| Monday, 20th April 2026, 11:40 am

ഇന്ന് ഒരുപാട് പേര്‍ കരയുന്നത് ഞാന്‍ കണ്ടു; വിജയത്തെക്കുറിച്ച് വരുണ്‍ ചക്രവര്‍ത്തി

ശ്രീരാഗ് പാറക്കല്‍

2026ലെ ഐ.പി.എല്ലില്‍ തങ്ങളുടെ ആദ്യ വിജയം രേഖപ്പെടുത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത വിജയിച്ചത്. മത്സരത്തില്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച് അവര്‍ഡ് സ്വന്തമാക്കിയത്.

സമ്മാനദാന ചടങ്ങില്‍ താരം വിജയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വിജയം വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ഒരുപാട് പേര്‍ കരയുന്നത് കണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ ഐ.പി.എല്‍ കിരീടം നേടിയപ്പോള്‍ പോലും കാണാത്തതായിരുന്നു അതെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ താരങ്ങള്‍ക്ക് പരിക്ക് പറ്റിയത് ടീമിന് വലിയ തിരിച്ചടിയായെന്നും വരുണ്‍ പറഞ്ഞു.

‘ഈ വിജയം വളരെ പ്രധാനപ്പെട്ടതാണ്, ഇന്ന് ഒരുപാട് പേര്‍ കരയുന്നത് ഞാന്‍ കണ്ടു, 2024 ഐ.പി.എല്‍ ജയിച്ചപ്പോള്‍ പോലും നമ്മള്‍ കണ്ടിട്ടില്ലാത്തത്. ഞങ്ങള്‍ വിജയിക്കാന്‍ കഴിഞ്ഞില്ല, ഞങ്ങള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്, അത് കളിക്കാരെ ബാധിക്കുന്നു.

ഒടുവില്‍, ഇന്ന് ഞങ്ങള്‍ മത്സരം ജയിച്ചു. നിരവധി മേഖലകളില്‍ മെച്ചപ്പെടാനുണ്ട്, കാരണം ഞങ്ങള്‍ ഈ ടൂര്‍ണമെന്റ് ആരംഭിച്ചത് നിരവധി പരിക്കുകളോടെയാണ്, ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പുതന്നെ അത് ഞങ്ങളെ തളര്‍ത്തി,’ മത്സര ശേഷം വരുണ്‍ പറഞ്ഞു.

മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കാര്‍ത്തിക് ത്യാഗി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചു. സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും നേടി. ഇംപാക്ട് ആയി ഇറങ്ങിയ വരുണ്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുനല്‍കിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. 3.50 എന്ന കിടിലന്‍ എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. മത്സരത്തിലെ താരവും വരുണായിരുന്നു.

Content Highlight: Varun Chakravarthy Talking About Victory Against Rajasthan Royals

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more