| Thursday, 24th July 2025, 11:58 am

ആ പാട്ടിൻ്റെ സ്ത്രീ വേർഷൻ വേണമെന്ന് പറഞ്ഞിരുന്നു, അത്രയും ആഴത്തിൽ തൊട്ടു: വയലാർ ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ‘അഴലിന്റെയാഴങ്ങളില്‍’ എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവ് വയലാര്‍ രാമചന്ദ്രവര്‍മ. താനും ലാല്‍ ജോസും അയാളും ഞാനും തമ്മിൽ എന്ന സിനിമക്ക് വേണ്ടി ഒന്നിച്ചെന്നും ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നിര്‍വഹിച്ചത് ഔസേപ്പച്ചനാണെന്നും വയലാര്‍ രാമചന്ദ്രവര്‍മ പറയുന്നു.

ഔസേപ്പച്ചന്‍ ആദ്യം ഈണമിട്ട് തന്നെന്നും പിന്നീട് താന്‍ വരികളെഴുതുകയായയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ ‘അഴലിന്റെയാഴങ്ങളില്‍’ എന്ന പാട്ട് പ്രിയപ്പെട്ടതാണെന്നും നഷ്ടപ്പെട്ടത് ഓര്‍ത്ത് വരികളെഴുതൂ എന്നതാണ് ലാല്‍ ജോസ് തന്ന നിര്‍ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ പാട്ട് ഇറങ്ങിയതിന് ശേഷം തന്നോട് എല്ലാവരും ആ പാട്ടിനെക്കുറിച്ച് സംസാരിക്കുമായിരുന്നെന്നും വയലാര്‍ രാമചന്ദ്രവര്‍മ പറഞ്ഞു.

ഒരിക്കല്‍ ഭാര്യ മരിച്ച ഒരാള്‍ തന്നെ വിളിച്ചെന്നും പാട്ട് കേട്ടപ്പോള്‍ ഓര്‍മ വന്നത് പഴയ കാമുകിയെ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാനും ലാല്‍ ജോസും അയാളും ഞാനും തമ്മില്‍ എന്ന സിനിമയ്ക്കുവേണ്ടി ഒന്നിച്ചു. മൂന്ന് പാട്ടുകളാണ് അതിലുള്ളത്. ഔസേപ്പച്ചനാണ് സംഗീതം നല്‍കിയത്.
ലാല്‍ ജോസിന്റെ അടുത്ത ബന്ധുകൂടിയാണ് ഔസേപ്പച്ചന്‍. തൃശൂരിലെ ഒരു ഹോട്ടലില്‍ ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് പാട്ടുകള്‍ എഴുതിയതും ചിട്ടപ്പെടുത്തിയതും. ഔസേപ്പച്ചന്‍ ആദ്യമേ ഈണമിട്ടുതന്നു. ഈണത്തിനൊത്ത് ഞാന്‍ വരികളെഴുതി.

അതിലെ ‘അഴലിന്റെയാഴങ്ങളില്‍’ എന്ന പാട്ട് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ‘അഴലിന്റെയാഴങ്ങളില്‍’ എഴുതാനായി ലാല്‍ ജോസ് എനിക്ക് തന്ന നിര്‍ദേശം ഇത്രമാത്രമായിരുന്നു, ‘ഇഷ്ടപ്പെട്ടത് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെ മാത്രം മനസില്‍ ഓര്‍ക്കുക, എഴുതുക’ എന്നായിരുന്നു. നഷ്ടപ്രണയങ്ങളുടെ ഓര്‍മയെ തൊട്ടുണര്‍ത്തുന്ന പാട്ടായി അത് മാറുകയും ചെയ്തു. സിനിമ ഇറങ്ങിയശേഷം സ്ത്രീപുരുഷഭേദമന്യേ ആള്‍ക്കാര്‍ എന്നെ വിളിക്കുകയും ഈ പാട്ടിനെപ്പറ്റി സംസാരിക്കുകയും ചെയ്തു.

മറക്കാന്‍ ശ്രമിക്കുന്നതിനെ എന്തിന് ഓര്‍മിപ്പിച്ചു എന്ന് ചിലര്‍ പരിഭവിച്ചു. ഭാര്യ മരിച്ചുപോയ ഒരാള്‍ വിളിച്ചു. പാട്ട് കേട്ടപ്പോള്‍ മരിച്ചുപോയ ഭാര്യയ്ക്ക് പകരം പണ്ട് സ്‌നേഹിച്ച കാമുകിയെ ഓര്‍ത്തുപോയി എന്ന് പറഞ്ഞു. ഞങ്ങള്‍ക്കുമുണ്ട് നഷ്ട പ്രണയം എന്നു പറയാന്‍ വിളിച്ച സ്ത്രീകളുണ്ട്. സ്‌നേഹിച്ച പുരുഷനെപ്പറ്റി സ്ത്രീ പാടുന്ന വേര്‍ഷന്‍ വേണം എന്ന് ചില സ്ത്രീകള്‍ ആവശ്യപ്പെട്ടു. ആ പാട്ട് ആള്‍ക്കാരുടെ മനസിനെ അത്രയും ആഴത്തില്‍ തൊട്ടിരുന്നു,’ വയലാര്‍ ശരത്ചന്ദ്ര വര്‍മ പറയുന്നു.

Content Highlight: Vayalar Sarath Chandra Varma talking about Ayalum Njanum Thammil Movie song

Latest Stories

We use cookies to give you the best possible experience. Learn more