| Wednesday, 23rd July 2025, 3:20 pm

ചാന്തുപൊട്ടിലെ പാട്ട് പാടിയപ്പോൾ തെറ്റി, വീണ്ടും റെക്കോഡ് ചെയ്തു: വയലാർ ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാന്തുപൊട്ട് സിനിമയെക്കുറിച്ചും അതിലെ പാട്ടുകളെക്കുറിച്ചും സംസാരിക്കുകയാണ് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ. താനും ലാല്‍ ജോസും ഒന്നിക്കുന്ന ആദ്യസിനിമായിരുന്നു ചാന്തുപൊട്ട് എന്നും നാല് പാട്ടുകളാണ് ആ സിനിമയിലുള്ളതെന്നും വയലാര്‍ പറയുന്നു.

പാട്ട് ചിട്ടപ്പെടുത്തുന്ന സമയത്ത് ഓമനപ്പുഴത്തീരം ഷൂട്ടിങ്ങിന് നല്ലതായിരിക്കും എന്ന് ഛായാഗ്രാഹകന്‍ അഭിപ്രായം പറഞ്ഞെന്നും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ‘ഓമനപ്പുഴക്കടപ്പുറത്തെന്നോമനേ’ എന്ന പാട്ട് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എസ്. ജാനകിയെക്കൊണ്ട് തന്റെ സിനിമയില്‍ പാടിക്കണമെന്ന് ലാല്‍ ജോസിന് വലിയ ആഗ്രഹമുണ്ടായിരുന്നെന്നും ആ ആഗ്രഹത്തിന്റെ പുറത്താണ് ‘ആഴക്കടലിന്റെയങ്ങേക്കരയിലായ്’ എന്ന പാട്ട് ജാനകി പാടിയതെന്നും വയലാര്‍ കൂട്ടിച്ചേര്‍ത്തു.

ആ പാട്ട് പാടിയപ്പോള്‍ ഒരുവാക്ക് തെറ്റിപ്പോയെന്നും പിന്നീട് വീണ്ടും റെക്കോഡ് ചെയ്യുകയായിരുന്നെന്നും വയലാര്‍ ശരത്ചന്ദ്രവര്‍മ കൂട്ടിച്ചേര്‍ത്തു. മനോരമ ആഴ്ചപതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും ലാല്‍ ജോസും ഒന്നിക്കുന്ന ആദ്യസിനിമയായിരുന്നു ചാന്തുപൊട്ട്. നാല് പാട്ടുകളാണ് ആ സിനിമയിലുള്ളത്. വിദ്യാ സാഗര്‍ ആയിരുന്നു സംഗീത സംവിധായകന്‍. ഓമനപ്പുഴത്തീരത്തും അഴീക്കലും ചേര്‍ത്തലയുമൊക്കെയായിരുന്നു ഷൂട്ടിങ് ലൊക്കേഷന്‍. പാട്ട് ചിട്ടപ്പെടുത്തുന്ന സമയത്ത് ഛായാഗ്രാഹകന്‍ ‘ഓമനപ്പുഴ തീരം ഷൂട്ടിങ്ങിന് നല്ലതായിരിക്കും’ എന്നൊരഭിപ്രായം പറഞ്ഞു. അതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ‘ഓമനപ്പുഴക്കടപ്പുറത്തെന്നോമനേ’ എന്ന പാട്ടിന്റെ ആദ്യവരി ഉണ്ടാകുന്നത്.

ജാനകിയമ്മയെക്കൊണ്ട് തന്റെ സിനിമയില്‍ പാടിക്കണം എന്ന് ലാല്‍ ജോസിന് വലിയ ആഗ്രഹമായിരുന്നു. ഒരു മുത്തശ്ശിപ്പാട്ട് എന്റെ സിനിമയിലുണ്ടെങ്കില്‍ അത് എസ്. ജാനകി തന്നെ പാടണം എന്ന ലാല്‍ ജോസിന്റെ ആ ആഗ്രഹത്തിന്മേലാണ് ‘ആഴക്കടലിന്റെയങ്ങേക്കരയിലായ്’ എന്ന താരാട്ടുപാട്ട് ജാനകിയമ്മ പാടുന്നത്. ആ സമയത്ത് ജാനകിയമ്മയ്ക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ആസ്മ മൂലം പാടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.

അസുഖം ഭേദമാകാന്‍ ഞങ്ങള്‍ കാത്തിരുന്നു. അങ്ങനെ ഷൂട്ടിങ് തുടങ്ങിയ ശേഷമാണ് പാട്ടിന്റെ റെക്കോഡിങ് നടന്നത്. പിന്നെ ജാനകിയമ്മ പാടിയപ്പോള്‍ ഒരു തെറ്റുപറ്റി, ‘അമ്പാടിതന്നിലെ ഉണ്ണിയെപ്പോലെ നീ കൊമ്പനാണെങ്കിലും കുഞ്ഞേ’ എന്ന വരിയില്‍ കൊമ്പന്‍ എന്ന വാക്കിന് പകരം കൊച്ചന്‍ എന്നുപാടി. അങ്ങനെ ആ പാട്ട് ഒന്നുകൂടി റെക്കോഡ് ചെയ്യേണ്ടി വന്നു. ചാന്തുപൊട്ടിലെ പാട്ടുകളെല്ലാം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു,’ വയലാര്‍ ശരത്ചന്ദ്രവര്‍മ പറയുന്നു.

Content Highlight: Vayalar Sarath Chandra Varma Talking  about Chandupott Cinema and Songs

We use cookies to give you the best possible experience. Learn more