വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യയില്‍ യുദ്ധം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയോടും ഇസ്രഈലിനോടും ആവശ്യപ്പെട്ട് വത്തിക്കാന്‍.
യുദ്ധം അവസാനിപ്പിക്കാനും ലെബനനെ വെറുതെ വിടാനും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ യു.എസ്. ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
‘ഇത് എത്രയും പെട്ടന്ന് അവസാനിപ്പിക്കണം. സംഘര്‍ഷം വഷളാകാന്‍ സാധ്യതയുണ്ട് എന്നതാണ് ഇവിടുത്തെ യഥാര്‍ത്ഥ ഭീഷണി. ലെബനനെ ശാന്തമായി വിട്ടേക്കുക,’ അദ്ദേഹം പറഞ്ഞു.
മേഖലയില്‍ ഒരു വലിയ യുദ്ധം തൊട്ടടുത്തെത്തി നില്‍ക്കുകയാണെന്നും അതിനാല്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും കര്‍ദ്ദിനാള്‍ പിയട്രോ പരോളിനെ ഉദ്ധരിച്ച് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സമാധാനപരമായ നയതന്ത്ര പാതകളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇസ്രഈല്‍ തയ്യാറാകണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടു.
ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ഈ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ ഉള്‍പ്പെടെ ഏകദേശം 1,300 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇതിന് മറുപടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണം ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്ക-ഇസ്രഈല്‍ കേന്ദ്രങ്ങളെ തുടർച്ചയായി ആക്രമിച്ചാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചുകൊണ്ട് പ്രതിരോധത്തിന്റെ പുതിയ തലങ്ങള്‍ ഇറാന്‍ തുറന്നതോടെ ലോകമെമ്പാടുമുള്ള ചരക്കുനീക്കങ്ങളും പ്രതിസന്ധിയിലായി.
ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബ് കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇറാനിയന്‍ ഉന്നത ഉദ്യോഗസ്ഥനാണ് ഖത്തീബ്. ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ ഇസ്രഈല്‍ കഴിഞ്ഞദിവസം കൊലപ്പെടുത്തിയിരുന്നു.
ബാസിജ് ഫോഴ്‌സ് തലവന്‍ ഘോലംറേസ സുലൈമാനിയെ വധിച്ചതായി ഇസ്രഈല്‍ പ്രതിരോധ സേന അവകാശപ്പെട്ടതിന് പിന്നാലെ ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
Content Highlight: Vatican calls on Israel and the US to end the war