| Wednesday, 7th October 2026, 5:15 pm

ബെഞ്ചിൽ അവസരം കാത്ത് ആരൊക്കെ ഇരിക്കുന്നുണ്ടെന്ന ബോധ്യം നിനക്ക് വേണം; സഞ്ജുവിന് താക്കീതുമായി വസിം ജാഫർ

അഞ്ജലി പി.കെ.

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിന് താക്കീതുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ.

അവസരം കാത്ത് വൈഭവ് ഉൾപ്പടെ നിരവധിപേർ ബെഞ്ചിലിരിക്കുന്നതിനാൽ ആ സമ്മർദം ഓപ്പണർ സഞ്ജു സാംസണിന് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മത്സരത്തിൽ വൈഭവിനെ മാറ്റി സഞ്ജുവിന് അവസരം നൽകിയെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതായും വസീം കൂട്ടിച്ചേർത്തു.

സഞ്ജു

മറുവശത്ത് അഭിഷേക് ശർമ വേഗത കൂട്ടാൻ ഉണ്ടാവുമ്പോൾ വലിയ ഷോട്ടുകൾക്ക് ഇറങ്ങുന്നതിന് മുമ്പ് സഞ്ജു കുറച്ച് സമയം എടുക്കണമെന്നും ജാഫർ അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു മുൻ താരം.

‘അദ്ദേഹം ക്രീസിൽ അൽപ്പം സമയമെടുത്ത് കളിക്കണം. മറുവശത്ത് അഭിഷേക് ശർമ ഉള്ളപ്പോൾ റൺസ് വന്നുകൊണ്ടിരിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. ചിലപ്പോൾ സഞ്ജു ധൃതി കാണിക്കാറുണ്ട്. ഒന്നോ രണ്ടോ ഷോട്ടുകൾ പിഴച്ചാൽ കുടുങ്ങിപ്പോകുന്ന ഫോർമാറ്റാണിത്.

ബെഞ്ചിൽ അവസരം കാത്ത് ആരൊക്കെ ഇരിക്കുന്നുണ്ടെന്ന ബോധ്യം സഞ്ജുവിന് വേണം. ആ ഒരു സമ്മർദ്ദം എപ്പോഴും അദ്ദേഹത്തിനുണ്ടാവും ഉണ്ടാകും. അതിനാൽ, ടീമിൽ നിന്ന് പുറത്താക്കാൻ സെലക്ടർമാർക്കോ ക്യാപ്റ്റനോ കോച്ചിനോ അവസരം നൽകാത്ത വിധം അദ്ദേഹം സ്ഥിരത പുലർത്തേണ്ടതുണ്ട്. അദ്ദേഹം മികച്ചൊരു കളിക്കാരനാണ്, ഈയടുത്തായി അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ നല്ല സ്ഥിരതയുമുണ്ട്,’വസീം പറഞ്ഞു.

സഞ്ജു

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തില്‍ 32 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

43 പന്ത് നേരിട്ട് പുറത്താകാതെ 102 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
മത്സരത്തിൽ സഞ്ജുവിന് ഒമ്പത് പന്തില്‍ 11 റൺസ് മാത്രമാണ് നേടിയത്. അഭിഷേക് ശര്‍മ (10 പന്തില്‍ 21) , ഇഷാന്‍ കിഷന്‍ (27 പന്തില്‍ 37 ) എന്നിവരാണ് ഇന്ത്യയുടെ മറ്റ് റൺവേട്ടക്കാർ.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും മിഡില്‍ ഓര്‍ഡറില്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മോശമല്ലാത്ത സ്കോർ വിന്ഡീഡ് പടുത്തുയർത്തിയത്. റൂഥര്‍ഫോര്‍ഡ് 34 പന്തില്‍ 56 റണ്‍സും ഷായ് ഹോപ്പ് 37 പന്തില്‍ 52 റണ്‍സും നേടി. 15 റണ്‍സ് നേടിയ അകീല്‍ ഹൊസൈനാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് ഇന്ത്യ മുമ്പിലാണ്. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചി വേദിവുന്ന മത്സരത്തിൽ സഞ്ജുവിന്റെ മികച്ച പ്രകടനം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content highlights: Vaseem Jafar Talk about Sanju Samson Lower Performance in T20I

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more