| Monday, 5th January 2026, 10:37 pm

ഒറിജിനലാണെന്ന് തോന്നുന്നേയില്ല, അത്രക്ക് ആര്‍ട്ടിഫിഷ്യലായിട്ടുണ്ട്... ബോര്‍ഡര്‍ 2വിലെ ട്രോള്‍ മെറ്റീരിയലായി വരുണ്‍ ധവാന്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമാലോകം കണ്ട ചരിത്രവിജയമായിരുന്നു 1997ല്‍ പുറത്തിറങ്ങിയ ബോര്‍ഡര്‍. ജെ.പി ദത്ത അണിയിച്ചൊരുക്കിയ ചിത്രം ഇന്ത്യയൊട്ടാകെ വന്‍ വിജയമായി മാറി. 1971ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. അതുവരെ വന്നതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലെത്തിയ ചിത്രം വന്‍ വിജയം സ്വന്തമാക്കി.

29 വര്‍ഷങ്ങള്‍ക്ക് ശേഷം ബോര്‍ഡറിന് രണ്ടാം ഭാഗമൊരുങ്ങുകയാണ്. ആദ്യ ഭാഗത്തെപ്പോലെ 1971ലെ യുദ്ധം തന്നെയാണ് ബോര്‍ഡര്‍ 2വിന്റെയും പ്രമേയം. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് പ്രതീക്ഷിച്ച വരവേല്പല്ലായിരുന്നു ലഭിച്ചത്. വി.എഫ്.എക്‌സിന്റെ അതിപ്രസരം കാരണം ടീസര്‍ ട്രോള്‍ മെറ്റീരിയലായി മാറി. കഴിഞ്ഞദിവസം പുറത്തുവിട്ട ഗാനത്തിനും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

വരുണ്‍ ധവാന്‍ ബോര്‍ഡര്‍ 2 Phot: Screen grab/ T Series

ബോര്‍ഡറിലെ ഹിറ്റ് ഗാനമായ ‘സന്ദേശേ ആത്തേ ഹേ’യുടെ റീബൂട്ട് വേര്‍ഷനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ലിറിക്കല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വരുണ്‍ ധവാനാണ് ട്രോളന്മാരുടെ പ്രധാന ഇര. നാച്ചുറല്‍ അഭിനയമാണെന്ന് കാണിക്കാന്‍ വേണ്ടി മനപൂര്‍വം വിനയം മുഖത്തു വരുത്തുകയാണെന്നാണ് വരുണിനെതിരെയുള്ള പ്രധാന വിമര്‍ശനം.

ഇന്ത്യ കണ്ട ഏറ്റവും വലിയ ക്ലാസിക്കായ ബോര്‍ഡറിന് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ കുറച്ചെങ്കിലും അഭിനയിക്കാന്‍ അറിയാവുന്ന നടനെ കാസ്റ്റ് ചെയ്തുകൂടെയെന്നും ചോദ്യങ്ങളുണ്ട്. നെപ്പോ കിഡ്ഡിനെ പ്രൊമോട്ട് ചെയ്യാന്‍ നല്ലൊരു സിനിമയെ ഇല്ലാതാക്കണമോ എന്നും ചിലര്‍ ചോദിക്കുന്നു. ആദ്യ ഭാഗത്തില്‍ അക്ഷയ് ഖന്ന അവതരിപ്പിച്ച ധരംവീര്‍ എന്ന കഥാപാത്രത്തെ വരുണ്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും ചില പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

പഴയ ഗാനത്തെ റീബൂട്ട് ചെയ്ത് അവതരിപ്പിച്ചത് ഗംഭീരമായിട്ടുണ്ടെന്നും എന്നാല്‍ വിഷ്വല്‍ ക്വാളിറ്റിയില്‍ ആദ്യ ഭാഗത്തിന്റെ ഏഴയലത്ത് എത്തിയിട്ടില്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. ബോര്‍ഡര്‍ 2വില്‍ പലരുടെയും ഇര വരുണ്‍ ധവാനാണ്. ടീസറില്‍ വരുണിന്റെ ഗണ്‍ ഫയറിങ് സീനെല്ലാം ട്രോളന്മാരുടെ ഇരയായി മാറിയിരുന്നു.

ബോളിവുഡിലെ പഴയകാല സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍ ധവാന്‍. കരണ്‍ ജോഹര്‍ അണിയിച്ചൊരുക്കിയ സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ് വരുണ്‍ സിനിമാലോകത്തേക്കെത്തിയത്. ഒക്ടോബര്‍, ബദ്‌ലാപൂര്‍ എന്നീ സിനിമകളൊഴികെ മറ്റെല്ലാ ചിത്രങ്ങളിലും വരുണിന്റെ പ്രകടനം വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ബോര്‍ഡര്‍ 2വിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് പലരുടെയും നിരീക്ഷണം.

Content Highlight: Varun Dhawan’s performance in Border 2 song getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more