കണ്ണൂര്‍ : കേന്ദ്രമന്ത്രി വയലാര്‍ രവി തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്കി. വയലാര്‍ രവി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് സി പി ഐ എം നല്‍കിയ പരാതിയിന്മേല്‍ മുഖ്യ തെരഞ്ഞടുപ്പു കമ്മീഷന്‍ നളിനി നെറ്റോ കണ്ണൂര്‍ ജില്ലാ കളക്ടര്‍ വി കെ ബാലകൃഷ്ണനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം രണ്ട് പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെട്ട കേന്ദ്രമന്ത്രി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയെന്നും വരണാധികാരിയായ ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ശ്രമം നടത്തിയെന്നുമാണ് സി പി ഐ എം പരാതിയില്‍ പറയുന്നത്.
ഇന്നലെ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കളക്ടര്‍ സി പി ഐ എമ്മിനുവേണ്ടി തീരുമാനമെടുക്കുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ പെരുമാറുന്ന കളക്ടര്‍ സ്വമേധയാ മാറിനില്‍ക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടിരുന്നു. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ യൂണിയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച അദ്ദേഹം കായിക വികസനത്തിന് കോളേജിന് അഞ്ചു ലക്ഷം രൂപ നല്‍കുമെന്നും വേദിയില്‍ വച്ച് പ്രഖ്യാപിയ്ക്കുകയുണ്ടായി. ഈ രണ്ടു കാര്യങ്ങളും തിരഞ്ഞെടുപ്പ് ചട്ടലംഘനമായി ചൂണ്ടിക്കാട്ടിയാണ് സി പി ഐ എം പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ആരുടെയും സമ്മര്‍ദ്ദഫലമായല്ല പ്രവര്‍ത്തിക്കുന്നതെന്നും സ്വതന്ത്രമായി തന്നെയാണ് താനും റവന്യൂ വകുപ്പും ചുമതല നിര്‍വ്വഹിക്കുന്നതെന്നും വി കെ ബാലകൃഷ്ണന്‍ വിശദീകരിച്ചു.
ഒക്ടോബര്‍ 17 2009