| Sunday, 29th March 2026, 8:37 pm

ഓശാന ദിനത്തിൽ പള്ളിയിൽ പ്രവേശനം നിഷേധിച്ച ഇസ്രഈൽ പൊലീസ് നടപടി; അപലപിച്ച് വത്തിക്കാൻ

മുഹമ്മദ് നബീല്‍

ജെറുസലേം: ഓശാന ദിനത്തിൽ ജറുസലേമിലെ ‘ചർച്ച് ഓഫ് ദി ഹോളി സ്‌പൽച്ചർ’ എന്ന ദേവാലയത്തിൽ ഇസ്രഈൽ പൊലീസ് പ്രവേശനം അനുവദിക്കാത്തതിൽ അപലപിച്ച് വത്തിക്കാൻ.

ദി ലാറ്റിൻ പാട്രിയാർച്ചേറ്റ് ഓഫ് ജെറുസലേം, കസ്റ്റഡി ഓഫ് ദി ഹോളി ലാൻഡ് എന്നീ ഗ്രുപ്പുകളും ഇസ്രഈൽ പൊലീസിന്റെ തീരുമാനത്തിനെതിരെ സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്.

സംയുക്ത പ്രസ്താവനയിൽ ഘോഷയാത്രയുടെയോ ഔദ്യോഗിക ചടങ്ങുകളുടെയോ അകമ്പടിയില്ലാതെ സ്വകാര്യമായി പോവുകയായിരുന്ന ഇരു ഗ്രൂപ്പുകളുടെയും നേതാക്കളെ പൊലീസ് തിരിച്ചറിയുകയും തടഞ്ഞ് വെക്കുകയുമായിരുന്നുവെന്ന് പറയുന്നു.

നൂറ്റാണ്ടുകൾക്കിടയിൽ ആദ്യമായാണ് സഭാ തലവൻമാരെ ചർച്ച് ഓഫ് ദി ഹോളി സ്‌പൽച്ചർ ദേവാലയത്തിൽ ഓശാന ഞായർ കുർബാന അർപ്പിക്കുന്നതിൽ നിന്നും തടയുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇത് ലോകമെമ്പാടുമുള്ള ക്രിസ്തു മത വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നതാണെന്നും കത്തോലിക്കാ സഭയുടെയും വിശുദ്ധ സ്ഥലങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന നേതാക്കളെ തടഞ്ഞ നടപടി തികച്ചും അകാരണവും അങ്ങേയറ്റം പക്ഷപാതപരവുമാണെന്ന്,’ പ്രസ്താവനയിൽ പറയുന്നു.

ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധമായ ദിനങ്ങളിലൊന്നിലെ പ്രാർത്ഥന ഇത്തരത്തിൽ തടയപ്പെട്ടതിൽ ജെറുസലേമിലെയും ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളോടും നേതാക്കൾ ദുഃഖം രേഖപ്പെടുത്തി.

അതേസമയം ഇസ്രഈലിന്റെ ഈ നടപടിക്കെതിരെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ കടുത്ത വിമർശനവുമായി രംഗത്തെത്തി.

ഇറ്റലി റോമിലെ ഇസ്രഈൽ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഈ തീരുമാനം “വിശ്വാസികളോടുള്ള അവഹേളനമാണെന്ന്” ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി പ്രതികരിച്ചു. ജെറുസലേമിൽ എല്ലാ മതവിഭാഗങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പറഞ്ഞു.

Content Highlight: Vatican condemns Israeli police’s refusal to allow entry to mosque on Ashura

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more