ന്യൂദൽഹി: ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ട് ഇന്ത്യയിൽ വർധിച്ചുവരുന്ന ആക്രമണങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി വത്തിക്കാൻ. ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ ഉഭയകക്ഷി ചർച്ചകളിലെ ഒരു പ്രധാന വിഷയമായി അഭിസംബോധന ചെയ്യണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് വത്തിക്കാന്റെ ഇടപെടലെന്ന് ഏഷ്യയിലെ സഭകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന യു.സി.എ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ വത്തിക്കാനിലെ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗർ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് നേരെ നടന്നുവരുന്ന ആക്രമണങ്ങളിൽ ഉണ്ടായ വർധനവിൽ ആശങ്ക പ്രകടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനെത്തിയ ഗല്ലാഗർ ദൽഹിയിലേതുൾപ്പെടെ വിവിധ സഭാ ആസ്ഥാനങ്ങൾ സന്ദർശിക്കുകയും രാജ്യത്തെ വിവിധ സഭാനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംഘർഷങ്ങൾ പരിഹരിക്കുന്നതിന് നയതത്ര ചർച്ചകൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ഒരു നല്ല സംഭാഷണം എന്നായിരുന്നു കൂടിക്കാഴ്ചക്ക് പിന്നാലെ ജയശങ്കർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ചർച്ചയിലെ കൂടുതൽ സംഭാഷണങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ വത്തിക്കാനോ ഇന്ത്യൻ സർക്കാരോ പുറത്തിറക്കിയിട്ടില്ല.
കൂടിക്കാഴ്ചയ്ക്ക് മുമ്പായി വത്തിക്കാൻ പ്രതിനിധിയെ കണ്ട ഇന്ത്യൻ സഭാ നേതാക്കൾ രാജ്യത്ത് വർധിച്ചുവരുന്ന അക്രമ സംഭവങ്ങളിൽ വത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. വത്തിക്കാന്റെ ഇടപെടൽ കേന്ദ്ര സർക്കാർ തലത്തിൽ മാത്രമാകരുതെന്നും ഇന്ത്യയിലെ സംസ്ഥാന സർക്കാരുകളുമായും ഇടപെടൽ നടത്തണമെന്നും അവർ അഭ്യർത്ഥിച്ചു.
കൂടാതെ ദൽഹിയിലെ ആർച്ച് ബിഷപ്പ് അനിൽ ജോസഫ് കൂട്ടോ ക്രിസ്ത്യൻ ഗ്രൂപ്പായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തെ (യു.സി.എഫ്) പ്രതിനിധീകരിച്ചുകൊണ്ട് ഗല്ലാഗറിന് ഒരു നിവേദനം സമർപ്പിച്ചു. തീവ്ര ഹിന്ദുത്വവാദികൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നുണ്ടെന്നും ഈ വിഷയം ഇന്ത്യൻ അധികാരികളുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ ഉന്നയിക്കണമെന്നും ഈ വിവേചനത്തെ അപലപിച്ച് വത്തിക്കാൻ പ്രസ്താവനകൾ പുറപ്പെടുവിക്കണമെന്നും നിവേദനത്തിൽ പറയുന്നതായി യു.സി.എഫ് പറഞ്ഞു.
മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ കീഴിലുള്ള വിചാരണകളിൽ സുതാര്യത ഉറപ്പാക്കാൻ വത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും, ആവർത്തിച്ചുള്ള അക്രമങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ, യാഥാർത്ഥ്യങ്ങൾ വിലയിരുത്തുന്നതിന് വസ്തുതാന്വേഷണങ്ങൾ നടപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
2023-ൽ 734 അക്രമ സംഭവങ്ങളായിരുന്നു ക്രിസ്ത്യാനികൾക്ക് നേരെ ഉണ്ടായിരുന്നതെന്നും എന്നാൽ 2024ൽ അത് 834 ആയി വർധിച്ചെന്നും നിവേദനത്തിൽ പറയുന്നു.
2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചതായി ക്രിസ്ത്യൻ നേതാക്കൾ പറയുന്നു. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ ബി.ജെ.പിയും അവരെ പിന്തുണയ്ക്കുന്ന തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും അവർ വിമർശിച്ചു.
ക്രിസ്ത്യാനികളെയും മുസ്‌ലിങ്ങളെയും പോലുള്ള മതന്യൂനപക്ഷങ്ങളെ തുടച്ചുനീക്കാനുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുവെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
Content Highlight: Vatican urged to raise India’s anti-Christian violence in talks