ്രഗ് ഹിസ്റ്ററിയില്‍ എഴുതിച്ചേര്‍ത്തു. ഇതൊന്നും സിനിമാക്കഥയല്ല.
ഇന്ന് പല പ്രൊഫൈലുകളിലായി വേറൊരു ഒട്ടിപ്പോ പോസ്റ്റ് കണ്ടത്, ഒരു ഇത്തിരിക്കുഞ്ഞന്‍ പ്രൊസ്റ്റേറ്റ് ട്യൂമര്‍ കേസ് ആയുര്‍വേദത്തിലൂടെ ചികിത്സിച്ചു ഭേദമാക്കി എന്ന് പറഞ്ഞ് ഏതോ ജേര്‍ണലില്‍ പ്രസിദ്ധീകൃതമായി എന്ന പേരില്‍ ഫോര്‍വേഡ് ആയിക്കൊണ്ടേ ഇരിക്കുന്ന ഒരു കഥയാണ്. ഒരേ ഒരു രോഗിയുടെ കേസ് സ്റ്റഡി മാത്രമാണത്. എന്ന് മാത്രമല്ല, കൃത്യമായ മെത്തേഡ് ഫോളോ ചെയ്യാത്തതിനാല്‍, ആ റിസള്‍ട്ടിന് വിശ്വാസ്യതക്കുറവുണ്ട് എന്ന് ആ ആര്‍ട്ടിക്കിള്‍ അച്ചടിച്ച പേജില്‍ വ്യക്തമായി തന്നെയുണ്ട്. ഒരു തരത്തിലും വിശ്വസിച്ച് കൂടാത്ത ഒന്ന്.
ശാസ്ത്രം ഒന്നേയുള്ളൂ, അതിന്റെ പരീക്ഷണരീതികളും ഒന്ന് മാത്രമാണ്. അവയില്‍ തെളിയിക്കപ്പെട്ടാല്‍ അത് മുന്നോട്ട് പകര്‍ത്താനാവും, കൂടുതല്‍ പേരില്‍ ഫലപ്രദമായി ഉപയോഗിക്കാനാവും. മോഡേണ്‍ മെഡിസിനും ആയുര്‍വേദത്തിനും ഹോമിയോക്കും സിദ്ധവൈദ്യത്തിനും മന്ത്രവാദത്തിനും ചാത്തന്‍സേവക്കും സകല അന്ധവിശ്വാസത്തിനും പയറ്റാനുള്ള മനുഷ്യന്റെ ശരീരത്തിലെ ഘടനയും പ്രകൃതവും രാസപ്രവര്‍ത്തനവും ഒന്നും ഓരോ സ്ട്രീമിന് അനുസരിച്ച് വേവ്വേറെയല്ല.
ആര്‍ക്കേലും ഏതെങ്കിലും മരുന്നോ ചികിത്സാരീതിയോ ശാസ്ത്രീയമാണെന്ന് തെളിയിക്കണമെങ്കില്‍ കൃത്യമായ ട്രയല്‍ വഴി തെളിയിച്ചോളൂ, ആര് എതിര് പറയുന്നു? വാഴക്കെതിരെയുള്ള പടുവാഴകള്‍ ആകുന്നതിലും നല്ലതാണ്, എല്ലാവരും കൂടി പത്തന്‍പത് ബോട്ടില്‍ അരിഷ്ടം സര്‍ക്കാര്‍ ലബോറട്ടറിയില്‍ കൊടുത്ത് അതിലുള്ള കെമിക്കല്‍സ് അളന്നു മുറിച്ച് ഒരു സയന്റിഫിക് സ്റ്റഡി നടത്തി ഫലം പ്രസിദ്ധീകരിച്ച് വിശ്വാസ്യത നേടുന്നത്.
കൂടെ, തേന്‍ വാങ്ങുന്ന ലാഘവത്തില്‍ അങ്ങാടിക്കടയില്‍ ഏത് ആയുര്‍വേദ പ്രിപ്പറേഷനും കിട്ടുന്നത് ഇല്ലാതാക്കണം. പ്രിസ്‌ക്രിപ്ഷന്‍ ചോദിക്കുന്ന ആയുര്‍വേദക്കടകള്‍ ഇല്ലെന്നല്ല, തീരെ കുറവാണ്. വിശപ്പും ഉന്മേഷവും ഉണ്ടാക്കി ലിവര്‍ അടിച്ച് പോകുന്ന അവസ്ഥ നിങ്ങള്‍ തന്നെ നിയന്ത്രിച്ചോളൂ. ആയുര്‍വേദ മരുന്നുകള്‍ക്കും പ്രകൃതിയില്‍ കിട്ടുന്ന സാധനങ്ങള്‍ക്കും സൈഡ് ഇഫക്ട് ഉണ്ടാകാം എന്ന് ജനങ്ങളെ ബോധവല്‍ക്കരിച്ചോളൂ…പിന്നെ സീനില്ലല്ലോ…
അങ്ങനെയെങ്കില്‍, വാഴയിലെ അച്ഛന്‍ വേറെതെങ്കിലും കാരണത്താല്‍ മരിച്ചേനേ. അരിഷ്ടിച്ച മരണം കാണിക്കണ്ടി വരില്ല. ഇപ്പോള്‍ ആ മൂവി ടീം ചെയ്തത് മികച്ച സാമൂഹികപ്രവര്‍ത്തനമായേ കാണാന്‍ കഴിയൂ…
സംഭവിച്ചിട്ടുള്ള കാര്യമേ അവര്‍ പറഞ്ഞിട്ടുമുള്ളൂ. അഞ്ചര കൊല്ലമെങ്കിലും പഠിച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ അല്ലേ, സൈബര്‍ വെട്ടുകിളി നിലവാരത്തിലേക്ക് താഴുന്നത് എന്തിനാ? ശാസ്ത്രീയമായി തെളിയിക്കൂ. എന്നിട്ട് മറുപടി പറയൂ…അതല്ലേ അതിന്റെ ഒരു ഭംഗി?
എന്തിനാണ് ഈ ഒച്ചപ്പാടും ബഹളവും ‘താന്‍ ശരി’ എന്ന് തെളിയിക്കാനുള്ള വ്യഗ്രതയും? അശാസ്ത്രീയമെങ്കില്‍, കളവെങ്കില്‍ ശാസ്ത്രം പറഞ്ഞ് തെളിയിച്ചോളൂ… വേഗമായിക്കോട്ടെ.
Content Highlight: Vazha 2: Dr. Shimna Aziz responds to the Arishtam controversy