ബോളിവുഡിലെ നെപ്പോ കിഡ്ഡുകളിലൊരാളാണ് വരുണ്‍ ധവന്‍. നെപ്പോ പ്രൊഡക്ടുകളെ എപ്പോഴും കൈപിടിച്ചുയര്‍ത്തുന്ന കരണ്‍ ജോഹറാണ് വരുണിനെയും പരിചയപ്പെടുത്തിയത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ആരംഭിച്ച കരിയറാണ് വരുണിന്റേത്. ആദ്യസിനിമ തന്നെ ബ്ലോക്ക്ബസ്റ്ററാക്കി വരുണിന് പിന്നീട് നിരവധി സിനിമകള്‍ ലഭിച്ചു.
സിനിമയിലേക്ക് കടന്നുവന്ന് ആദ്യത്തെ ആറ് വര്‍ഷം വരുണിന് നല്ല സമയമായിരുന്നു. നായകനായെത്തിയ സിനിമകളെല്ലാം ഹിറ്റാക്കിയ വരുണിന് ഇപ്പോള്‍ അത്ര നല്ല കാലമല്ല. കഴിഞ്ഞദിവസം വരുണിന്റേതായി പുറത്തിറങ്ങിയ യേ ജവാനി തോ ഇഷ്‌ക് ഹേ പരാജയത്തിലേക്ക് കുതിക്കുകയാണ്. വളരെ മോശം അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇതോടെ ഹാട്രിക് പരാജയമാണ് വരുണ്‍ ധവാന്‍ നേരിടുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ സണ്ണി സന്‍സ്‌കാരി കി തുള്‍സി കുമാരി, ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ബോര്‍ഡര്‍ 2 എന്നിവ ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയമായിരുന്നു. പുതിയ ചിത്രവും പരാജയമായതോടെ വരുണിന്റെ ബോക്‌സ് ഓഫീസ് നിലനില്‍പ് സംശയത്തിലായിരിക്കുകയാണ്.
സണ്ണി സന്‍സ്‌കാരിക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ ബേബി ജോണും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. വിജയ്‌യുടെ ഹിറ്റ് ചിത്രമായ തെരിയുടെ റീമേക്കായിരുന്നു ബേബി ജോണ്‍. മാസ് ഹീറോയിലേക്കുള്ള വരുണിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ അമ്പേ പരാജയമായിരുന്നു. ഇപ്പോഴിതാ തുടര്‍ച്ചയായ അഞ്ചാമത്തെ പരാജയവും വരുണ്‍ നേരിടുകയാണ്.
ഇന്ത്യന്‍ സിനിമയില്‍ ഓടിപ്പഴകിയ ഒരു നായകനും രണ്ട് നായികയും എന്ന പഴഞ്ചന്‍ ഫോര്‍മുലയാണ് യേ ജവാനി തോ ഇഷ്‌ക് ഹേയിലും. വരുണിന്റെ പിതാവ് ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 60 കോടിയിലേറെ ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ വെറും 30 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.
നെപ്പോ കിഡ്ഡുകള്‍ക്ക് ലഭിക്കുന്ന എല്ലാ പ്രിവിലേജുകളിലൂടെയും മുന്നോട്ടു വന്ന വരുണ്‍ ധവാന് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് ചുവടുപിഴച്ച വരുണ്‍ തിരിച്ചുവരുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഇനിയങ്ങോട്ട് നല്ല സ്‌ക്രിപ്റ്റുകള്‍ നോക്കി തെരഞ്ഞെടുത്തില്ലെങ്കില്‍ താരത്തിന്റെ നിലനില്പ് അപകടത്തിലാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Varun Dhawan facing continuous fifth flop in his career
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ