ഹർഷദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്ന് രചന നിർവഹിച്ച് നവാഗതയായ രത്തിന സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് പുഴു. ചിത്രത്തിൽ മമ്മൂട്ടിയാണ് പ്രധാന വേഷത്തിൽ എത്തിയിരുന്നത്. ഇതിന് പുറമെ പാർവതി, അപ്പുണ്ണി ശശി, വസുദേവ് സജീഷ് എന്നിവർ പ്രധാന സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
സിനിമയിൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചത് വസുദേവ് ആയിരുന്നു. ഏറ്റവും പുതിയ ചിത്രമായ അഭിലാഷത്തിലും വസുദേവ് പ്രധാന വേഷത്തിൽ എത്തിയിരുന്നു.ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് സെല്ലുലോയ്ഡ് മാഗസിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.
പുഴു. Photo. IMDb
പുഴുവിന്റെ ഓഡിഷന് പോകുമ്പോൾ അത് മമ്മൂട്ടിയുടെ സിനിമയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സെലക്ട് ചെയ്തതിന് ശേഷമാണ് മമ്മൂട്ടിക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞതെന്നും താരം പറഞ്ഞു.
‘എനിക്ക് മമ്മൂക്കയെ ഭയങ്കര പേടിയായിരുന്നു. ഗോൾഡ് കോയിൻ എന്ന് പറയുന്ന സിനിമയുടെ ഡബ്ബിങ് സമയത്ത് മമ്മൂക്കയെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് കണ്ടിട്ടുണ്ട്. അന്ന് ഒരു ഫോട്ടോയും എടുത്തിരുന്നു. പുഴുവിന്റെ ഓഡിഷൻ സമയത്താണെങ്കിലും ഇത് മമ്മൂക്കയുടെ പടമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. സെലക്ട് ചെയ്തതിന് ശേഷമാണ് മമ്മൂക്കയ്ക്കൊപ്പമാണ് എന്നുള്ളത് പറയുന്നത്,’വാസുദേവ് പറഞ്ഞു.
ഷൂട്ടിന് കുറച്ച് ദിവസം മുമ്പ് മമ്മൂട്ടിയെ കാണാൻ പോയപ്പോൾ നേരത്തെ എടുത്ത ഫോട്ടോ കാണിച്ചുകൊടുത്തെന്നും അപ്പോഴൊക്കെ തന്റെ കൈ വിറയ്ക്കുകയായിരുന്നുവെന്നും വാസുദേവ് കൂട്ടിച്ചേർത്തു. മമ്മൂക്കയ്ക്ക് ഫോട്ടോ ഓർമയുണ്ടായിരുന്നു. ‘ഓർമയുണ്ട്, നമുക്ക് കാണാം’ എന്ന് പറഞ്ഞു. അന്ന് രാവിലെ ആയിരുന്നു ഞാൻ പോയത്, എനിക്ക് നൈറ്റ് ആയിരുന്നു ഷൂട്ട്,’ വാസുദേവ് പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തോടുള്ള പേടിയെക്കാൾ കൂടുതൽ സഹായിച്ചത് മമ്മൂട്ടിയുടെ അഭിനയം തന്നെയായിരുന്നുവെന്നും വാസുദേവ് പറയുന്നു. ‘നമ്മുടെ ഓപ്പോസിറ്റ് നിന്ന് മമ്മൂക്ക ചെയ്യുന്നത് കാണുമ്പോൾ നമുക്ക് ഒന്നും ചെയ്യണ്ട. അത് കാണുമ്പോൾ തന്നെ റിയാക്ഷൻ വരും. മമ്മൂക്ക പറയുമ്പോൾ ഓപ്പോസിറ്റ് നിൽക്കുന്ന നമുക്ക് കരച്ചിൽ വരും. മമ്മൂക്ക ദേഷ്യപ്പെടുമ്പോൾ നമുക്ക് പേടിയാകും. അതൊക്കെ ഓട്ടോമാറ്റിക്കായി വരുന്ന റിയാക്ഷൻസാണ്,’ താരം പറഞ്ഞു.
പുഴു. Photo. Screen Grab/ Youtube
അഭിനയത്തിനിടെ പല കാര്യങ്ങളും മമ്മൂട്ടി തനിക്ക് പറഞ്ഞുതന്നിട്ടുണ്ടെന്നും വാസുദേവ് വ്യക്തമാക്കി. മമ്മൂട്ടിയുടെ ഒരു സീൻ ചിത്രീകരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ അഭിനയം കണ്ട് താൻ കരഞ്ഞ സംഭവവും താരം പങ്കുവെച്ചു.
‘മമ്മൂക്കയുടെ സീൻ എടുക്കുമ്പോൾ മമ്മൂക്ക കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു. പക്ഷേ എന്റെ ഷോട്ട് ഉണ്ടായിരുന്നില്ല. മമ്മൂക്ക അത് കണ്ടിട്ട് എന്റെ ഷോട്ട് കൂടി എടുക്കാൻ പറഞ്ഞു. അങ്ങനെ കുറേ ഹെൽപ് ചെയ്തിട്ടുണ്ട്. ഗ്ലിസറിൻ ഇല്ലാതെയാണ് മമ്മൂക്ക കരയുന്നതൊക്കെ. അദ്ദേഹത്തിന്റെ അഭിനയത്തിൽ നിന്നൊക്കെ കുറെ പഠിക്കാനായി,’ വാസുദേവ് പറഞ്ഞു.
Content Highlight: Vasudev sajeesh shares memories with mammootty