സ്വന്തം മണ്ണില്‍ നടക്കുന്ന ടി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനത്തേക്കടുക്കുകയാണ്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനുറച്ചാണ് സൂര്യയും സംഘവും കളത്തിലിറങ്ങുന്നത്. 2024ല്‍ നേടിയ കിരീടനേട്ടം 2026ലും ആവര്‍ത്തിക്കാനുള്ള കരുത്തുമായാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ പോരിന് കച്ചമുറുക്കുന്നത്.
2024ല്‍ നിന്നും 2026ലേക്കെത്തുമ്പോള്‍ പല മാറ്റങ്ങളും ഇന്ത്യന്‍ ടീമിലുണ്ട്. ടി-20 ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവത്തെ പുതിയ താരോദയങ്ങളിലൂടെ മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇതിന് പുറമെ സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഡീഷനാണ് ഇന്ത്യന്‍ നിരയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നത്.
വരുണ്‍ ചക്രവര്‍ത്തി. Photo: BCCI/x.com
നിലവില്‍ ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള വരുണ്‍ ചക്രവര്‍ത്തി എതിരാളികളുടെ പേടിസ്വപ്‌നമാകുമെന്നുറപ്പാണ്. ഇന്ത്യന്‍ നിരയില്‍ ടി-20 ഫൈഫറുള്ള രണ്ട് താരങ്ങളില്‍ ഒരാള്‍കൂടിയാണ്. കുല്‍ദീപ് യാദവാണ് അന്താരാഷ്ട്ര ടി-20യില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മറ്റൊരു ഇന്ത്യന്‍ താരം. രണ്ട് പേരും രണ്ട് തവണ വീതം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
കുല്‍ദീപ് യാദവ്
2024ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും 2025ല്‍ ഇംഗ്ലണ്ടിനെതിരെയുമാണ് ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലായിരുന്നു ചക്രവര്‍ത്തി തന്റെ അന്താരാഷ്ട്ര ടി-20 കരിയറില്‍ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ താരം 17 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
വരുണ്‍ ചക്രവര്‍ത്തി. Photo: BCCI/x.com
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 124 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് ആറ് പന്തും മൂന്ന് വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കി.
പ്രോട്ടിയാസ് നിരയില്‍ ആകെ വീണ ഏഴ് വിക്കറ്റില്‍ അഞ്ചും പിഴുതെറിഞ്ഞത് വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. റീസ ഹെന്‍ഡ്രിക്‌സ്, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍, ഹെന്‌റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരെയാണ് ചക്രവര്‍ത്തി പുറത്താക്കിയത്.
അടുത്ത വര്‍ഷം ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലും താരം ഫൈഫറുമായി തിളങ്ങി. രാജ്‌കോട്ടില്‍ നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റേതടക്കം അഞ്ച് വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്.
നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയായിരുന്നു വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനം. ബട്‌ലറിന് പുറമെ ജെയ്മി സ്മിത്, ജെയ്മി ഓവര്‍ടണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരാണ് വരുണിനോട് തോറ്റ് പുറത്തായത്.
വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെ ആഹ്ലാദം. Photo: BCCI/x.com
എന്നാല്‍ താരത്തിന്റെ ആദ്യ ഫൈഫര്‍ പിറന്ന മത്സരത്തിലേതെന്ന പോലെ ഇത്തവണയും ഇന്ത്യയ്ക്ക് പരാജയം നേരിടേണ്ടി വന്നു. 26 റണ്‍സിനായിരുന്നു തോല്‍വി.
മത്സരം പരാജയപ്പെട്ടെങ്കിലും മികച്ച ബൗളിങ് പ്രകടനം വരുണ്‍ ചക്രവര്‍ത്തിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിക്കൊടുത്തിരുന്നു.
നിലവില്‍ ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച ബൗളര്‍ തന്റെ രണ്ടാം ടി-20 ലോകകപ്പിന് കളത്തിലിറങ്ങുകയാണ്, അതും സ്വന്തം മണ്ണില്‍. ലോകകപ്പിന്റെ പത്താം എഡിഷനില്‍ ലെഗ് ബ്രേക്കറുടെ മാജിക്കിന് തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Content Highlight: Varun Chakravarthy’s brilliant bowling against SA and ENG