| Monday, 18th August 2025, 4:56 pm

സൂര്യകുമാര്‍ യാദവ് ഈ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ പോലെ: വരുണ്‍ ചക്രവര്‍ത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ടി – 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പോലെയാണെന്ന് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. രോഹിത്തിനെ പോലെ തന്നെ സൂര്യയും ബൗളര്‍മാര്‍ക്ക് സമ്മര്‍ദം നല്‍കാറില്ലെന്നും ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു. റേവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചക്രവര്‍ത്തി.

‘സൂര്യ രോഹിത് ശര്‍മയോട് വളരെ സാമ്യമുള്ള ഒരു നായകനാണ്. അദ്ദേഹം വളരെ ടാക്റ്റിക്കലായ ഒരു ക്യാപ്റ്റനാണ്. ഒരുപക്ഷേ അത് മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള സമയത്ത് മികച്ച ക്യാപ്റ്റന്മാരില്‍ നിന്ന് അദ്ദേഹം പഠിച്ചതുകൊണ്ടാകാം. തന്റെ ബൗളര്‍മാരുടെ മേല്‍ ഒരിക്കലും സമ്മര്‍ദം ചെലുത്താറില്ല. സൂര്യയെ പോലുള്ള ഒരു ക്യാപ്റ്റനെ ലഭിക്കുന്നതില്‍ ഏതൊരു ബൗളറും സന്തോഷിക്കും,’ ചക്രവര്‍ത്തി പറഞ്ഞു.

വരുണ്‍ ചക്രവര്‍ത്തി 2021ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ താരത്തിന് ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ കഴിഞ്ഞിരുന്നില്ല. 2021 ടി – 20 ലോകകപ്പിന് മുന്നോടിയായി ടീമില്‍ നിന്ന് പുറത്തായ താരം 2024ലാണ് പിന്നീട് ഇന്ത്യന്‍ കുപ്പായത്തില്‍ തിരിച്ചെത്തുന്നത്.

അപ്പോഴേക്കും ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വന്നിരുന്നു. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനും സൂര്യകുമാര്‍ യാദവ് നായകനുമായി എത്തി. ആ വര്‍ഷം വരുണ്‍ ചക്രവര്‍ത്തി 17 വിക്കറ്റുകളാണ് ഇന്ത്യന്‍ ടീമില്‍ നേടിയത്.

തന്റെ ഈ തിരിച്ച് വരവില്‍ ഗൗതം ഗംഭീറിനും സൂര്യകുമാര്‍ യാദവിനും വലിയ പങ്കുണ്ടെന്നും ചക്രവര്‍ത്തി ഈ അഭിമുഖത്തില്‍ പറഞ്ഞു. ‘ഞാന്‍ നിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നും നിന്നെ ടീമില്‍ എനിക്ക് ഉള്‍പ്പെടുത്താന്‍ ആഗ്രഹമുണ്ടെന്നും’ സൂര്യ ബംഗ്ലാദേശ് പരമ്പരക്ക് മുമ്പ് തന്നോട് പറഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘സൂര്യക്കും ഗൗതി ഭായിക്കും (ഗൗതം ഗംഭീര്‍) എന്നെ ടീമില്‍ ആവശ്യമുള്ളതുകൊണ്ടാണ് എന്റെ തിരിച്ചുവരവ് സാധ്യമായത്. അവര്‍ ഇരുവരും എനിക്ക് പ്രചോദനം തന്നു. അവരുടെ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്,’ ചക്രവര്‍ത്തി പറഞ്ഞു.

Content Highlight: Varun Chakravarthy says that Surya Kumar Yadav is similar to Rohit Sharma

Latest Stories

We use cookies to give you the best possible experience. Learn more